തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ തൊഴിൽ ലഭിക്കുന്നതിന് ആഗ്രഹിക്കുന്ന യോഗ്യതയുള്ള നഴ്‌സുമാർക്ക് ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്ത് തുടങ്ങാം. സംസ്ഥാന സർക്കാർ ഏജൻസിയായ ഒ.ഡിപി.സിയുടെ വെബ്‌സൈറ്റിൽ അതിനുള്ള അവസരമുണ്ട്. ഓൺലൈനിൽ ചെയ്യാൻ മടിയുള്ളവർക്ക് നേരിട്ടും പേര് രജി്സ്റ്റർ ചെയ്യാം. ഇതിനുള്ള അപേക്ഷാഫോറം തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള ഒഡെപെക് ഓഫീസിലും മറ്റു ജില്ലകളിൽ അതാതു ജില്ലാ ലേബർ ഓഫീസുകളിലും ലഭ്യമാണ്.

ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04712576314/19 എന്ന നമ്പരിൽ വിളിക്കുകയും ചെയ്യാം. വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് കേരളത്തിലെ നോർക്ക റൂട്ട്‌സ്, ഒഡെപെക് എന്നീ സർക്കാർ ഏജൻസികൾ വഴി മാത്രമാക്കി കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന് തുടർന്നാണ് ഇത്. വിദേശ തൊഴിൽ സാധ്യതകൾ കണ്ടെത്തുന്നതിനും നിശ്ചിത യോഗ്യത കരസ്ഥമാക്കിയിട്ടുള്ള തൊഴിൽ അന്വേഷകർക്ക് തൊഴിൽ നേടികൊടുക്കുന്നതിനും വേണ്ടി തൊഴിൽവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഒ.ഡി.ഇ.പി.സി.

നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിലൂടെ കോടികൾ തട്ടിക്കുന്ന ഇടനിലക്കാർ സജീവമാണ്. പുതിയ തീരുമാനവും അവർ അറിഞ്ഞു കഴിഞ്ഞു. ഒരു മാസത്തിനകം പരമാവധി കാശ് തട്ടാനുള്ള തന്ത്രങ്ങളും അവർ ഒരുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗൾഫിലേക്ക് ജോലി വാഗ്ദാനം നൽകി പലരേയും സമീപിക്കുന്നുണ്ട്. സർക്കാരിന്റ സംവിധാനം തയ്യാറായി വരാൻ മാസങ്ങളെടുക്കുമെന്നാണ് പ്രചരണം. ഇത്തരക്കാരുടെ വലയിൽ ആരും വീഴരുത്. കള്ളക്കെണികളിൽ നിന്ന് വിദേശ ജോലി മോഹമുള്ള നേഴ്‌സുമാരെ രക്ഷിക്കാനാണ് ഒഡിപിസി ശ്രമിക്കുന്നതെന്ന് സർക്കാരും വിശദീകരിച്ചു കഴിഞ്ഞു. നിലവിലുള്ള സംവിധാനത്തിൽ കൂടി തന്നെ നേഴ്‌സുമാർക്ക് രജിസ്‌ട്രേഷൻ നടത്താം. അതുകൊണ്ട് തന്നെ കാലതാമസം വരികയുമില്ല.

നാല് കാര്യങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ പറയുന്നത്. ഏപ്രിൽ 30 മുതൽ 18 ഇസിആർ രാജ്യങ്ങളിൽ നഴ്‌സുമാരുടെ നിയമനത്തിനു പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്‌സ് ഓഫിസുകളിൽ നിന്നുള്ള എമിഗ്രേഷൻ ക്ലിയറൻസ് വേണം. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, മലേഷ്യ, ലിബിയ, ജോർദാൻ, യെമൻ, സുഡാൻ, അഫ്ഗാനിസ്ഥാൻ, ഇന്തൊനീഷ്യ, സിറിയ, ലബനൻ, തായ്‌ലൻഡ്, ഇറാഖ് എന്നിവയാണ് ഇസിആർ രാജ്യങ്ങൾ. വിദേശത്തു നഴ്‌സുമാരെ ആവശ്യമുള്ള തൊഴിൽ സ്ഥാപനം ഇന്ത്യൻ എംബസികളിൽ രജിസ്റ്റർ ചെയ്യണം.

ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെ എത്ര നഴ്‌സുമാരെയാണ് വേണ്ടതെന്നും അറിയിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പിന്നീട് ഇന്ത്യൻ എംബസിയിൽ നിന്ന് സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യമില്ല. ഇന്ത്യയിലെ മറ്റേതെങ്കിലും റിക്രൂട്ട്‌മെന്റ് ഏജൻസിക്കു വിദേശത്തുനിന്നു നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ അവസരം ലഭിച്ചാൽ അവർ പ്രവാസികാര്യ മന്ത്രാലയത്തിൽ നിന്നു പ്രത്യേക അനുമതി തേടണം. ഓരോ രാജ്യത്തിന്റെ കാര്യത്തിലും വെവ്വേറെ അനുമതി വാങ്ങിയിരിക്കണം.

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് മേഖലയിൽ വ്യാപകമായ ചൂഷണം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രവാസികാര്യവകുപ്പ് ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ റിക്രൂട്ടിങ് ഏജൻസികളുടെ ചൂഷണത്തിൽനിന്നും തൊഴിൽ അന്വേഷകരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ സർക്കാർ സംവിധാനം ഒരുക്കുന്നത്. കുവൈറ്റ് പോലുള്ള രാജ്യങ്ങളിലേയ്ക്ക് സ്വകാര്യ ഏജൻസികൾ മുഖാന്തിരം നടന്ന റിക്രൂട്ട്‌മെന്റിൽ വ്യാപകമായി തൊഴിൽ ചൂഷണം നടന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി നടത്തിയ കൂടിയാലോചനകളുടെ ഫലമായാണ് കേന്ദ്ര പ്രവാസികാര്യവകുപ്പ് ഇത്തരത്തിലുള്ള ഒരു തീരുമാനം കൈക്കൊണ്ടത്.

നേഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് ചുമതല നോർക്കയേയും ഒഡെപ്പെക്കിനേയും കേന്ദ്ര ഗവൺമെന്റ് ഏൽപ്പിച്ച സാഹചര്യത്തിൽ ഇതിന്റെ വിശദാംശങ്ങൾ തയ്യാറാക്കാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ച് 24 ചൊവ്വാഴ്ച ബന്ധപ്പെട്ടവരുടെ യോഗം ചേരുന്നുമുണ്ട്. യോഗത്തിൽ മന്ത്രിമാരായ കെ.സി.ജോസഫ്, ഷിബു ബേബി ജോൺ, ചീഫ് സെക്രട്ടറി ജിജി തോംസൺ, തൊഴിൽ നോർക്ക വകുപ്പ് സെക്രട്ടറിമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

കുവൈത്തിൽ ഈയിടെയുണ്ടായ വിവാദങ്ങളാണ് ഇതിലേക്കു വഴി തുറന്നത്. റിക്രൂട്ട്‌മെന്റ് കമ്പനി നഴ്‌സുമാരിനിന്നു ലക്ഷങ്ങൾ കോഴ വാങ്ങിയാണു നിയമനം നടത്തുന്നതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥൻ ട്വിറ്ററിൽ ആരോപിച്ചിരുന്നു. നിയമന അഴിമതിക്കെതിരെ ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ നേരിട്ടു രംഗത്തുവരികയും ചെയ്തു. കുവൈത്തിൽ റിക്രൂട്ട്‌മെന്റിനു കരാർ ലഭിക്കുന്ന കമ്പനികൾ ഇന്ത്യയിലെ കമ്പനികൾക്ക് ഉപകരാർ നൽകുന്നു. ഇരുകൂട്ടരും ചേർന്നു തുക പങ്കുവയ്ക്കുന്നതാണു രീതി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.