- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളും കോഴിക്കാലും നീട്ടി വോട്ടർമാരെ ചാക്കിട്ട് പിടിക്കുന്നവർ ജാഗ്രതൈ! സ്ഥാനാർത്ഥികളുടെ ചെലവു പരിശോധിക്കാൻ നിരീക്ഷകർ വരുന്നു; പാർട്ടി ചെലവാക്കുന്നതും സ്ഥാനാർത്ഥി ചെലവാക്കുന്നതും രേഖകളായിരിക്കണം
തിരുവനന്തപുരം: ബൂത്തുകളിൽ പണവും കള്ളും ഇറക്കിയുള്ള ചാക്കിട്ട് പിടുത്തം പരിശോധിക്കാൻ നിരീക്ഷകർ എത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചെലവു പരിശോധിക്കാൻ നിരീക്ഷകർ വരുന്നു. ദൈനംദിന കണക്കുകൾ പരിശോധിക്കുകയും ചെലവുകൾ അതതിടങ്ങളിൽ വിലയിരുത്തുകയുമാണു ചെയ്യുക. നിരീക്ഷകരുടെ നിയമന നടപടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ ഗസറ്റഡ് ഉദ്യോഗസ്ഥരെയാണു സാധാരണ നിരീക്ഷകരായി നിയമിക്കുക.
സ്ഥാനാർത്ഥികൾക്കു വേണ്ടി ഗുണകാംകക്ഷികളോ രാഷ്ടീയപാർട്ടികളോ ചെലവാക്കുന്ന തുകയും വരണാധികാരിയെ അറിയിക്കണമെന്നും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ചെലവു ചെയ്ത ആളോ രാഷ്ട്രീയപാർട്ടിയോ എന്തിനു വേണ്ടി എന്നു ചെലവാക്കി എന്നതു സംബന്ധിച്ച വിവരങ്ങൾ സ്ഥാനാർത്ഥി സൂക്ഷിക്കണം. തർക്കമുണ്ടായാൽ ഇതു ഹാജരാക്കണം. അല്ലെങ്കിൽ അതും സ്ഥാനാർത്ഥിയുടെ ചെലവായി കണക്കാക്കും.
സ്ഥാനാർത്ഥിയോ ഏജന്റോ സ്ഥാനാർത്ഥിക്കു വേണ്ടി മറ്റാരെങ്കിലുമോ നാമനിർദേശപത്രിക സമർപ്പണം മുതൽ ഫലപ്രഖ്യാപനം വരെയുള്ള തീയതികളിൽ ചെലവാക്കുന്ന തുകയാണു കണക്കാക്കുക. ബാനർ, ചുവരെഴുത്ത്, അച്ചടി, നോട്ടിസ്, ബാനർ, കമാനം, യാത്ര, തപാൽ, ദൃശ്യ ശ്രവ്യമാധ്യമങ്ങൾ, ഉച്ചഭാഷിണി, യോഗം, വാഹനവാടക തുടങ്ങിയവ ചെലവിൽ ഉൾപ്പെടും. എല്ലാ ചെലവുകൾക്കും ബിൽ അല്ലെങ്കിൽ വൗച്ചറിന്റെ പകർപ്പു നൽകണം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം കണക്കു സമർപ്പിക്കണം.
ഗ്രാമപ്പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്കിലെ സ്ഥാനാർത്ഥികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും. ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിലെ സ്ഥാനാർത്ഥികൾ കലക്ടർക്കുമാണു കണക്കു നൽകേണ്ടത്. ഇപ്രകാരം സമർപ്പിക്കുന്ന കണക്കുകൾ പരിശോധിക്കാൻ 5 രൂപ ഫീസ് നൽകുന്ന ആർക്കും അർഹതയുണ്ടാകും. 25 രൂപ ഫീസ് നൽകുന്നവർക്ക് കണക്കിന്റെ ഭാഗികമായോ പൂർണമായോ പകർപ്പും നൽകും.
തിരുവനന്തപുരംന്മ തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികാ സമർപ്പണം ഇന്നു പുനരാരംഭിക്കും. കഴിഞ്ഞ 2 ദിവസം അവധി ആയിരുന്നതിനാൽ പത്രികാ സമർപ്പണം നടന്നില്ല. ആദ്യ 2 ദിവസം സംസ്ഥാനത്താകെ 191 പത്രികകളാണു ലഭിച്ചത്. 19 ആണ് അവസാന തീയതി.
മറുനാടന് ഡെസ്ക്