- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്കോർലൈൻ കമ്പനി പ്രമോർട്ടർ ഫുട്ബോൾ അസോസിയഷൻ സെക്രട്ടറി; ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും അനിൽ കുമാറും ഒരുമിച്ചത് 2017ൽ; ഇപ്പോൾ പിൻസീറ്റ് ഡ്രൈവിങ്; കേരളാ ഫുട്ബോളിനെ വിറ്റുതുലയ്ക്കുന്നത് ഗൂഢാലോചനയിൽ; രേഖകൾ മറുനാടന്
കോട്ടയം: മീരാൻ സ്പോർട്സ് ആൻഡ്-സ്കോർലൈൻ കൺസോർഷ്യത്തിന് കേരള ഫുട്ബോളിനെ അടിയറവ് വെയ്ക്കാൻ കേരള ഫുട്ബോൾ അസോസിയേഷൻ (കെ.എഫ്.എ) തയ്യാറെടുപ്പിലാണ്. വാണിജ്യ പങ്കാളിയുമായി ഒപ്പിടാൻ തയ്യാറാക്കിയ കരാർ ഉടമ്പടിയിലൂടെ ഒളിപ്പിച്ചു കടത്തുന്നത് കേരള ഫുട്ബോളിന്റെ സമ്പൂർണ കമ്പനി വത്കരണമാണ്. ഇതിന്റെ കരാറും മറ്റ് വിശദാംശങ്ങളും മറുനാടൻ പുറത്തു വിട്ടിരുന്നു. കൺസോർഷ്യൽ രണ്ട് കമ്പികൾ, ഇതിന് പുറമേ ലേലത്തിൽ പങ്കെടുത്ത മറ്റൊരു കമ്പനിയിലും ഫിറോസ് മീരാൻ ഡയറക്ടറാണ്. ഇതിനൊപ്പം സ്കോർലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിലും തെളിയുന്നത് ചതിയുടെ ഫുട്ബോൾ കളിയാണ്.
സ്പോർട്സ് ലൈൻ എന്ന കമ്പനിക്ക് പിന്നിലുള്ളത് കേരളാ ഫുട്ബോളിലെ ഉന്നതനാണെന്നതാണ് വസ്തുത. ഇതിനൊപ്പം കേരളാ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ജയേഷ് ജോർജും. ബിസിസിഐ ജോയിന്റെ സെക്രട്ടറി കൂടിയായ ജയേഷ് ജോർജിനൊപ്പം കേരളാ ഫുട്ബോളിലെ പ്രധാനിയും ചേർന്നുണ്ടാക്കിയതാണ് സ്കോർലൈൻ കമ്പനി. കമ്പനകാര്യവകുപ്പിന്റെ രേഖകൾ മറുനാടന് കിട്ടി. അതായത് കേരളാ ഫുട്ബോളിനെ കുടുംബ സ്വത്താക്കാനുള്ള ഒരു ഭാരവാഹിയുടെ ശ്രമാണ് വാണിജ്യപങ്കാളി കരാർ.
കരട് കരാർ പുറത്തു കൊണ്ടുവന്നതോടെ ഫുട്ബോൾ മേഖലയിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ കരാറിന്റെ പകർപ്പ് ഡി.എഫ്.എകളിൽ ചർച്ച ചെയ്യാനായി നൽകിയിരിക്കുകയാണ്. സംസ്ഥാനത്ത് ഫുട്ബോൾ സമ്പൂർണമായും കച്ചവടവത്കരിക്കുന്നതോടെ അതിന്റെ ഇരകളായി മാറാൻ പോകുന്നത് താരങ്ങളും പരിശീലകരും റഫറിമാരും താഴെത്തട്ടിലെ ക്ലബുകളും അക്കാദമികളുമാണ്. നേട്ടം കേരളാ ഫുട്ബോളിനെ നയിക്കുന്ന പ്രഭാകരൻ അനിൽകുമാറിനും. സ്കോർലൈൻ എന്ന കമ്പനിയുടെ പ്രമോട്ടർമാരിൽ ഒരാളാണ് ഈ അനിൽകുമാർ. ഇതിൽ നിന്ന് തന്നെ ഈ വാണിജ്യകരാറിന് പിന്നിൽ വ്യക്തിതാൽപ്പര്യമാണെന്ന് വ്യക്തമാണ്.
അനിൽകുമാറാണ് കേരളാ ഫുട്ബോൾ അസോസിയേഷന്റെ സെക്രട്ടറി. ഒരു കാലത്ത് കെ എം മേത്തറിനൊപ്പമായിരുന്നു ഫുട്ബോൾ ഭരണം. പ്രായം കാരണം പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ മേത്തറിന് കഴിയാതെ വന്നു. ഇതോടെ ടോംജോസായി പ്രസിഡന്റ്. സെക്രട്ടറിയായി അനിൽകുമാറും തുടർന്നു. പ്രഫഷണൽവത്സരണത്തിന്റെ ഭാഗമായി സെക്രട്ടറി പദത്തിന് ശമ്പളവും മറ്റും നൽകുന്നുണ്ട്. അതായത് കെ എഫ് എയുടെ സെക്രട്ടറിയുടെ നേതൃത്വത്തിൽ തുടങ്ങിയതാണ് സ്കോർലൈൻ എന്ന സ്പോർട്സ് കമ്പനി
സ്കോർലൈനിൽ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പ്രെമോട്ടർ
ക്രിക്കറ്റ് അസോസിയേഷനും ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള സഹകരണമാണ് സ്കോർലൈൻ. 2017 ജനുവരിയിലാണ് കമ്പനിയുടെ തുടക്കം. ജയേഷ് ജോർജിനും അനിൽകുമാറിനും 500 വീതം ഓഹരികൾ. ഈ രണ്ടു പേരുമാണ് കമ്പനിയുടെ പ്രമോർട്ടർമാരും ആദ്യകാല ഡയറക്ടർമാരും.
2017ൽ അരുൺ എന്ന ആളും ജെയിംസ് എന്ന വ്യക്തിയും ഈ കമ്പനിയിൽ ഡയറക്ടർമാരായി. ഈ ഡയറക്ടർമാരുടെ വിലാസത്തിൽ നിന്ന് രണ്ടു പേരും ജയേഷും അനിൽകുമാറുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണെന്ന് മനസ്സിലാകും. ഇവർ ഡയറക്ടറായതിന് പിന്നാലെ ജയേഷും അനിൽകുമാറും കമ്പനി ഡയറക്ടർ പദം ഒഴിഞ്ഞു. ഇതിന് ശേഷം രണ്ട് കൊല്ലം കഴിയുമ്പോൾ കമ്പനിക്ക് പുതിയ ഡയറക്ടറെത്തി.
മിന്ന ജയേഷായിരുന്നു ആ ഡയറക്ടർ. ജയേഷ് ജോർജിന്റെ ഭാര്യയാണ് മിന്ന. മെയ് 2019ലായിരുന്നു മിന്നയുടെ നിയമനം. ഇതോടെ ജെയിംസ് ഡയറക്ടർ പദവി ഒഴിഞ്ഞു. 2020 ജൂണിൽ അരുണും ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു. പകരം എത്തിയത് ജാൻസിയാണ്. ഇവരുടെ അഡ്രസിനും അനിൽകുമാറുമായുള്ള വിലാസത്തിനും സാമ്യമുണ്ട്. ഇവരുടെ ഇമെയിൽ പരിശോധിച്ചാലും അനിൽകുമാറിന്റെ അടുത്ത ബന്ധുവാണ് ഇവരെന്ന് മനസ്സിലാകും. ഇതിന് ഇടയിലാണ് ഫിറോസ് മീരാന്റെ കമ്പനിയിലേക്കുള്ള വരവ്.
ഈസ്റ്റേൺ ഗ്രൂപ്പ് മുതലാളിയായ ഫിറോസ് മീരാൻ ഏപ്രിൽ 2020ലാണ് അഡീഷണൽ ഡയറക്ടറായി എത്തുന്നത്. ഡിസംബറിൽ അഡീഷണൽ ഡയറക്ടർ എന്നത് ഡയറക്ടറായി മാറി. ഇതിന് പിന്നാലെ ഈ വർഷം ഏപ്രിലിൽ ജാൻസി ഡയറക്ടർ പദവി രാജിവയ്ക്കുകയും ചെയ്തു. ഫുട്ബോളിലേക്ക് ഈ കമ്പനി കണ്ണെറിയുന്നതും പദ്ധതി തയ്യാറാകുന്നതും കോവിഡ് കാലത്തെ ജാൻസിയുടെ രാജിക്ക് പിന്നാലെയാണ്. ഇതു സംബന്ധിച്ച കത്തുകൾ ജില്ലാ ഫുട്ബോൾ അസോസിയേഷൻ അയച്ച് 2021 മെയ് മാസത്തിലാണ്.
കേരള ഫുട്ബോൾ അസോസിയേഷനെ കച്ചവടവത്കരിക്കാനുള്ള നീക്കം വിവാദമായതോടെ സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ വരുത്തിയ ദേദഗതി കെ.എഫ്.എയുടെ ജനാധിപത്യ വ്യവസ്ഥിതിയും സാമ്പത്തിക അടിത്തറയും തകർക്കുന്നതാണെന്ന് ആരോപണമുയരുന്നുണ്ട്. ഫുട്ബാളിന്റെ പേരിലുള്ള വരുമാനമെല്ലാം കമ്പനിയിലേക്ക് വരുകയും ചെലവുകളെല്ലാം കെ.എഫ്.എ വഹിക്കേണ്ടിവരുകയും ചെയ്യുന്ന രീതിയിലാണ് വ്യവസ്ഥകൾ. കെ.എഫ്.എയെ മാത്രമല്ല സംസ്ഥാനത്തെ ക്ളബുകളെയാകെ സാമ്പത്തികമായി തകർക്കുന്ന രീതിയിലാണ് വ്യവസ്ഥകൾ സൃഷ്ടിച്ചിരിക്കുന്നത്.
ക്ളബുകൾക്കോ ജില്ലാ അസോസിയേഷനുകൾക്കോ ആരിൽ നിന്നും സ്പോൺസർഷിപ്പുപോയിട്ട് ഒരു പന്തുപോലും വാങ്ങാൻ കഴിയാത്ത രീതിയിലാണ് പുതിയ കരാർ വ്യവസ്ഥകൾ. ഓരോ ജില്ലയിലും വർഷം തോറും കമ്പനിക്ക് പുതിയ ക്ളബുകൾ രൂപീകരിക്കാൻ അനുമതി നൽകുന്നുണ്ട്. വരുമാനം നിലയ്ക്കുന്നതോടെ തകരുന്ന നിലവിലുള്ള ക്ളബുകളെ തങ്ങളുടേതാക്കി മാറ്റി സർവതും പിടിച്ചടക്കാനുള്ള ഗൂഡനീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അടുത്ത ശനിയാഴ്ച ഓരോ ജില്ലയുടേയും പ്രതിനിധിയെ ഒറ്റയ്ക്ക് ഓൺലൈൻ മീറ്റിംഗിൽ പങ്കെടുപ്പിച്ച് ഭേദഗതിയെക്കുറിച്ചുള്ള അഭിപ്രായം ആരായുമെന്നാണ് കെ.എഫ്.എ അറിയിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും നിന്നുള്ള ഭാരവാഹികളെ ഒരുമിപ്പിച്ച് പങ്കെടുപ്പിച്ചാൽ എതിർപ്പിന് ശക്തികൂടുമെന്നതിനാലാണ് ഇത്തരമൊരു നീക്കം.
കരാറിലെ പ്രശ്നങ്ങൾ ഇങ്ങനെ
1. കരാർ ഒപ്പിട്ടാൽ കെ.എഫ്.എയ്ക്കോ ഡി.എഫ്.എയ്ക്ക് എന്തെങ്കിലും തരത്തിലുള്ള സ്പോൺസർഷിപ്പുകളോ സംഭാവനകളോ സമ്മാനങ്ങളോ സർക്കാർ ഗ്രാന്റോ സ്വീകരിക്കാൻ കഴിയില്ല. അഥവാ സ്വീകരിക്കുകായാണെങ്കിൽ കമ്പനി നൽകുന്ന തുകയിൽ നിന്ന് അത് കുറയ്ക്കും.
2. പൊതുമേഖലാ സ്ഥാപനങ്ങൾ കായിക വികസനത്തിനായി ചെലവഴിക്കേണ്ട സി.എസ്.ആർ ഫണ്ടുകൾ കമ്പനിയിലേക്ക് നേരിട്ടാകും പോവുക. ഇപ്പോൾ പല ക്ളബുകളെയും സ്പോൺസർ ചെയ്യുന്നത് വ്യാപാര-വ്യവസായ സ്ഥാപനങ്ങളാണ്. ഇതും കമ്പനി പിടിച്ചുപറിക്കും.ആരിൽ നിന്നെങ്കിലും ഒരു പന്തെങ്കിലും ക്ളബുകൾ വാങ്ങിയാൽ അത് കരാർ തുകയിൽ നിന്ന് കുറയ്ക്കുമത്രേ.
3. ക്ളബുകളുടെ ജഴ്സിയിൽ കമ്പനി പറയുന്നവരുടെ ലോഗോ മാത്രമേ പാടുള്ളൂ. സ്വന്തമായി സ്പോൺസർഷിപ്പ് കണ്ടെത്താനാവില്ല. ഡി.എഫ്.എകൾക്കും സ്പോൺസർമാരുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിയില്ല.
4. കെ.എഫ്.എയ്ക്ക് ക്കു നൽകുന്ന പണം എങ്ങനെ ചെലവഴിക്കണം എന്ന് കമ്പനി നിർദ്ദേശിക്കും. ചിലവഴിച്ച പണത്തിനു കമ്പനിക്ക് കെ.എഫ്.എ വിനിയോഗ സർട്ടിഫിക്കറ്റും നൽകണം.
5.കമ്പനിക്ക് ഇഷ്ടമല്ലെങ്കിൽ ഡി.എഫ്.എകൾക്കും ക്ലബുകൾക്കും ടൂർണമെന്റുകൾ നടത്താൻ കഴിയില്ല . സംസ്ഥാനത്ത് ഇടയ്ക്കും മുറയ്ക്കുമെങ്കിലും നടന്നുവരുന്ന ടൂർണമെന്റുകൾ ഇതോടെ ഇല്ലാതാകും.
6.കരാറിലെ വിവിധ വ്യവസ്ഥകൾ പ്രകാരം കമ്പനി നടത്തുന്ന ടൂർണമെന്റുകളുടെയും ലീഗുകളുടെയും സ്റ്റേഡിയം വാടകയും ലെവിയും ടീമുകളുടെ യാത്ര, താമസച്ചെലവുകളും സുരക്ഷാച്ചെലവും ഉൾപ്പടെ കെ.എഫ്.എയുടെ തലയിലാണ്.ഓഫീസ് ചെലവുകൾ വേറെയും. ഇനി കോവിഡ് ബയോ ബബിൾ ഒരുക്കേണ്ടിവന്നാലും കമ്പനി ചെയ്യില്ല. ചെലവു കണക്കുകൂട്ടുമ്പോൾ പ്രതിവർഷം കമ്പനി നൽകുമെന്ന് പറയുന്ന 85 ലക്ഷത്തിൽ കൂടുതലാകും. ചുരുക്കത്തിൽ കെ.എഫ്.എ നഷ്ടത്തിലാകുമെന്നർത്ഥം.
7.ജൂനിയർ ടീമുകൾക്കായി പണം ചെലവിടണമോ എന്ന് കമ്പനിക്ക് തീരുമാനിക്കാം.
മറുനാടന് മലയാളി ബ്യൂറോ