ന്യുഡൽഹി: കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളെ വിമർശിച്ച് സുപ്രീംകോടതി. സർക്കാരുകൾ ദുരന്ത നിവാരണത്തിൽ കൂടുതൽ ജാഗ്രത കാണിക്കണണെന്നും സുപ്രീംകോടതി വിമർശിച്ചു. കേരളത്തിലെ പ്രളയത്തിൽ നിന്ന് എല്ലാ സംസ്ഥാനങ്ങളും പാഠം പഠിക്കണം. ദുരന്തനിവാരണത്തിന്റെയും മാർഗരേഖയുടേയും പകർപ്പ് ഒരു മാസത്തിനകം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകി.

എല്ലാ സംസ്ഥാനങ്ങളിലേയും ദുരന്ത നിവാരണ പദ്ധതി സംബന്ധിച്ച് വ്യക്തത വരുത്താൻ ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് മദൻ ബി.ലോകൂർ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. മുഴുവൻ സംസ്ഥാനങ്ങളോടും ദുരന്ത നിവാരണത്തിനായുള്ള പദ്ധതി തയ്യാറാക്കാൻ ആവശ്യപ്പെടണമെന്നും പദ്ധതികൾ അവരവരുടെ വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്യാൻ നിർദ്ദേശിക്കണമെന്നുമായിരുന്നു ഹർജിക്കാരൻ ഉന്നയിച്ചത്.

ദുരന്തമുണ്ടായ ശേഷം ദൈവമേ എന്ന് വിളിച്ചിട്ടും വിധിയെ പഴിച്ചിട്ടും കാര്യമില്ലെന്ന് ജസ്റ്റീസ് മദൻ ബി.ലോകൂർ പറഞ്ഞു. കേരളത്തിലെ പ്രളയത്തിൽ നിന്ന് എല്ലാസംസ്ഥാനങ്ങളും പാഠം പഠിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.