- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ തുടർഭരണമോ അതോ ഭരണമാറ്റമോ? ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും; ഓരോ മണ്ഡലത്തിലും ഉള്ളത് നാലായിരത്തോളം തപാൽ വോട്ടുകൾ; ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്ത് എണ്ണുക എട്ടരയോടെ; ആദ്യ ഫലസൂചനകൾ ഒമ്പത് മണിയോടെ അറിയാം; ഉച്ചയോടെ സംസ്ഥാനം ആരു ഭരിക്കുമെന്ന ചിത്രം തെളിയും
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ കേരളം ആരു ഭരിക്കുമെന്ന് നാളെ അറിയാം. തുടർഭരണമാണോ അതോ ഭരണമാറ്റമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ. കോവിഡ് ഭീതിക്കിടെയും ആകാംക്ഷയുടെ നെറുകയിലാണ് മലയാൡൾ. തുടർഭരണം ഉണ്ടായാൽ അത് കേരള ചരിത്രത്തിൽ പുതിയ അധ്യായമാകും. പിണറായി വിജയൻ കൂടുതൽ കരുത്തനായി അധികാരത്തിലെത്തും. മറുവശത്ത് പിണറായി ഭരണം അവസാനിപ്പിക്കാൻ ചെന്നിത്തലയ്ക്ക് സാധിക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എക്സിറ്റ് പോളുകൾ പല വിധത്തിലുള്ള വിലയിരുത്തലുകൾ നടത്തുമ്പോഴും ചെന്നിത്തല ആത്മവിശ്വാസത്തിലാണ്. അങ്ങനെയായാൽ ചെന്നിത്തല എന്ന പുതിയ ഭരണനേതാവിന്റെ തേരോട്ടത്തിന്റെ തുടക്കവുമാകും.
957 സ്ഥാനാർത്ഥികളാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 40,771 ബൂത്തുകൾ രണ്ട് കോടിയിലധികം വോട്ടുകൾ പോൾ ചെയ്തു. ദിവസങ്ങളുടെ കാത്തിരിപ്പ് അവസാന ലാപ്പിലേക്ക് കടുക്കകയാണ്. കേരളത്തിന്റെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സായുധസേനയുടെ സുരക്ഷയിൽ കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരിക്കുന്ന ഇലട്രോണിക് വോട്ടിങ് യന്ത്രങ്ങൾ രാവിലെ ആറ് മണിക്ക് പുറത്തെടുക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങും.
എട്ടുമണിക്ക് ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ തപാൽ വോട്ടുകളുണ്ട്. ഇവയെണ്ണാൻ അഞ്ച് മുതൽ എട്ട് വരെ മേശകൾ ക്രമീകരിച്ചു. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും. ഒരു റൗണ്ടിൽ 21 ബൂത്തുകളെണ്ണും. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ എന്ന സോഫ്റ്റ്വയറിലാണ് അപ്ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്സൈറ്റിലേക്കും. കഴിഞ്ഞതവണ ട്രെൻഡ് എന്ന സോഫ്റ്റ്വയറായിരുന്നുവെങ്കിലും ഇത്തവണ അതില്ല. പകരമുള്ള സോഫ്റ്റ്വയർ വഴി വിവരം നൽകുമെന്നാണ് കമ്മീഷന്റെ വിശദീകരണം.
ഭൂരിപക്ഷം കുറയുന്ന മണ്ഡലങ്ങളിൽ തപാൽ വോട്ടുകൾ നിർണ്ണായകമാകും. ഇവിടെ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം മണ്ഡലങ്ങളിലെ അന്തിമഫലം വൈകും. തർക്കങ്ങളില്ലാത്ത മണ്ഡലങ്ങലിൽ ഉച്ചയോടെ അന്തിമഫലം വരും.
വോട്ടെണ്ണൽ രാവിലെ എട്ടു മുതൽ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടു മുതലാണ് തുടങ്ങുക. രാവിലെ എട്ടിന് തപാൽ വോട്ടുകളും എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. പത്തുമണിയോടെ ആദ്യ ഫലസൂചന ലഭിക്കുമെന്നാണു പ്രതീക്ഷ. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു വോട്ടെണ്ണലിന്റെ നടപടിക്രമങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളും ഇന്ന് രാവിലെ അണുവിമുക്തമാക്കിയിരുന്നു. ഇന്ന് വോട്ടെണ്ണൽ ജോലികൾക്കു നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരേയും സ്ഥാനാർത്ഥികളുടെ കൗണ്ടിങ് ഏജന്റുമാരായി നിയോഗിച്ചിരിക്കുന്നവരേയും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ടു ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ ഉണ്ടെങ്കിൽ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കൂ.
രാവിലെ ആറിന് സ്ട്രോങ് റൂമുകൾ തുറക്കും. വോട്ടെണ്ണലിനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചിരിക്കുന്ന നിരീക്ഷകന്റെ സാന്നിധ്യത്തിൽ അതതു വരണാധികാരികളാണു സ്ട്രോങ് റൂമുകൾ തുറക്കുന്നത്. തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ടേബിളുകളിലേക്കു മാറ്റും. ബൂത്ത് നമ്പർ ക്രമത്തിലാണു യന്ത്രങ്ങൾ ടേബിളുകളിൽ സജ്ജീകരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ മൂന്നു ഹാളുകളിലായാണു വോട്ടെണ്ണൽ നടക്കുക. ഒരു ഹാളിൽ ഏഴു ടേബിളുകളുണ്ടാകും. ഇങ്ങനെ മൂന്നു ഹാളുകളിലുമായി 21 ടേബിളിലാണ് ഒരു റൗണ്ട് വോട്ടെണ്ണുന്നത്. 15 - 16 റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും.
തപാൽ വോട്ടുകൾ പ്രത്യേക ടേബിളുകളിലായാണ് എണ്ണുക. തിരികെ ലഭിക്കുന്ന തപാൽ വോട്ടുകളുടെ എണ്ണമനുസരിച്ച് ഓരോ കേന്ദ്രത്തിലും നാലു മുതൽ എട്ടു വരെ ടേബിളുകൾ ക്രമീകരിക്കും. ഒരു ടേബിളിൽ ഒരു റൗണ്ടിൽ 500 പോസ്റ്റൽ ബാലറ്റ് വീതം എണ്ണും. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകൾ സ്കാൻ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിക്കും. തപാൽ വോട്ടുകൾ രണ്ടു റൗണ്ടിൽ പൂർത്തിയാകത്തക്കവിധമാണു ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാൽ വോട്ടുകൾ മുഴുവനും എണ്ണി തീർന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക.
ഏതൊക്കെ വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ എണ്ണണമെന്നത് റിട്ടേണിങ് ഓഫിസർ നറുക്കിട്ടു തീരുമാനിക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടും വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണമാകും ഫല നിർണയത്തിന് ഉപയോഗിക്കുക. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വിവിപാറ്റ് കൗണ്ടിങ് ബൂത്ത് ഒരുക്കിയിട്ടുണ്ട്. അഞ്ച് മണിക്കാകും അന്തിമ പ്രഖ്യാുപനം ഉണ്ടാകുക.
ഫലമറിയാൻ വിപുലമായ ക്രമീകരണങ്ങൾ
മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ തെരഞ്ഞെടുപ്പു കമ്മിഷൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ https://results.eci.gov.inൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. 'വോട്ടർ ഹെൽപ്പ്ലൈൻ ആപ്പി'ലൂടെയും ഫലം അറിയാം. മാധ്യമങ്ങൾക്കു തെരഞ്ഞെടുപ്പു ഫലങ്ങൾ അപ്പപ്പോൾ ലഭ്യമാക്കുന്നതിനായി വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രത്യേക മീഡിയാ സെൽ ഒരുക്കിയിട്ടുണ്ട്.
വിജയാഹ്ലാദ പ്രകടനം പാടില്ല
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു പുറത്തോ ജില്ലയുടെ മറ്റു ഭാഗങ്ങളിലോ യാതൊരു വിജയാഹ്ലാദ പ്രകടനങ്ങളോ ആൾക്കൂട്ടമോ അനുവദിക്കില്ലെന്ന് ഡിജിപിയും സർക്കാറും അരിയിച്ചുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള വാരാന്ത്യ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും വീടുകളിൽനിന്നു പുറത്തേക്കിറങ്ങരുത്. പ്രാദേശികമായോ അല്ലാതെയോ യാതൊരു ആഘോഷ, ആഹ്ലാദ പ്രകടനങ്ങളും പാടില്ലെന്നും എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്നും അധികൃതർ അറിയിച്ചുണ്ട്.
ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ ഉൾപ്പെടെയുള്ള ഫീൽഡ് ഓഫീസർമാർ നാളെ മുതൽ പൊലീസ് നടപടികൾക്ക് നേരിട്ട് നേതൃത്വം നൽകും.
പ്രശ്നബാധിത പ്രദേശങ്ങളിൽ ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളിൽ പൊലീസിന്റെ അർബൻ കമാൻഡോ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാൻ ഭീകര വിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി ക്ക് നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്റ്റ്, കേരള പകർച്ചവ്യാധി ഓർഡിനൻസ്, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ നിർദ്ദേശങ്ങൾക്ക് ചൊവ്വാഴ്ച വരെ പ്രാബല്യമുണ്ടായിരിക്കും. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന ഈ നിയന്ത്രണങ്ങളെക്കുറിച്ച് സ്ഥാനാർത്ഥികളെയും രാഷ്ട്രീയ പാർട്ടികളെയും മറ്റും ബോധവാന്മാരാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ