ക്രമികളായ തെരുവുനായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടിരിക്കുകയാണ് കേരള സർക്കാർ. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികയായ ഒരു സ്ത്രീ മരിച്ചതിന് പിന്നാലെയാണ് സർക്കാർ ഇത്തരമൊരു ഉത്തരവിറക്കിയത്. തെരുവുനായ് ശല്യത്തിനെതിരെ പൊതുവികാരം ഉയർന്ന പശ്ചാത്തലത്തിൽ സർക്കാർ അതിവേഗം ഉത്തരവിറക്കുകയായിരുന്നു. എന്നാൽ ഈ തീരുമാനം ശുദ്ധ അസംബന്ധമാണെന്ന് പറയാതെ വയ്യ.

അപകടകാരികളായ തെരുവുനായ്ക്കൾ എന്ന് ഉത്തരവിൽ എടുത്തുപറയുന്നുണ്ട്. നായ്ക്കൾ അപകടകാരികാളോ എന്ന് തിരിച്ചറിയാൻ പ്രത്യേക സംവിധാനമില്ലാത്തതിനാൽ, പാവം മൃഗങ്ങളെയും കൊല്ലാൻ പ്രാദേശിക ഭരണകൂടത്തിന് പഴുതുനൽകുന്നതാണ് ഈ ഉത്തരവ്. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണെങ്കിലും ഈ ഉത്തരവിറങ്ങിയതോടെ ഏത് നായയെയും അപകടകാരിയായി മുദ്രകുത്തി കൊല്ലാനുള്ള അവകാശമാണ് കൈവന്നിരിക്കുന്നത്.
നിസ്സഹായരായ പാവം മൃഗങ്ങളെ നിയമത്തിന്റെ അടിസ്ഥാനത്തിൽ വകവരുത്തുകയാണ് ഒരു ഭാഗത്ത്. എന്നാൽ, വെറും തമാശയ്ക്കുവേണ്ടി മൃഗങ്ങളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ നിയമത്തിന് കാര്യമായൊന്നും ചെയ്യാനാകുന്നില്ല. ചെന്നൈയിൽ കെട്ടിടത്തിന് മുകളിൽനിന്ന് നായയെ താഴേയ്ക്ക് വലിച്ചെറിഞ്ഞ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ജാമ്യത്തിലിറങ്ങുകയും ചെയ്തു. ആ കേസ് ഇപ്പോൾ എവിടെയുമെത്തിയിട്ടില്ല. ആകെയുണ്ടായത് രണ്ട് വിദ്യാർത്ഥികളെയും അവർ പഠിക്കുന്ന മെഡിക്കൽ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്തുവെന്ന് മാത്രം. മറ്റൊരു സംഭവത്തിൽ മെട്രോ സ്‌റ്റേഷനുമുന്നിൽ മൂന്ന് നായ്ക്കളെ കുത്തിമുറിവേൽപ്പിച്ചയാൾക്കെതിരെയും കാര്യമായ നടപടിയുണ്ടായില്ല.

തെരുവുനായ്പ്രശ്‌നത്തിൽ കേരള സർക്കാരിന്റെ ഇരട്ടത്താപ്പ് പകൽപോലെ വ്യക്തമാണ്. തെരുവു നായ്ക്കളെ എങ്ങനെ നേരിടണമെന്ന് ജനങ്ങളെ ബോധവൽക്കരിക്കാതെ അവയെ കൊന്നുതള്ളാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. തെരുവുനായ്ക്കളുടെ വളർത്തുകേന്ദ്രങ്ങളായ മാലിന്യക്കൂമ്പാരങ്ങൾ വൃത്തിയാക്കാതെ അവയെ കൊന്നുതീർക്കാനാണ് നീക്കം. വന്ധ്യംകരണം പോലെ നിയന്ത്രണ മാർഗങ്ങൾ അവലംബിക്കാതെ കൊന്ന് ഇല്ലാതാക്കാമെന്നാണ് കരുതുന്നത്.

എന്റെ പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ ഞങ്ങളുടെ തെരുവിൽ എട്ട് തെരുവ് നായ്ക്കളുണ്ടായിരുന്നു. പ്രകോപനപരമായി പെരുമാറുന്നവ. ഞാനോ അന്ന് പത്തുവയസ്സുണ്ടായിരുന്ന സഹോദരിയോ വീട്ടിലേക്ക് വരുമ്പോൾ അവ മുരളുകയും കുരച്ചുചാടുകയും ചെയ്തിരുന്നു. അവയെ പ്രകോപിപ്പിക്കാനോ കല്ലെറിഞ്ഞ് തുരത്താനോ ശ്രമിക്കാതെ പരിചയത്തിലാകാനാണ് ഞങ്ങൾ ശ്രമിച്ചത്. അവയ്ക്ക് ഭക്ഷണവും വെള്ളവും കൊടുത്തു. കുരച്ചുചാടിയിരുന്ന നായ്ക്കൾ എന്റെ സഹോദരിയുടെ സംരക്ഷകരായി മാറാൻ അധികം സമയം വേണ്ടിവന്നില്ല. ഇപ്പോഴും ഞാൻ പുറത്തിറങ്ങുമ്പോൾ അവ കൂടെയുണ്ടാകും. കാറുവരെ എന്നെ അനുഗമിക്കും. ഞങ്ങളൊരു വളർത്തുനായയെ വാങ്ങിയപ്പോഴും ആതിനെ ഈ നായ്ക്കൾ കൂട്ടത്തിലൊരാളായി കരുതി. ഇന്നേവരെ അതിനുനേർക്ക് അവർ കുരച്ചുചാടിയിട്ടില്ല.
എന്റേത് ഒരു ഒറ്റപ്പെട്ട അനുഭവമാകില്ല. ഇതുപോലെ ആയിരക്കണക്കിന് മൃഗസ്‌നേഹികളുണ്ടാകും. പ്രകോപിപ്പിച്ച് അവയെ കൂടുതൽ ഉപദ്രവകാരികളാക്കാതെ സ്നേഹത്തിലും നയത്തിലും അവയെ മയപ്പെടുത്താൻ ശ്രമിക്കുന്നവർ.

പ്രിയപ്പെട്ട കേരള സർക്കാരേ? കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പ് ചില ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ നന്നായിരുന്നു. അക്രമം കാട്ടുന്ന മനുഷ്യരെ ഇതുപോലെ ഇല്ലാതാക്കാൻ നിങ്ങൾ ശ്രമിക്കുമോ? ഒരു രാഷ്ട്രീയക്കാരൻ അഴിമതി കാട്ടിയാൽ അയാളെ പുറത്താക്കാൻ തയ്യാറാകുമോ?

(ടെക് ജേണലിസ്റ്റും ഫോട്ടോഗ്രാഫറുമാണ് ലേഖകൻ)