പത്തനംതിട്ട: പികെ ശ്രീമതിയും പി ജയരാജനും മാത്രമല്ല, വനംമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗത്തിന് വരെ ബന്ധുക്കളെ നിയമിക്കാം എന്നതായി എൽഡിഎഫ് സർക്കാരിന്റെ അവസ്ഥ. ആദ്യ രണ്ടു വിവാദങ്ങൾ സിപിഎമ്മിലായിരുന്നെങ്കിൽ ഇപ്പോൾ പൊന്തി വന്നിരിക്കുന്ന വിവാദം സിപിഐക്കാരനായ വനംമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ പേരിലാണ്.

പൊതു മേഖലാ സ്ഥാപനമായ കേരള വിനം വികസന കോർപ്പറേഷനിലെ (കെഎഫ്ഡിസി) മാനേജിങ് ഡയറക്ടർ നിയമനമാണ് വിവാദമായിരിക്കുന്നത്. 2005ൽ ഭേദഗതി ചെയ്ത കെഎഫ്ഡിസിയുടെ സർവീസ് ചട്ട പ്രകാരം മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെടേണ്ടത് വനം വകുപ്പിലെ ചീഫ് കൺസർവേറ്റർ തസ്തികയിലുള്ള മുതിർന്ന ഉദ്യോഗസ്ഥനായിരിക്കണമെന്നിരിക്കെ, ജൂനിയർ തസ്തികയായ ഡപ്യൂട്ടി കൺസർവേറ്ററെയാണ് ഇപ്പോൾ നിയമിച്ചിട്ടുള്ളത്. സർവീസിൽ നിന്നും വിരമിക്കുകയും ഐഎഫ്എസ് കൺഫർ ചെയ്ത് ലഭിച്ചതിനെ തുടർന്ന് മടങ്ങിയെത്തുകയും ചെയ്ത പിആർസുരേഷിനെയാണ് എംഡിയായി നിയമിച്ച് ഉത്തരവിറങ്ങിയത്.

അഡീഷണൽ പ്രിൻസിപ്പൾ സിസിഎഫ് ബെന്നിച്ചൻ തോമസിന് പകരക്കാരനായാണ് ഐഎഫ്എസിലെ പ്രവേശന തസ്തികയായ ഡപ്യൂട്ടി കൺസർവേറ്ററെ നിയമിച്ച് ഉത്തരവിറങ്ങിയത്. കെഎഫ്ഡിസി ജനറൽ മാനേജരുടെത് കൺസർവേറ്ററുടെതിന് തുല്യമായ തസ്തികയാണ് എന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു. ജനറൽ മാനേജരുടെ തസ്തികയും തരംതാഴ്‌ത്തേണ്ടി വരും. വനം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ബന്ധുവാണ് ഇപ്പോൾ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനെന്ന് അറിയുന്നു.

1975 ലെ സർവീസ് ചട്ടം അനുസരിച്ച് കൺസർവേറ്ററായിരുന്നു കെഎഫ്ഡിസി എംഡിയായി നിയമിക്കപ്പെടേണ്ടത്. റീജിയണൽ മാനേജർ ഡപ്യുട്ടി കൺസർവേറ്ററും അസി.മാനേജർമാർ റെയ്ഞ്ച് ഓഫീസർമാരും ആയിരുന്നു. 2005ൽ ഭേദഗതി ചെയ്തപ്പോഴാണ് എം.ഡിയുടെത് ചീഫ് കൺസർവേറ്ററും ജനറൽ മാനേജരുടെത് കൺസർവേറ്ററുടെതുമാക്കിയത്. സർവീസ് ചട്ടം ഭേദഗതി ചെയ്യാതെയാണ് ഇപ്പോഴത്തെ നിയമനം. 2015ൽ െഎഎഫ്എസ് ലഭിച്ച പിആർസുരേഷിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിൽ എംഡിയുടെ തസ്തിക ഡപ്യുട്ടി കൺസർവേറ്ററുടെതിന് തുല്യമാക്കി എന്ന ഒരു വാചകം മാത്രമാണുള്ളത്.

ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് കെ.എഫ്ഡിസി മൂന്നാർ മീശപ്പുലിമല, ഗവി, നെല്ലിയാമ്പതി, അരിപ്പ തുടങ്ങിയ സ്ഥലങ്ങളിലെ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ കെഎഫ്ഡിസിയാണ് നടത്തുന്നത്. ഇതിന് പുറമെയാണ് ഏലം, തേയില, കാപ്പി തോട്ടങ്ങളിലായി ആയിരകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്നത്. ശ്രീലങ്കൻ അഭയാർഥികളടക്കം കെഎഫ്ഡിസി എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്നു.