ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ സന്ദർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതി ഭവനിലെത്തിയ കേരള ഗവർണർ ലക്ഷ്മി സമേതനായ അനന്തശയന വിഗ്രഹമാണ് രാഷ്ട്രപതിക്ക് സമ്മാനിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരും മന്ത്രിമാരും രാഷ്ട്രപതിയെ സന്ദർശിക്കാനെത്തുന്നുണ്ട്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമായിരുന്നപ്പോൾ ദ്രൗപതി മുർമുവിന്റെയും ആരിഫ് മുഹമ്മദ് ഖാന്റെയും പേരുകൾക്ക് പ്രാമുഖ്യം ലഭിച്ചിരുന്നു. ഗോത്ര വിഭാഗത്തിൽനിന്നുള്ള ഒരാളെ പരമോന്നത പദവിയിൽ എത്തിക്കാൻ ബിജെപി നേതൃത്വം ഒടുവിൽ തീരുമാനിക്കുകയായിരുന്നു.

ദ്രൗപദി മുർമുവിനെ എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കിയത് അഭിനന്ദനാർഹമെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആദ്യത്തെ ആദിവാസി വനിതാ പ്രസിഡന്റ് രാജ്യത്തിന് ഉണ്ടാകും. എല്ലാവിഭാഗം ജനങ്ങൾക്കും പങ്കാളിത്തമുള്ള ഭരണം സാധ്യമാകും. പ്രധാനമന്ത്രി നാളുകളായി പറയുന്നത് ഇതാണെന്നും ഗവർണർ പറഞ്ഞുരുന്നു.

വെങ്കയ്യ നായിഡു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയർന്നതിന് ശേഷമാണ് വനിതയും ആദിവാസി വിഭാഗത്തിൽ നിന്നുൾപ്പെട്ടതുമായ ദ്രൗപദി മുർമ്മുവിലേക്ക് ബിജെപി എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആർഎസ്എസ് നേതൃത്വവുമായും എൻഡിഎ ഘടകകക്ഷികളുമായും മികച്ച ബന്ധം പുലർത്തുന്നയാളാണ് ദ്രൗപദി മുർമു. ഒഡിഷയിലെ സന്താൾ വിഭാഗത്തിൽനിന്നുള്ള മുർമു ഝാർഖണ്ഡിൽ കാലാവധി തികച്ച ആദ്യ ഗവർണർ ആണ്.

ദ്രൗപതി മുർമുവിന് പുറമെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, ഛത്തിസ്ഗഢ് ഗവർണർ അനുസൂയ ഉയിക്കെ, കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട് എന്നിവരുടെ പേരുകളും രാഷ്ട്രപതി സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കവെ ബിജെപി ക്യാംപുകളിൽ പറഞ്ഞുട്ടിരുന്നു. ഇതിൽ ഗോത്രവിഭാഗത്തിൽനിന്നുള്ള മുർമുവിന്റെയും മുസ്ലിം ആയ ആരിഫ് മുഹമ്മദ് ഖാന്റെയും പേരുകൾക്ക് പ്രാമുഖ്യം ലഭിച്ചിരുന്നു. പിന്നീട് ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിനുള്ള ചർച്ചാ വേളകളിലും ആരിഫ് മുഹമ്മദ് ഖാന്റെ പേര് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്‌സണായി. 2013ൽ ഒഡീഷയിലെ പാർട്ടിയുടെ പട്ടികവർഗ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം സംസ്ഥാന സർക്കാറിനെ വീണ്ടും പ്രതിരോധത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. കെ കെ രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ ഗവർണ്ണർ ഇടപ്പെട്ടു. പ്രിയ വർഗീസിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് പരാതി ഉയർന്നതിന്റെ സാഹചര്യത്തിലാണ് ഗവർണർ നടപടി സ്വീകരിച്ചത്.