- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതികൾ കുത്തിപ്പൊക്കി സർക്കാറിനെ ശ്വാസം മുട്ടിക്കുന്നു! സിബിഐയെ നിരോധിക്കുന്നതിനൊപ്പം ഇഡിയെയും തടുക്കാൻ സർക്കാർ; അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി; മന്ത്രിസഭാ യോഗത്തിൽ യോഗത്തിൽ ചർച്ച ചെയ്ത ശേഷം തുടർ നടപടി; ശിവശങ്കരനും ബിനീഷും കുടുങ്ങിയതോടെ ക്ഷണിച്ചു വരുത്തിയ കേന്ദ്ര ഏജൻസികളെ അടിച്ചോടിക്കാൻ പിണറായി
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ വിവാദങ്ങൾ ഉയർന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയതോടെയാണ് കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനായി എത്തിയത്. എന്നാൽ, തുടക്കത്തിൽ സ്വാഗതം ചെയ്ത് പിണറായി ഇപ്പോൾ ഈ അന്വേഷണ ഏജൻസികളെ തുരത്താനുള്ള വഴികൾ തേടുകയാണ്. ലൈഫ് മിഷനിലെ അടക്കം അഴിമതികൾ വെളിച്ചത്തു വന്നതോടെയാണ് സർക്കാർ പലവിധത്തിലുള്ള വഴികളും ആലോചിച്ചത്. ഇതോടെ സിബിഐക്ക് കേരളത്തിൽ നിരോധനം ഏർപ്പെടുത്താനുള്ള ചർച്ചകളിലേക്ക് കടന്നു. ഇപ്പോഴാതി ഇഡിയെയും നിരോധിക്കാനുള്ള വഴികൾ തേടുകയാണ് പിണറായി സർക്കാർ.
സർക്കാരിന്റെ അഭിമാന പദ്ധതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്താനൊരുങ്ങുന്ന അന്വേഷണത്തിനു തടയിടാൻ വഴിതേടി സർക്കാർ. അഡ്വക്കറ്റ് ജനറലിനോടു നിയമോപദേശം തേടിയെന്നാണു സൂചനകൾ. ഇഡി ആവശ്യപ്പെട്ട രേഖകൾ കൈമാറുന്ന കാര്യത്തിൽ നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുത്താൽ മതിയെന്ന് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, വിവരാവകാശ നിയമപ്രകാരം ഏതൊരാളും ചോദിച്ചാൽ സർക്കാർ നൽകാൻ ബാധ്യസ്ഥമായ രേഖകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സിബിഐ അന്വേഷണത്തിനു താൽക്കാലികമായെങ്കിലും തടയിട്ടതു പോലെ ഇഡിയോടു സർക്കാരിനു മുഖം തിരിക്കാൻ കഴിയില്ലെന്നാണു നിയമവിദഗ്ധരുടെ പക്ഷം. എം.ശിവശങ്കർ വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ സമ്പാദ്യവും നിക്ഷേപവും എവിടെ നിന്നു വന്നുവെന്നു കണ്ടെത്തേണ്ടതു കേസിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. ശിവശങ്കർ ഇതേക്കുറിച്ചു മറുപടി നൽകുന്നില്ല. ഇതേത്തുടർന്നാണു ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ നിലകളിൽ നടത്തിയ മുഖ്യ ഇടപെടലുകൾ ഇഡി പരിശോധിക്കുന്നത്.
കേന്ദ്ര ഏജൻസികൾ ഇടപെടുന്നതിനെക്കുറിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ചർച്ചയുണ്ടാകുമെന്നാണു സൂചന. ബാർ തുറക്കൽ, റൂൾസ് ഓഫ് ബിസിനസ് ഭേദഗതി, യുജിസി പെൻഷൻ തുടങ്ങി സുപ്രധാന വിഷയങ്ങൾ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഇഥിനൊപ്പമാണ് സംസ്ഥാനത്തു സിബിഐ അന്വേഷണത്തിനു സർക്കാർ നൽകിയ പൊതുഅനുമതി റദ്ദാക്കുന്നതും പരിഗണിച്ചേക്കും. ഇഡി വിഷയങ്ങളും ചർച്ചയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കെ-ഫോൺ ഉൾപ്പെടെ സംസ്ഥാനസർക്കാരിന്റെ നാല് വൻകിടപദ്ധതികൾ പരിശോധിക്കാനുള്ള ഇ.ഡി. നീക്കത്തിന് തടയിടാനാണ് സർക്കാർ നീക്കം. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുന്നതിനുമുന്നോടിയായി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയതും. നിയമ പിൻബലമുറപ്പാക്കിയശേഷം കോടതിയെ സമീപിക്കാനാണ് നീക്കം. ബുധനാഴ്ച മന്ത്രിസഭായോഗം ഇക്കാര്യം ചർച്ചചെയ്തേക്കും. ലൈഫ്മിഷൻ പദ്ധതിയിൽ സർക്കാർ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയതിനുസമാനമായ നീക്കംനടത്താനാണ് ഉദ്ദേശിക്കുന്നത്.
കേന്ദ്രസർക്കാരിനുകീഴിലെ അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് അന്വേഷിക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആദ്യംമുതൽ സ്വാഗതംചെയ്ത മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നീക്കങ്ങളായിരുന്നു.
രേഖകളുമായി ചോദ്യംചെയ്യാനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷൻ സിഇഒ. യു.വി.ജോസിന് ഇ.ഡി. നോട്ടീസ് നൽകിയത് വാട്സാപ്പ് സന്ദേശംവഴിയായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസിയിൽനിന്ന് കേട്ടുകേൾവിപോലുമില്ലാത്ത നടപടിയായിരുന്നു ഇതെന്നാണ് സർക്കാർവൃത്തങ്ങളുടെ വിലയിരുത്തൽ. ഏതുരേഖ എന്നതിൽ ഈ നോട്ടീസിൽ വ്യക്തതയുമുണ്ടായിരുന്നില്ല. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ വാട്സാപ്പിലും നോട്ടീസ് നൽകാം എന്ന നിലപാടാണ് ഇ.ഡി.ക്ക്. ഹാജരാക്കേണ്ട രേഖകളെ സംബന്ധിച്ച് നോട്ടീസിൽ വ്യക്തതയില്ലെങ്കിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താൻ കഴിയുമെന്നും അവർ പറയുന്നു.
പി.എം.എൽ. ആക്ടിന്റെ സെക്ഷൻ 50 പ്രകാരം അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ ആവശ്യപ്പെടാൻ ഇ.ഡി.ക്ക് അധികാരമുണ്ട്. എന്നാൽ, ഇത്തരത്തിൽ നോട്ടീസ് നൽകുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ ഉണ്ടായില്ല. മാത്രമല്ല, യു.വി.ജോസിന് അയച്ച അതേ സന്ദേശം മാധ്യമങ്ങൾക്ക് കൈമാറിയെന്ന വിമർശനവും സർക്കാർ ഉന്നയിക്കുന്നു. വിവിധ വികസനപദ്ധതികളിൽ പങ്കാളിയായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നതിനായിട്ടാണ് നോട്ടീസ് നൽകുന്നതെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. ഇത്തരം നീക്കം വികസനപദ്ധതികളെത്തന്നെ സ്തംഭനത്തിലാക്കുമെന്നും കരുതുന്നു.
എൻ.ഐ.എ., കസ്റ്റംസ് തുടങ്ങിയ ഏജൻസികളുടെ ഭാഗത്തുനിന്നൊന്നും ഉണ്ടാകാത്ത നീക്കങ്ങളാണ് ഇ.ഡി.യുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. ഇക്കാര്യത്തിൽ നിയമവിദഗ്ധരുടെ അഭിപ്രായവും തേടിയിരുന്നു. ഇ.ഡി.യുടെ സമീപനത്തിനെതിരേ കോടതിയെ സമീപിക്കേണ്ടതില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്.
എഫ്.സി.ആർ.എ. ലംഘനത്തിന്റെ പേരിൽ ലൈഫ് മിഷനെതിരായ സിബിഐ. അന്വേഷണത്തെ കോടതിയിൽ ചോദ്യംചെയ്തപോലുള്ള വിഷയമല്ല ഇ.ഡി.യുടെ കാര്യത്തിലുള്ളത്. വാട്സാപ്പിൽ നോട്ടീസ് നൽകിയതുപോലുള്ള വിഷയം കോടതിയിൽ ഉന്നയിച്ചാലും നിലനിൽക്കാൻ സാധ്യതയില്ല. അതേസമയം, ഇ.ഡി.യുടെ അതിരുവിട്ട നടപടികളെ ചെറുക്കുകയും വേണം. അതിന്റെ ഭാഗമായിരുന്നു അന്വേഷണ ഏജൻസികളെ കടന്നാക്രമിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനം എന്നാണ് വിലയിരുത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ