തിരുവനന്തപുരം: നൂറുകോടി ക്ലബ്ബിൽ എത്തിയ ആദ്യ മലയാള സിനിമയെന്ന ഖ്യാതിയോടെ 150 കോടി കളക്ഷനെന്ന ലക്ഷ്യത്തിലേക്ക് കുതിച്ച പുലിമുരുകന് കറൻസി നിരോധനം വരുത്തിയ നഷ്ടം പത്തുകോടി. കേന്ദ്രസർക്കാരിന്റെ നോട്ടുപിൻവലിക്കൽ എല്ലാ മേഖലയിലുമെന്നപോലെ സിനിമാരംഗത്തും വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച റിലീസിങ് തീയതികൾ നീട്ടി നിർമ്മാണം പൂർത്തിയായ ചിത്രങ്ങളുടെ അണിയറക്കാർ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ കാത്തിരിക്കുന്നു. കാണികളെ ആകർഷിക്കാൻ ക്രിസ്മസ്-ന്യൂ ഇയർ കാലം ലക്ഷ്യമിട്ട് ഒരുക്കുന്ന നിരവധി ചിത്രങ്ങളുടെ പ്രവർത്തനം ഇപ്പോൾ ത്രിശങ്കുവിലാണ്.

നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങളിൽ പലതും ദൈനംദിന ഷൂട്ടിങ് ചെലവുകൾക്ക് പണം കണ്ടെത്താനാവാതെ നിർമ്മാണം നിർത്തിവയ്ക്കുന്നു. ഇതിനെല്ലാം പുറമെ നിർമ്മാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമകളും തമ്മിലുള്ള തർക്കംകൂടി തുടങ്ങിയതോടെ സിനിമാലോകം വലിയ തകർച്ച നേരിടുകയാണെന്നാണ് റിപ്പോർട്ടുകൾ.

കറൻസി നിരോധനം വരുംവരെ തിയേറ്ററുകളിൽ ഹൗസ്ഫുള്ളായി ഓടിക്കൊണ്ടിരുന്ന ചിത്രമാണ് മോഹൻലാലിന്റെ പുലിമുരുകൻ. എന്നാൽ നിരോധനത്തിനു ശേഷം കഴിഞ്ഞ രണ്ടാഴ്ചയോളമായി പല തിയേറ്ററുകളിലും ശരാശരി 40-60 ശതമാനം കാണികളുമായാണ് പ്രദർശനം. പ്രതീക്ഷിച്ച കുതിപ്പ് നഷ്ടപ്പെട്ടതോടെ ഏതാണ്ട് പത്തുകോടിരൂപ പുലിമുരുകന് മാത്രം കളക്ഷൻ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

കേരളത്തിൽ മാത്രമല്ല, രാജ്യത്താകെ ചലച്ചിത്ര വ്യവസായത്തെ മൊത്തമായി മരവിപ്പ് ബാധിച്ചിരിക്കുകയാണ്. വൻ വിപണിമൂല്യമുള്ള ഇന്ത്യയുടെ ഷോ ബിസിനസ്സിൽ ശതകോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

പല വൻ ചിത്രങ്ങളുടെയും റിലീസ് നീട്ടിവച്ചിരിക്കുയാണ്. ചിത്രീകരണം പൂർത്തിയാകാറായ ചില ചിത്രങ്ങളുടെ ഷൂട്ടിങ് നിർത്തിവയ്‌ക്കേണ്ടിവന്നു. ക്രിസ്മസ്- ന്യു ഇയർ റിലീസിങ് ലക്ഷ്യമിട്ട് അണിയറയിൽ ഒരുങ്ങിയിരുന്ന ചിത്രങ്ങളുടെ നിർമ്മാതാക്കളെല്ലാം കടുത്ത ആശങ്കയിലാണ്.

ക്രിസ്മസ് കാലം ലക്ഷ്യമിട്ട് ഒരുങ്ങുന്ന സൂപ്പർ താരങ്ങളുടേത് ഉൾപ്പെടെ പല ചിത്രങ്ങളുടേയും നിർമ്മാണം കറൻസിയുടെ ഒഴുക്ക് സാധാരണ നിലയിലായില്ലെങ്കിൽ അടുത്തയാഴ്ചയോടെ നിർത്തിവയ്‌ക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

ആളനക്കമില്ല; ഓടിക്കൊണ്ടിരുന്ന ചിത്രങ്ങൾക്ക് സഡൻ ബ്രേക്ക്

നോട്ടുകളുടെ നിരോധനം വന്നതോടെ കാണികളുടെ ഒഴുക്ക് പിടിച്ചുനിർത്തിയതുപോലെ നിന്നതാണ് പ്രദർശനത്തിലിരുന്ന ചിത്രങ്ങൾക്കും റിലീസിംഗിന് തയ്യാറായ സിനിമകൾക്കും പതിസന്ധിയായതെങ്കിൽ അക്കൗണ്ടിൽ നിന്ന് ആഴ്ച 24,000 രൂപ മാത്രമേ പിൻവലിക്കാനാകൂ എന്നതാണ് നിർമ്മാണത്തിലിരിക്കുന്ന സിനിമകളുടെ അണിയറക്കാരെ വെട്ടിലാക്കിയത്. പ്രദർശനത്തിന് തയ്യാറായ 13 ചിത്രങ്ങളുടെ കാര്യം വളരെ പരിതാപകരമാണ്.

പലയിടത്തുനിന്നും സ്വരൂപിച്ച പണംകൊണ്ട് നിർമ്മാണം തീർത്ത് തയ്യാറായ ചിത്രങ്ങൾ ഇപ്പോൾ തിയേറ്ററുകളിലെത്തിച്ചാൽ കാണികളില്ലാത്തത് വലിയ പ്രശ്‌നമാകും. വിനയന്റെ ബിഗ് ബജറ്റ് ചിത്രം വീരം, ഒരേ മുഖം, ഒരു മെക്‌സിക്കൻ അപാരത, കാപ്പിരിത്തുരുത്ത്, ബഷീറിന്റെ പ്രേമലേഖനം, ഗോൾഡ് കോയിൻസ്, കുട്ടികളുണ്ട് സൂക്ഷിക്കുക, പത്തു കൽപനകൾ, ഗോഡ് സേ, തൃശ്ശിവപ്പേരൂർ കഌപ്തം, അവരുടെ രാവുകൾ, സർവോപരി പാലാക്കാരൻ തുടങ്ങി മഹേഷ് നാരായണൻ ചിത്രംവരെ പ്രദർശനത്തിന് തയ്യാറായി ജനത്തിന്റെ കയ്യിൽ തിയേറ്ററിൽ കയറാൻ കറൻസി എത്തുന്നതും കാത്തിരിക്കുകയാണ്.

പ്രതിസന്ധി തുടങ്ങുമ്പോൾ പുലിമുരുകനും മമ്മുട്ടിയുടെ തോപ്പിൽ ജോപ്പനും ഉൾപ്പെടെ പത്തോളം ചിത്രങ്ങൾ പ്രദർശനത്തിലായിരുന്നു. ബിജു മേനോൻ നായകനായ സ്വർണ്ണക്കടുവ, കവി ഉദ്ദേശിച്ചത്, നവാഗതരുടെ ആനന്ദം എന്നിവയെല്ലാം പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുന്ന വേളയിലായിരുന്നു കറൻസി നിരോധന പ്രഖ്യാപനം ഇടിത്തീയായി വന്നത്.

തോപ്പിൽ ജോപ്പനും പുലിമുരുകനുമെല്ലാം അമ്പതുദിവസം പ്രദർശനം കഴിഞ്ഞെങ്കിലും സ്വർണക്കടുവ മികച്ച അഭിപ്രായത്തോടെ രണ്ടാംവാരത്തിലേക്ക് കടന്നതേ ഉണ്ടായിരുന്നുള്ളൂ. ആനന്ദത്തിന് യുവാക്കൾക്കിടയിൽ സ്വീകാര്യത വന്ന സമയത്താണ് നോട്ടുനിരോധനം വന്നത്. ഇപ്രകാരം തിയേറ്ററിൽ ലാഭത്തിലേക്ക് എത്തിക്കൊണ്ടിരുന്ന ചിത്രങ്ങൾ വൻ തിരിച്ചടി നേരിട്ടു. മറ്റു ഭാഷകളിലെ ചിത്രങ്ങൾക്കും ഇതിലുമേറെയാണ് പ്രതിസന്ധി. മിക്ക ഭാഷകളിലും പ്രധാന റിലീസുകളെല്ലാം മാറ്റിവച്ചു.

തമിഴിൽ ഗൗതം വാസുദേവ് മേനോന്റെ സിമ്പു നായകനായ അച്ചം എൻപത് മടയമെടാ, കാളിദാസ് ജയറാം നായകനായ മീൻകൊളമ്പും മൺപാനയും തുടങ്ങിയ ചിത്രങ്ങൾ റിലീസിനെത്തി നല്ല അഭിപ്രായം നേടിയെങ്കിലും കാണികൾ കാശില്ലാത്തതിനാൽ പടംകാണാനെത്താത്തത് വൻ തിരിച്ചടിയായിരിക്കുകയാണ്. എല്ലായിടത്തും ഈ സാഹചര്യമായതോടെ പല ചിത്രങ്ങളും റിലീസിങ് മാറ്റിവച്ചു. നാദിർഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷൻ, സജിത് ജഗത്‌നന്ദന്റെ ഒരേ മുഖം എന്നിവ റിലീസിങ് മാറ്റിയെങ്കിലും നാദിർഷാ ചിത്രം കഴിഞ്ഞയാഴ്ച റിലീസ് ചെയ്തു. പുലിമുരുകന് മാത്രം നിരോധനത്തിന്റെ ആദ്യ ഒമ്പത് ദിനം കളക്ഷനിൽ പത്തുകോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതിലും ഏറെ മോശമാണ് പ്രദർശനത്തിലുള്ള മറ്റെല്ലാ ചിത്രങ്ങളുടേയും സ്ഥിതി.

ഭക്ഷണം വാങ്ങാൻപോലും കാശില്ല; ചിത്രീകരണത്തിന് അനിശ്ചിത പായ്ക്കപ്പ്

ചിത്രീകരണം നടക്കുന്ന ചിത്രങ്ങളിൽ പലതും അനിശ്ചിതമായി പായ്ക്കപ്പ് പറയേണ്ട സ്ഥിതിതിയിലാണ്. ഇപ്പോഴത്തെ കറൻസി ക്ഷാമവും പണം പിൻവലിക്കൽ നിയന്ത്രണവും എന്നു തീരുമെന്നതിന് യാതൊരു നിശ്ചയവുമില്ല. ദൈനംദിനാവശ്യങ്ങൾക്ക് ശരാശരി സെറ്റിലെ ചെലവ് എതാണ്ട് രണ്ടര ലക്ഷം സാധാരണ പടത്തിന് വേണം. ഇത് കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. നിവിൻപോളി നായകനായ സഖാവിന്റെ ചിത്രീകരണം നോട്ടുക്ഷാമം മൂലം നിർത്തി. മൂന്നാംഘട്ട ചിത്രീകരണം സംവിധായകൻ സിദ്ധാർത്ഥ് ശിവ ഈമാസം 18 മുതൽ പീരുമേട്ടിൽ തുടങ്ങാനിരിക്കുകയായിരുന്നു.

ദിവസം മൂന്നര ലക്ഷത്തോളമായിരുന്നു ചെലവ്. ഇതിൽ രണ്ടര ലക്ഷം ചെക്കായി സാങ്കേതിക പ്രവർത്തകർക്ക് നൽകാമെങ്കിലും ഒരുലക്ഷം മറ്റു ചില്ലറ ആവശ്യങ്ങൾക്ക് ദിവസവും വേണം. പെടാപ്പാടു പെട്ടാലും ഇതുപോലും കിട്ടാത്ത സാഹചര്യം വന്നതോടെയാണ് ഇത്തരത്തിൽ പല ചിത്രങ്ങളും നിർമ്മാണം നിർത്തുന്നത്. ഭക്ഷണം, ലൊക്കേഷൻ വാടക, പാചകക്കാരുടെയും മറ്റു ചെറു ജോലിക്കാരുടെയും പ്രതിഫലം എന്നിവയെല്ലാം കറൻസിയായി തന്നെ നൽകേണ്ടിവരുമെന്നതിനാൽ സാമ്പത്തിക നിയന്ത്രണത്തിൽ ഇളവുണ്ടായാലേ നിർമ്മാണം വീണ്ടും തുടങ്ങാനാകൂ.

അതേസമയം, ജയറാം, ഉണ്ണി മുകുന്ദൻ, പ്രകാശ് രാജ് എന്നിവർ നായകന്മാരാകുന്ന അച്ചായൻസിന്റെ ചിത്രീകരണം മുടക്കമില്ലാതെ തുടരുന്നുണ്ട്. മഞ്ജുവാര്യരെ നായികയാക്കി സംവിധാനം ചെയ്യുന്ന കെയർ ഓഫ് സൈറാ ബാനു, കാളിദാസ് ജയറാം നായകനായ പൂമരം, റാഫി-ഫഹദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റോൾ മോഡൽസ്, ജയസൂര്യയും സിദ്ദിഖും കൈകോർക്കുന്ന ഫുക്രി, ആസിഫ് അലി നായകനാകുന്ന ഹണിബീ ടു എന്നിവയുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ടെങ്കിലും കാര്യം പരുങ്ങലിലാണ്. നാലഞ്ചുദിവസം കൂടി സ്ഥിതി മാറ്റമില്ലാതെ തുടർന്നാൽ ഈ മാസം അവസാനത്തോടെ ഈ ചിത്രങ്ങളും നിർമ്മാണം നിർത്തേണ്ടിവരും.

ഇരട്ട പ്രഹരമായി നിർമ്മാണ-വിതരണ സംഘടനകളുടെ സമരാഹ്വാനം

ഇതിനെല്ലാം പുറമെയാണ് നിർമ്മാണ-വിതരണ സംഘടനകൾ സമരപ്രഖ്യാപനവും നടത്തിയിട്ടുള്ളത്. കേരളത്തിൽ ഇത് അക്ഷരാർത്ഥത്തിൽ സിനിമാ മേഖലയ്ക്ക് കറൻസി നിരോധനത്തിന് പിന്നാലെയുള്ള ഇരട്ടപ്രഹരമായി മാറിയിരിക്കുകയാണ്. കേരള ഫിലീം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ തിയേറ്റർ വിഹിതത്തിൽ നിന്ന് നിർമ്മാതാക്കൾക്ക് നൽകേണ്ട വിഹിതം കുറച്ചതിനെ ചൊല്ലിയാണ് പുതിയ തർക്കം. ഡിസംബർ 16 മുതൽ മലയാള സിനിമാ നിർമ്മാണവും മറ്റു ഭാഷാ ചിത്രങ്ങളുടെ ഉൾപ്പെടെ വിതരണവും നിർത്തിവയ്ക്കുമെന്നാണ് നിർമ്മാണ-വിതരണ സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

നെറ്റ് ഷെയർ വിഹിതത്തിൽ നിന്ന് ഏഴുശതമാനം കുറയ്ക്കാനാണ് തിയേറ്റർ ഉടമകൾ തീരുമാനിച്ചത്. നിലവിൽ എസി തിയേറ്ററിൽ ആദ്യവാരത്തെ ഷെയറിന്റെ 60 ശതമാനവും പിന്നീട് 55 ശതമാനവുമാണ് നിർമ്മാതാക്കൾക്കും വിതരണക്കാർക്കും കിട്ടുക. ഡിസംബർ 16 മുതൽ ഇത് എസി തിയേറ്ററിൽ ആദ്യ ആഴ്ച 52 ശതമാനം, പിന്നീട് 47 ശതമാനം എന്നിങ്ങനെ കുറച്ചു. നോൺ എസി ഉൾപ്പെടെ മറ്റു തീയേറ്ററുകളിലും ആനുപാതിക കുറവ് കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. ഇതോടെയാണ് പുതിയ വിഹിതമേ തരൂ എന്ന് പ്രഖ്യാപിച്ച 16 മുതൽ നിർമ്മാണ, വിതരണ സംഘടനകൾ സിനിമാ പ്രവർത്തനം നിർത്തിവയ്ക്കൽ പ്രഖ്യാപിച്ചത്.

ഇ ടിക്കറ്റിങ് എല്ലാ തീയേറ്ററിലും തുടങ്ങണമെന്നും അടൂർ കമ്മിറ്റി നിർദ്ദേശങ്ങൾ തുടങ്ങണമെന്നും നിർമ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മൾട്ടി പഌക്‌സിലെ പോലെ ഫിഫ്റ്റി ഫിഫ്റ്റി അനുപാതത്തിൽ തിയേറ്റർ വിഹിതം പങ്കുവയ്ക്കണമെന്നാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യം. നെറ്റ് കളക്ഷന്റെ ഘടന മാറ്റിയാൽ വൻ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് നിർമ്മാതാക്കളുടെ നിലപാട്. ഇതോടെ ക്രിസ്മസ് റിലീസ് അവതാളത്തിലായിരിക്കുകയാണ്. നവംബർ അവസാനം റിലീസ് നിശ്ചയിച്ച കുട്ടികളുണ്ട് സൂക്ഷിക്കു, കാംബോജി, പത്തു കൽപനകൾ തുടങ്ങിയ ചിത്രങ്ങളേയും ഇത് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ക്രിസ്മസിന് പണം വാരാൻ എത്തുന്ന ചിത്രങ്ങൾ ത്രിശങ്കുവിൽ

മോഹൻലാൽ, മമ്മുട്ടി, ദിലീപ്, പൃത്ഥ്വിരാജ്, ദുൽഖർ എന്നിവരുടേതടക്കം നിരവധി ചിത്രങ്ങളാണ് ഓണക്കാലം കഴിഞ്ഞാൽ കേരളത്തിലേക്ക് ജനം ഇടിച്ചുകയറുന്ന ക്രിസ്മസ്-ന്യൂ ഇയർ കാലത്ത് തിയേറ്ററുകൾ കീഴടക്കാൻ തയ്യാറാവുന്നത്. പക്ഷേ, ഇവയിൽ പലതും നിർമ്മാണഘട്ടത്തിൽതന്നെ പ്രതിസന്ധി നേരിടുന്നു. തിയേറ്ററിൽ എത്തിയാൽ വൻ ലാഭം ഉണ്ടാകുമെന്നോ ജനത്തിന്റെ തള്ളിക്കയറ്റം ഉണ്ടാകുമെന്നോ ഇപ്പോൾ പ്രതീക്ഷയില്ല.

അതിനാൽതന്നെ ഇവയുടെ അണിയറ പ്രവർത്തരെല്ലാം ആകെ നിരാശയിലാണ്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ വൻ വിജയമാകുമെന്ന് ആരാധകരും സിനിമയുടെ പ്രവർത്തകരും കരുതുന്നുണ്ട്. ഒപ്പം, പുലിമുരുകൻ പടങ്ങൾ ലാലിന് നേടിക്കൊടുത്ത പുതിയ മൈലേജ് പ്രയോജനമാകുമെന്ന് കരുതി ഇരിക്കുമ്പോഴാണ് കറൻസി നിരോധനം തിയേറ്ററുകളിൽ ആലസ്യമായി പടർന്നത്.

അനീഫ് അദേനിയെന്ന പുതിയ സംവിധായകന്റെ ചിത്രമാണ് മമ്മുട്ടിയുടെ ദ ഗ്രേറ്റ് ഫാദർ. ഈ എന്റർടെയ്ന്മെന്റ് ചിത്രത്തിനു പുറമെ പൃത്ഥ്വിയുടെ എസ്രയെന്ന ഹൊറർ ത്രില്ലർ, ദിലീപിന്റെ ജോർജേട്ടൻസ് പൂരംമെന്ന കോമഡി എന്റർട്ടെയ്‌നർ, ദുൽഖറും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ജോമോന്റെ സുവിശേഷം എന്നിവയാണ് മറ്റ് ക്രിസ്മസ് ഹൈലൈറ്റ് ചിത്രങ്ങൾ. സിനിമാ രംഗത്തെ പുതിയ തർക്കവും ആളുകളുടെ തള്ളിക്കയറ്റം ഇല്ലാതായാൽ അതും ഈ സിനിമകളെയെല്ലാം ദോഷകരമായി ബാധിക്കും. അപ്രതീക്ഷിതമായി ഉണ്ടായ ഈ പ്രതിസന്ധികൾ ഇടക്കാലത്ത് പിടഞ്ഞുണർന്ന മലയാള സിനിമാരംഗത്തിന് വൻ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിനിമാ പ്രവർത്തകർ.