തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തി. മാർച്ച് മൂന്നിനാണ് ബജറ്റ് അവതരണം. കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശിച്ചു. നോട്ട് നിരോധനം സംസ്ഥാന സർക്കാരിന് തിരിച്ചടിയായെന്നും സാധാരണക്കാർക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കിയെന്നും ഗവർണർ പറഞ്ഞു.

നോട്ട് അസാധുവാക്കൽ കേരളത്തേയും ജനങ്ങളേയും ദോഷമായി ബാധിച്ചു. സഹകരണ മേഖല നിശ്ചലമായി. തിടുക്കപ്പെട്ട് എടുത്ത തീരുമാനത്തിൽ സർക്കാരിന്റെ റവന്യൂ വരുമാനം കുറഞ്ഞു. സാധാരണ നിലയിൽ എത്താൻ എത്രകാലമെടുക്കുമെന്ന് ജനങ്ങൾക്ക് അറിയണമെന്നും ഗവർണർ പി.സദാശിവം ചൂണ്ടിക്കാട്ടി.

മെച്ചപ്പെട്ട പൊതുസേവനം ഉറപ്പാക്കാൻ സമഗ്രമായ നിയമം കൊണ്ടുവരും. സുതാര്യത, കാര്യക്ഷമത, ഉത്തവാദിത്തം എന്നിവ ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ പൊതുസേവന നിയമത്തിലുണ്ടാകും. സംസ്ഥാനം കെടിയ വരൾച്ചയെയാണ് നേരിടുന്നത്. വ്യാാസായിക ഉത്പാദനത്തിൽ ഇടിവുണ്ടായി. വലിയ തോതിൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു. ഇത് തൊഴിലില്ലായ് നിരക്ക് കൂട്ടുന്നു. റബ്ബർ കഷകരുടെ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.

സമ്പൂർണ സാക്ഷരതാ യജ്ഞം, അധികാര വികേന്ദ്രീകരണം, കുടുംബശ്രീ തുടങ്ങിയവ സംസ്ഥാനത്ത് വളർച്ചാ നിരക്ക് വർദ്ധിപ്പിച്ചുവെന്നും ഗവർണർ പ്രസംഗത്തിൽ വ്യക്തമാക്കി. വലിയൊരു ജനകീയ മുന്നേറ്റം ആവശ്യമാണെന്നും ഈ പശ്ചാത്തലത്തിലാണ് നവകേരള കർമ്മ പദ്ധതിയെന്നും ഗവർണർ വ്യക്തമാക്കി.

മികച്ച സേവനത്തിനുള്ള സമഗ്രനിയമം കൊണ്ടുവരുമെന്നും, സുതാര്യത, ഉത്തരവാദിത്വം, കാര്യക്ഷമത എന്നിവ ഉറപ്പാക്കുമെന്നും ഗവർണർ പ്രസംഗത്തിൽ സൂചിപ്പിച്ചു. സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നു. അതിനെ തടയാനുള്ള നിരവധി പദ്ധതികൾ കൊണ്ടുവരും. കുടിവെള്ളം എത്തിക്കുന്നതിന് പ്രത്യേക പരിപാടികൾ നടപ്പിലാക്കും. ആറ് മേഖലകളെ ലക്ഷ്യമിട്ട് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ:

  • വൈദ്യുതിയുള്ള എല്ലാ വീട്ടിലും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും
  • സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പ്
  • ഓരോ താലൂക്കിലും വനിതാ പൊലീസ് സ്റ്റേഷൻ രൂപീകരിക്കും
  • എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കും
  • നീതി ആയോഗിനോട് വിയോജിപ്പ് കേരളം പഞ്ചവത്സര പദ്ധതി തുടരും
  • ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവരെ സഹായിക്കാൻ സമഗ്ര നഷ്ട പരിഹാര നിധി
  • ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പരസ്യപ്പെടുത്തും
  • ആരോഗ്യം മെച്ചപ്പെടുത്താൻ ആർദ്രം പദ്ധതി
  • തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ പൊതു ശ്മശാനങ്ങൾ സ്ഥാപിക്കും
  • നാലായിരത്തോളം വികസന പദ്ധതികൾ കിഫ്ബി വഴി നടപ്പാക്കും
  • പെൻഷൻ വിതരണത്തിന് ഡിജിറ്റൽ നടപടികൾ ഏർപ്പെടുത്തും
  • എല്ലാവർഷവും 1000 മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ആരംഭിക്കും
  • വ്യവസായം ചെയ്യുന്നതിനുള്ള എല്ലാ തടസങ്ങളും നീക്കും. 30 ദിവസത്തിനുള്ളിൽ
  • വ്യവസായത്തിന് ആവശ്യമായ എല്ലാ രേഖകളും നൽകുക എന്നത് നിർബന്ധമാക്കും
  • ദേശീയപാത വികസനം, സ്മാർട്ട് സിറ്റി പദ്ധതികൾ വേഗത്തിലാക്കാൻ നടപടി
  • ഭവനരഹിതർക്കായി 4.32 ലക്ഷം വീടുകൾ
  • വിദ്യാഭ്യാസ ആരോഗ്യ മേഖലകളുടെ ഗുണനിലവാരം ഉയർത്തും
  • അഞ്ചുവർഷത്തിനുള്ളിൽ കാർഷിക-സ്വയം പര്യാപ്തത നേടും
  • 100 സ്‌കൂളുകളെ രാജ്യാന്തര തലത്തിൽ എത്തിക്കാൻ നടപടി

അതേസമയം, പ്രതിഷേധപ്രകടനവുമായാണ് പ്രതിപക്ഷം ഇന്ന് സഭയിൽ എത്തിയത്. അരിയില്ല, പണിയില്ല, വെള്ളമില്ല എന്നെഴുതിയ ബാനറും പ്രതിപക്ഷം കൊണ്ടുവന്നിരുന്നു. എന്നാൽ സഭ തടസ്സപ്പെടുത്തുന്ന നടപടികളൊന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.