തൊടുപുഴ: പ്രളയ ദുരിതാശ്വാസത്തിന്റ പേരിൽ ബസുകളിൽ നിന്നും പണ പിരിവ് നടത്തിയ ശേഷം വളരെ ചെറിയ തുക മാത്രം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തൊടുപുഴയിലെ ചില ബസ് ഉടമകൾക്കെതിരെ അന്വേഷണം ആരംഭിച്ചു. 11 ബസുകളിൽ ബക്ക്റ്റ് പിരിവ് നടത്തിയ ഒരു ബസ് ഉടമ നിസ്സാര തുക മാത്രമാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഇനിനെക്കുറിച്ചും സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

11 ബസുകളിൽ ബക്കറ്റ് പിരിവ് നടത്തിയ ബസ് ഉടമ കൈമാറിയത് നാല് ബസിലെ മാത്രം കളക്ഷനായ 40,000 രൂപയാണ്. എന്നാൽ ഇക്കഴിഞ്ഞ മൂന്നിന് ഇവർ തങ്ങളുടെ 11 ബസുകളിൽ നിന്നും ബക്കറ്റ് പിരിവിലൂടെ ടിക്കറ്റ് നിരക്കിന്റെ മൂന്നിരട്ടി വാങ്ങിയിരുന്നതായാണ് റിപ്പോർട്ട്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ യോഗം ആരോപണം ഉന്നയിച്ച ചില അംഗങ്ങൾ ബഹിഷ്‌കരിച്ചു.

ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് തൊടുപുഴയിലെ ബസ് ഉടമകൾ യാത്രക്കാരിൽ നിന്നും ബക്കറ്റ് പിരിവ് നടത്തിയത്. നല്ല കളക്ഷനുകൾ ലഭിക്കുന്ന റൂട്ടുകളാണ് എല്ലാ ബസുകളുടേയും. എന്നാൽ ബക്കറ്റിൽ പിരിച്ചെടുത്ത തുകയിൽ പകുതിപോലും ദുരിതാശ്വാസ നിധിയിലേക്കു ഇവർ കൈമാറിയില്ലെന്നാണ് ആക്ഷേപം. 11 ബസുകളിൽ പിരിവു നടത്തിയ ഒരു ബസുടമ നാലു ബസിന്റെ കലക്ഷൻ മാത്രമാണു നൽകിയതെന്നാണ് ആരോപണം. സാധാരണ ദിവസംപോലും 10,000 മുതൽ 20,000 രൂപ വരെ കലക്ഷൻ ലഭിക്കുന്ന ബസുകളാണെന്നും നാലു ബസിൽനിന്നു 40,000 രൂപ മാത്രമാണു ദുരിതാശ്വാസ നിധിയിലേക്കു നൽകിയതെന്നുമാണ് ആരോപണം.

പിരിവു നടന്ന ദിവസം പതിവിലും ഇരട്ടി കളക്ഷൻ കിട്ടിയെന്നു ബസിലെ ജീവനക്കാർ തന്നെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ ഇതിന്റെ കാൽ ഭാഗം പോലും ദുരിതാശ്വാസ നിധിയിലേക്ക് ഇവർ കൈമാറിയില്ല. ഒരു ബസ് മാത്രമുള്ള പലരും 8500 രൂപ വരെ നൽകിയപ്പോഴാണ് 11 ബസ് ഉള്ളയാൾ 40,000 രൂപ മാത്രം നൽകിയത്.അതേസമയം പണം പിരിച്ചത് ബസ് ഉടമകളാണെന്നനും അതിന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനുമായി ബന്ധമില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.

തൊടുപുഴ മേഖലയിലെ 128 ബസ് ഉടമകളിൽ നിന്ന് 4,44,592 രൂപ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.കെ.തോമസ് പറഞ്ഞു. ഈ തുകയ്ക്കു രസീതും നൽകിയിട്ടുണ്ട്. ബക്കറ്റിൽ എത്ര രൂപ പിരിച്ചെടുത്തുവെന്ന് അറിയാൻ കഴിയില്ല. പിരിച്ചെടുത്ത തുക ദുരിതാശ്വാസത്തിനു നൽകേണ്ടതിന്റെ ധാർമികത ബസ് ഉടമകൾക്കാണെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. അതേസമയം ദുരിതാശ്വാസത്തിന്റെ പേരിൽ പണം പിടുങ്ങിയ ബസ് ഉടമകളെ പൂട്ടാനും തക്ക ശിക്ഷ തന്നെ നൽകുവാനുമാണ് സർക്കാർ തീരുമാനം.