- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകൃതിദുരന്തങ്ങളും കോവിഡിന്റെ പ്രഹരവും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു; 2020 ലെ വളർച്ചാ നിരക്ക് താഴേക്ക്; വെറും 3.45 % മാത്രം; 9 മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടി രൂപ; കാർഷിക മേഖലയുടെ വളർച്ച പിന്നോട്ട് തന്നെ; ലോക്ക്ഡൗൺ ചെറുകിട ഇടത്തരം മേഖലയെ തകിടം മറിച്ചു; നിരാശയുടെ കണക്കുകളുമായി സാമ്പത്തിക സർവേ റിപ്പോർട്ട്
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങൾക്ക് പിന്നാലെ വന്ന കോവിഡിന്റെ പ്രഹരം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപിച്ച ആഘാതം ചില്ലറയല്ല. 2020 ലെ സംസ്ഥാനത്തിന്റെ വളർച്ചാ നിരക്ക് താഴേക്കെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. വളർച്ചാ നിരക്ക് വെറും 3.45 % മാത്രം. മുൻ വർഷം ഇത് 6.49 % ആയിരുന്നു. സാമ്പത്തിക സർവേ നിയമസഭയിൽവച്ചു. പ്രകൃതി ദുരന്തങ്ങൾ സമ്പദ് ഘടനയെ ബാധിച്ചുവെന്നും അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ സമ്പദ് വ്യവസ്ഥ 26% ചുരുങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാർഷിക മേഖലയുടെ വളർച്ച നെഗറ്റീവായി (6.62%) തുടരുന്നു.
ഉൽപാദന മേഖലയിലെ വളർച്ച 1.5 ശതമാനമാണ്. കോവിഡ് ലോക്ക്ഡൗൺ കാലത്തെ അടച്ചിടൽ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയെ സാരമായി തന്നെ ബാധിച്ചു. വിനോദസഞ്ചാരമേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. 2020ലെ ഒൻപതു മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടിയാണ്. റവന്യുവരുമാനത്തിൽ 2629 കോടിയുടെ കുറവുണ്ട്. ശമ്പളം, പലിശ, പെൻഷൻ ചെലവുകൾ ഉയർന്നു. സംസ്ഥാനത്ത് കടബാധ്യതയും കൂടി. സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടിയായി ഉയർന്നു. ആഭ്യന്തര കടത്തിന്റെ വർധന 9.91 ശതമാനമാണ്. തൊഴിലില്ലായ്മ നിരക്ക് ഒൻപത് ശതമാനമായി.
പ്രകൃതിദുരന്തങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ മുരടിപ്പിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് സമ്പദ് വ്യവസ്ഥയെ സാരമായിത്തന്നെ ബാധിക്കും. വിലക്കയറ്റം സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂട്ടി. കാർഷിക മേഖലയുടെ വളർച്ച താഴോട്ടാണെങ്കിലും കൃഷിഭൂമിയുടെ അളവ് വർധിച്ചത് ശുഭകരമാണ്. നെല്ല് ഉൽപാദനം കൂടി എന്നത് നേട്ടമായി കണക്കാക്കാം.
2020 ലെ 9 മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടി രൂപയാണ്. റവന്യൂ വരുമാനത്തിൽ 2629 കോടി രൂപയുടെ കുറവ് ഉണ്ടായി. കേന്ദ്ര നികുതികളുടെയും ഗ്രാന്റുകളുടെയും വിഹിതത്തിലും കുറവ് വന്നു. തനത് നികുതി വരുമാനത്തിലും കുറവുണ്ടായി. കോവിഡ് മൂലം പ്രവാസികൾ കൂട്ടത്തോടെ തിരികെ വന്നത് മറ്റൊരു പ്രതിസന്ധിയായെന്ന് റിപ്പോർട്ടിൽ പറയുന്നു.. ആകെ പ്രവാസികളുടെ 60 ശതമാനവും മടങ്ങിയെത്തിയെന്നാണ് സാമ്പത്തിക സർവേയിലെ വിലയിരുത്തൽ. 2018-ലെ മൈഗ്രഷൻ സർവ്വ അനുസരിച്ച് 12.95 ലക്ഷം പേർ തിരിച്ച് വന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ