തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളിൽ സെക്കൻഡ് ഷോ നടത്താൻ അനുമതി. തീയറ്ററുകളുടെ പ്രവർത്തനസമയം ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 വരെയാക്കിയാണ് സർക്കാർ അനുമതി നൽകിയത്.നേരത്തെ സെക്കൻഡ് ഷോ അനുവദിക്കാത്തതിനാൽ തിയേറ്ററുകൾ അടച്ചിടുമെന്ന് ഉടമകൾ അറിയിച്ചിരുന്നു.

സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിൽനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും പൂട്ടുമെന്ന നിലപാടിലായിരുന്നു ഉടമകൾ. മാർച്ച്‌ വരെ അനുവദിച്ച വിനോദ നികുതി ഇളവ് തുടരണമെന്നും തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. ഒരു തരത്തിലും തിയേറ്റർ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നത്.

പ്രതിസന്ധി രൂക്ഷമായതോടെയാണ്‌ കഴിഞ്ഞയാഴ്ച റിലീസ് ചെയ്യാനിരുന്ന ‘കള', ‘ടോൾ ഫ്രീ', ‘അജഗജാന്തരം', ‘ആർക്കറിയാം' ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ റിലീസ് മാറ്റിവെച്ചത്. അതിനു മുമ്പ്‌ എത്തേണ്ട ‘മരട്', ‘വർത്തമാനം' എന്നീ ചിത്രങ്ങളും റിലീസ് മാറ്റിവെച്ചു. കോവിഡ് പ്രോട്ടോകോളിന്റെ പേരിൽ സർക്കാർ, സിനിമയോടു മാത്രം പ്രത്യേക നയം സ്വീകരിക്കുന്നത് ശരിയല്ലെന്നാണ് ഈ രംഗത്തുള്ളവരുടെ പരാതി.

ബാറുകളും മറ്റു സ്ഥാപനങ്ങളുമൊക്കെ രാത്രി വരെ പ്രവർത്തിക്കുന്നതിൽ സർക്കാർ ഒരു തടസ്സവും കൊണ്ടുവന്നിട്ടില്ല. തീവണ്ടിയിലും ബസിലുമൊക്കെ രാത്രി ദീർഘദൂര യാത്ര ചെയ്യുന്നതിലും തടസ്സങ്ങളില്ല. എന്നാൽ, രാത്രി ഒമ്പതു മണിക്കു ശേഷം തിയേറ്ററുകൾ തുറന്നാൽ മാത്രം കൊറോണ വരുമെന്ന മട്ടിലാണ് അധികൃതരുടെ നിലപാടുകളെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.