- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചായത്തു തെരഞ്ഞെടുപ്പിലെ അനുകൂല കാലാവസ്ഥയും മെയ് മാസത്തിലെ പരീക്ഷകളും കണക്കിലെടുത്ത് ഏപ്രിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ സന്നദ്ധനായി പിണറായി; പിണറായി ഒകെയെങ്കിൽ ഡബിൾ ഒകെയെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും; കേരളം ഒട്ടു വൈകാതെ തെരഞ്ഞെടുപ്പു ചൂടിലേക്ക്
തിരുവനന്തപുരം: പഞ്ചായത്തു തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ വിജയത്തിന്റെ ചുവടു പിടിച്ചു കേരളത്തിൽ ഇടതുമുന്നണി വലിയ ആത്മവിശ്വാസത്തോടയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ എതിരാളികളേക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് എൽഡിഎഫ്. ഇക്കാരണം കൊണ്ടുതന്നെ കേരളത്തിൽ അൽപ്പം നേരത്തെ തെരഞ്ഞെടുപ്പു നടത്തിയാലും കുഴപ്പമില്ലെന്ന ചിന്തയിലാണ് പിണറായി വിജയൻ. ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനാണ്. തന്റെ മനസ്സിലുള്ള ആഗ്രഹം പിണറായി തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിട്ടുണ്ട്
കേരള സർക്കാർ തെരഞ്ഞെടുപ്പിന് സജ്ജമായ സാഹചര്യത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഇക്കുറി നേരത്തെ ആകാനും സാധ്യത കൂടുതലാണ്. ഏപ്രിൽ മാസത്തിൽ തന്നെ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. സി.ബി.എസ്.സി., ഐ.സി.എസ്.സി. പരീക്ഷാക്കാലത്തിനുമുമ്പു വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് ആലോചന.
മെയ് രണ്ടാംവാരത്തോടെ രണ്ടുഘട്ടമായി തിരഞ്ഞെടുപ്പു നടത്താനാണ് ആദ്യം ആലോചിച്ചത്. ഇതിനുശേഷമാണു സി.ബി.എസ്.ഇ. പരീക്ഷാത്തീയതികൾ പ്രഖ്യാപിച്ചത്. മെയ് നാലുമുതൽ ജൂൺ പത്തുവരെയാണ് പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷ. ഈ സാഹചര്യത്തിൽ അതിനുമുമ്പു തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. മാർച്ചിൽ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളുമുണ്ട്. അതിനാൽ ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് കൂടുതൽ സാധ്യത. ഇത് കണക്കുകൂട്ടിയുള്ള ഒരുക്കങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ.
2016-ൽ മെയ് 16-നാണ് വോട്ടെടുപ്പ് നടന്നത്. 19-ന് വോട്ടെണ്ണി. 25-ന് മന്ത്രിസഭ അധികാരമേറ്റു. ഇത്തവണ കേരളത്തിലെ സാഹചര്യവും തിരഞ്ഞെടുപ്പിന് അനുയോജ്യമായ സമയവും അടുത്തയാഴ്ചയെത്തുന്ന കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ ചർച്ചചെയ്യും. രണ്ടുഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതാവും സൗകര്യമെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
അതേസമയം കേരളത്തിനൊപ്പ മൂന്ന് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു നടക്കാനിരിക്കയാണ്. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ വരുംദിവസങ്ങളിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീണറും കമ്മീഷൻ അംഗങ്ങളും സന്ദർശനം നടത്തി സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തും. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാർച്ച് രണ്ടാം വാരം പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നേരത്തെ സൂചിപ്പിച്ചിരുന്നത്. രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പു നടത്താനാണ് ആലോചന. രാഷ്ട്രീയ കക്ഷികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ഭിന്ന ശേഷിക്കാർക്കും 80 വയസ് പിന്നിട്ടവർക്കും പോസ്റ്റൽ ബാലറ്റ് ചെയ്യാൻ സൗകര്യമൊരുക്കും. ഇത് നിർബന്ധമില്ല. പോസ്റ്റൽ ബാലറ്റ് വേണോ എന്നതിൽ അവരവർക്ക് തീരുമാനമെടുക്കാം. കോവിഡ് അടക്കമുള്ള സാഹചര്യത്തിൽ ഒരു ബൂത്തിൽ പരമാവധി ആയിരം വോട്ടർമാരെന്ന് നിജപ്പെടുത്തും. പോളിങ് സ്റ്റേഷനുകളുടെ എണ്ണവും പോളിങ് ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടും. കോവിഡ് പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം റമദാൻ നോമ്പ് കാലത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തരുതെന്ന ആവശ്യവുമായി മുസ്ലിം ലീഗ് നേരത്തെ രംഗത്തുവന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ്. മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം ഏപ്രിൽ, മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടിനിടയാക്കുമെന്ന് ഇ ടി. മുഹമ്മദ് ബഷീർ പറഞ്ഞത്.
നോമ്പ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തിയാൽ പ്രവർത്തകർക്കും സ്ഥാനാർത്ഥികൾക്കും ഒരു പോലെ പ്രയാസമാകുമെന്നായിരുന്നു ഇടിയുടെ പ്രതികരണം. ഗൾഫ് മലയാളികൾക്കും പ്രവാസി വോട്ടവകാശം വേണമെന്നും ലീഗ് ആവശ്യം ഉന്നയിച്ചു. ഗൾഫുകാരെ മാത്രം പ്രവാസി വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് ലീഗ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ