- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു; ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തം; യുഗങ്ങളൊന്നും ആവശ്യമില്ല; നാലോ അഞ്ചോ വർഷം മതി'; ഗാഡ്ഗിൽ മുന്നറിയിപ്പ് നൽകിയത് 2013ൽ; 'ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!' ഭരണകൂടത്തിന്റെ നിസംഗത ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിൽ 2013ൽ നൽകിയ മുന്നറിയിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങൾ കാത്തിരിക്കേണ്ടെന്നുമാണ് ഗാഡ്ഗിൽ അന്ന് പറഞ്ഞത്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന നിസംഗതയാണ് ചർച്ച ചെയ്യപ്പെടുന്നത്.
അതേ സമയം വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളെ വിമർശിച്ച് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ രംഗത്ത്. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ആ റിപ്പോർട്ട് എല്ലാവരും ചേർന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും മാധവ് ഗാഡ്ഗിൽ ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ലക്ഷ്യം രാഷ്ട്രീയനേട്ടം മാത്രമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി താൻ നൽകിയ റിപ്പോർട്ട് നടപ്പിലാക്കാൻ ആർക്കും ആർജ്ജവം ഉണ്ടായിരുന്നില്ല. പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കൂടി ചേർന്നാണ് കേരളത്തെ ഇങ്ങനെയൊരു ദുരന്ത ഭൂമിയാക്കി മാറ്റിയതെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. പശ്ചിമഘട്ടസംരക്ഷിച്ചില്ലെങ്കിൽ ഇനിയും പലതരം ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാവുമെന്നും മാധവ് ഗാഡ്ഗിൽ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പ്രൊജക്ടിനെതിരേയും അതിരൂക്ഷ വിമർശനമാണ് മാധവ് ഗാഡ്ഗിൽ ഉയർത്തുന്നത്. ഇത്തരം മെഗാപ്രൊജക്ടുകൾ കേരളത്തിന് ആവശ്യമുണ്ടോയെന്നും കുറച്ച് യാത്രാസമയം ലാഭിക്കാൻ പ്രകൃതിയെ നശിപ്പിക്കണോയെന്നും മാധവ് ഗാഗിൽ ചോദിക്കുന്നു. വൻകിട നിർമ്മാണങ്ങളല്ല കേരളത്ത് ഇപ്പോൾ ആവശ്യമെന്നും ഗാഡ്ഗിൽ കൂട്ടിച്ചേർത്തു.
മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോഴും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ വ്യാപകമാകുമ്പോഴും ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടിക സംസ്ഥാനത്ത് ചർച്ചയായിരുന്നു. ഓരോ വർഷവും സമാനമായ ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗാഡ്ഗിലിന്റെ വാ്ക്കുകൾ വീണ്ടും ചർച്ചയാകുന്നത്.
'പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.' 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച ഈ ആശങ്കയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
'ഒരിക്കൽ അവർ മാധവ് ഗാഡ്ഗിലിനെ പരിഹസിച്ചു. ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. 2011 ഓഗസ്റ്റ് 31ന് ആണ് കേന്ദ്ര സർക്കാരിനു സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ പിന്നീട് കേരളത്തെ ഇളക്കിമറിച്ച പരിസ്ഥിതി സമസ്യയായി മാറാനായിരുന്നു ഗാഡ്ഗിൽ റിപ്പോർട്ടിനു യോഗം. ഇന്നും ലോകം ആദരവോടെ കാണുന്ന, പരിസ്ഥിതി മേഖലയിലെ എണ്ണം പറഞ്ഞ വിദഗ്ധരിലൊരാളാണു മാധവ് ധനഞ്ജയ ഗാഡ്ഗിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ശരിവയ്ക്കുന്ന ദുരന്തങ്ങളാണ് ഓരോ വർഷവും ഇപ്പോൾ കേരളം നേരിടുന്നതെന്ന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തുന്ന കുറിപ്പുകൾ വ്യക്തമാക്കുന്നു.
മലയാളി പ്രളയത്തെയും ഉരുൾപൊട്ടലുകളെയും നേരിട്ട് തുടങ്ങിയ കഴിഞ്ഞ് പോയ വർഷങ്ങളിൽ എല്ലാം ഈ വാചകവും ഗാഡ്ഗിൽ റിപ്പോർട്ടും മഴ തോരുന്നത് വരെ സോഷ്യൽ ലോകത്ത് നിറഞ്ഞുനിൽക്കുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
കൂട്ടിക്കലിൽ ഉരുൾപൊട്ടിയ പ്രദേശം ഗാഡ്ഗിൽ കമ്മിറ്റി കണ്ടെത്തിയ പരിസ്ഥിതി ദുർബല മേഖലയിലെന്നാണ് റിപ്പോർട്ട്. പാറപൊട്ടിക്കലും നിർമ്മാണവും പൂർണമായും നിരോധിക്കേണ്ട പ്രദേശങ്ങളിലാണ് കൂട്ടിക്കൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ വല്യേന്ത, എളങ്കാട്, മേഖലകളിൽ പാറപൊട്ടിക്കൽ വ്യാപകമാണ്. ഇതുതന്നെയാണ് ഉരുൾപൊട്ടലിലേക്ക് നയിച്ചതെന്നാണ് ഗാഡ്ഗിൽ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.
കൂട്ടിക്കലിൽ പ്ലാപ്പള്ളിയിലും കാവാലിയിലുമാണ് ശനിയാഴ്ച ഉരുൾപൊട്ടിയത്. ആദ്യത്തെ ഉരുൾപൊട്ടലിലാണ് കൂടുതൽ ആളുകളെ കാണാതായത്. അനിയന്ത്രിതമായ വെള്ളപ്പാച്ചിലിലും മണ്ണ് മൂടിയും വെള്ളം കയറിയും റോഡുകൾ തകർന്നടിഞ്ഞു.
മാധവ് ഗാഡ്ഗിൽ പറഞ്ഞതിനപ്പുറം ഒന്നും കേരളത്തിൽ ഇപ്പോൾ സംഭവിച്ചിട്ടില്ല. കാലാവസ്ഥമാറ്റവും പ്രകൃതിയുടെ അസന്തുലിതാവസ്ഥയും ഗാഡ്ഗിൽ അപ്പോഴേ പറഞ്ഞിരുന്നു. പശ്ചിമഘട്ട മലനിരകളുടെ യഥാർത്ഥ അവസ്ഥായായിരുന്നു മാധവ് ഗാഡ്ഗിലിന്റെ റിപ്പോട്ടിൽ. ഭരണ പ്രതിപക്ഷങ്ങളുടെ എതിർപ്പ് ഉയർന്നതോടെ ആ റിപ്പോർട്ടിനെ അധികൃതർ കാറ്റിൽപ്പറത്തി.
അതിന് പിന്നാലെയാണ് കസ്തൂരി രംഗൻ സമിതി പഠനത്തിനെത്തുന്നത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ തത്ത്വത്തിൽ അംഗീകരിച്ചെങ്കിലും ചില മാറ്റങ്ങൾ അന്ന് കസ്തൂരി രംഗ്ൻ ചൂണ്ടിക്കാട്ടിയിരുന്നു.2013-ൽ ഗാഡ്ഗിൽ തന്നെ പശ്ചിമ ഘട്ടത്തിന്റെ തകർച്ച ചൂണ്ടിക്കാട്ടി നാലോ അഞ്ചോ വർഷത്തിനിപ്പുറം കേരളത്തെ കാത്തിരിക്കുന്ന വലിയ ദുരന്തമെന്താണെന്ന് അന്നേ ഗാഡ്ഗിൽ പറഞ്ഞിരുന്നു. അന്ന് ഞാനും നിങ്ങളുമെല്ലാം ഉണ്ടാവുമെന്നും ഗാഡ്ഗിലിന്റെ വാക്കുകളിലുണ്ടായിരുന്നു.
കവളപ്പാറ,പുത്തുമലയിലും ഉരുൾപ്പൊട്ടലുകളും മലവെള്ളപ്പാച്ചിലും അടക്കം നാം കണ്ടതും അങ്ങിനെ തന്നെയാണ് ഇന്ന് കൂട്ടിക്കലും,പ്ലാപ്പള്ളിയിലും,കൊക്കയാറിലുമെല്ലാം ഇവയുടെ തുടർച്ചകളായിരുന്നുവെന്ന് മാത്രം. ഭൂപ്രകൃതികളുടെ അടിസ്ഥാനത്തിൽ പശ്ചിമ ഘട്ടത്തെ മൂന്ന് മേഖലകളായി തിരിച്ചിരുന്നു കേരളത്തിലെ 75 താലൂക്കുകളിൽ നിന്ന് 25 എണ്ണമാണ് പരിസ്ഥിതി ലോലമായി തിരിച്ചറിഞ്ഞത്. ഇവയിൽ 15 എണ്ണം മേഖല 1-ലും 2 എണ്ണം മേഖല 2-ലും 8 എണ്ണം മേഖല 3-ലും പെടുന്നു സംസ്ഥാനത്ത് എതാണ്ട് 16 പരിസ്ഥിതി ലോല പ്രദേശങ്ങളും കണക്കാക്കിയിട്ടുണ്ട്.
നിർദ്ദേങ്ങൾ
വനഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. കൃഷിഭൂമി കൃഷിയൊഴികെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. മേഖല 3-ൽ പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്തു കൃഷിഭൂമി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാം
മേഖല 1-ലും 2-ലും പുതിയ ഖനനം അനുവദിക്കരുത്. 2016-ഓടെ മേഖല 1-ലെ ഖനനം നിർത്തണം. നിയന്ത്രണ വിധേയമായി മേഖല 2-ൽ ഇപ്പോഴുള്ള ഖനനവും മേഖല 3-ൽ പുതിയ ഖനനവും ആവാം.
റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങൾക്കു ശേഷമേ ആകാവൂ. ഇവയിൽ പരിസ്ഥതിനാശത്തിന്റെ മൂല്യം കണക്കാക്കണം.എല്ലാത്തിനോടും സംസ്ഥാനം മുഖം തിരിച്ചു. ഗാഡ്ഗിലിനെ ജനം തെറിവിളിച്ചു. ആസന്നമായ വിപത്തിനെ അവർ കരുതിയിരുന്നില്ല
ന്യൂസ് ഡെസ്ക്