ആലപ്പുഴ: സ്വന്തമായി വാക്‌സിൻ ഉൽപ്പാദിപ്പിക്കാൻ നടപടികളൊരുക്കി കേരളം. അതിന് വേണ്ടി കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാൻ തയ്യാറെടുക്കുകയാണ് കേരളം. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ (കെഎസ്ഡിപി) വാക്‌സിൻ ഉൽപാദനം സാധ്യമാകുമോ എന്ന് പരിശോധിക്കാനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ഇതിന്റെ വിശദമായ പ്ലാൻ കെഎസ്ഡിപി വ്യവസായ വകുപ്പിനു സമർപ്പിച്ചു.

പ്രിൻസിപ്പൽ സെക്രട്ടറി അടുത്ത ദിവസം കെഎസ്ഡിപി സന്ദർശിച്ചതിനു ശേഷം സംസ്ഥാന സർക്കാർ വിശദ പദ്ധതി തയാറാക്കി കേന്ദ്രസർക്കാരിനു സമർപ്പിക്കും. സ്ഥലം, വെള്ളം, വൈദ്യുതി, ബോയ്ലറുകൾ, ഫില്ലിങ് സ്റ്റേഷൻ തുടങ്ങി വാക്‌സീൻ പ്ലാന്റ് സ്ഥാപിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ കെഎസ്ഡിപിയിൽ ലഭ്യമാണ്. വിദേശത്തുനിന്ന് ഉപകരണങ്ങൾ ഇറക്കാൻ നികുതി ഇളവു നൽകേണ്ടി വരും.

വാക്‌സീൻ പ്ലാന്റിനായി ആവശ്യം വരുന്ന 400 കോടി രൂപയോളം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കണ്ടെത്തണ്ടതായിട്ടുണ്ട്. പ്ലാന്റിനും ലാബിനും വിദേശത്തു നിന്നു സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിനു നികുതി ഇളവു നൽകേണ്ടി വരും. മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്‌സിൻ സൂക്ഷിക്കുന്നതിനുള്ള സ്റ്റോറേജ് സൗകര്യവും മൈനസ് 8 ഡിഗ്രിയിൽ വാക്‌സിൻ കൊണ്ടുപോകാനുള്ള കണ്ടെയ്‌നറുകളും വാഹനസൗകര്യവുമാണ് ഇവിടെ പുതുതായി വേണ്ടത്. പേറ്റന്റ് ഉള്ള വാക്‌സിന്റെ ഫോർമുല ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യമാണ്.

നിലവിൽ രാജ്യത്ത് വാക്‌സിൻ ഉത്പാദിപ്പിക്കാൻ അനുമതി നേടിയ ഏതെങ്കിലും കമ്പനിയുമായി കൈകോർക്കാനോ അതല്ലെങ്കിൽ സ്വതന്ത്രമായി ഉത്പാദിപ്പിക്കാനോ ആണ് ശ്രമം. നിലവിൽ ഇൻജെക്ഷൻ മരുന്നുകൾ വൻതോതിൽ ഉത്പാദിപ്പിക്കാൻ കെഎസ്ഡിപിക്ക് ശേഷിയുണ്ട്. ഇതിനായുള്ള നോൺ ബറ്റലാക്ടോം പ്ലാന്റ് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങിയിരുന്നു. 1.3 കോടി ചെറുമരുന്നുകുപ്പികൾ, 1.2 കോടി ഉയർന്ന അളവിലുള്ള മരുന്നുകുപ്പികൾ, 88 ലക്ഷം തുള്ളിമരുന്നുകൾ എന്നിവ ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഇവിടെയുള്ളത്. ഇതിന്റെ ഒരു ഭാഗം കോവിഡ് വാക്‌സിൻ നിർമ്മാണത്തിനായി ഉപയോഗിക്കാനാണ് നീക്കം.