പാലക്കാട്: വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികൾക്ക് കേരള സർക്കാരിന്റെ കൈത്താങ്. വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന പ്രവാസി മലയാളികളുടെ കേസുകൾ ഏറ്റെടുത്തു നടത്താനും അവർക്ക നിയമ സഹായം ലഭ്യമാക്കാനും നോർക്കയുടെ സഹായത്തോടെ ലീഗൽ ലെയ്‌സൺ ഓഫീസർ (എൽ.എൽ.ഒ.)മാരെ വിവിധ രാജ്യങ്ങളിൽ നിയമിക്കാൻ സർക്കാർ ഒരുങ്ങുന്നു.

നോർക്കയുടെ സഹായത്തോടെയാണ് എൽ.എൽ.ഒ.മാരെ വിവിധ രാജ്യങ്ങളിൽ നിയമിക്കുന്നത്. ജോലി, പാസ്‌പോർട്ട്, വിസ, വഞ്ചനക്കേസുകൾ എന്നിവയിൽപ്പെട്ട് ജയിലിലാവുന്നവർക്കാണ് പ്രയോജനം ലഭിക്കുക. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങൾ, ഇറാഖ്, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലുള്ളവർക്കാണ് സഹായം ലഭിക്കുക. ഇതിനായി അതത് രാജ്യങ്ങളിലെ മലയാളികൂട്ടായ്മകളുടെ സഹായവും തേടും.

അഭിഭാഷകരംഗത്ത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും നിയമിക്കപ്പെടുന്ന രാജ്യത്തെ നിയമങ്ങളിൽ അവബോധവുമുള്ളവരെയുമാണ് ലീഗൽ ലെയ്‌സൺ ഓഫീസർമാരായി നിയമിക്കുക. ഇതിനായി നോർക്ക സിഇഒ. തലവനായ സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. വൈകാതെ നിയമനം നടത്തുമെന്ന് നോർക്ക റൂട്ട്‌സ് അധികൃതർ പറഞ്ഞു.

അതേസമയം വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികൾ എത്രയുണ്ടെന്നതിന് യാതൊരു കണക്കും ഇല്ല. വിദേശ ജയിലുകളിൽ എത്ര മലയാളികളുണ്ടെന്നതിന്റെ വ്യക്തമായ കണക്ക് സംസ്ഥാന സർക്കാരിലോ നോർക്ക റൂട്ട്‌സിലോ ഇല്ല. വിവരങ്ങൾ പുറത്തുവിടാൻ ചില രാജ്യങ്ങളിലെ നിയമവ്യവസ്ഥകൾ അനുവദിക്കാത്തതാണ് കാരണമെന്നാണ് നോർക്ക റൂട്ട്‌സ് അധികൃതർ പറയുന്നത്.

2018 ഓഗസ്റ്റിൽ കേന്ദ്ര വിദേശകാര്യമന്ത്രി പാർലമെന്റിൽ സമർപ്പിച്ച കണക്കനുസരിച്ച് 7,737 ഇന്ത്യക്കാരാണ് 77 വിദേശരാജ്യങ്ങളിലെ ജയിലുകളിലുള്ളത്. ഇതിൽ 17 ശതമാനത്തോളം മലയാളികളാണെന്നാണ് പ്രാഥമിക നിഗമനം. സൗദിഅറേബ്യയിലെയും യു.എ.ഇ.യിലെയും ജയിലുകളിലുള്ള 3460 ഇന്ത്യക്കാരിൽ 35 ശതമാനത്തോളം മലയാളികളാണെന്നാണ് നിഗമനം.

സഹായം ആർക്കൊക്കെ

* അംഗീകൃത പാസ്‌പോർട്ടും വിസയും ഉള്ളവർക്ക്.

* ജയിലിലുള്ള മലയാളികളുടെ ബന്ധുക്കൾക്ക്.

ലഭിക്കുന്ന സഹായങ്ങൾ

* ലീഗൽ ലെയ്‌സൺ ഓഫീസർമാർ കേസുകൾ ഏറ്റെടുക്കും.

* ദയാഹർജി, നഷ്ടപരിഹാര ഹർജി എന്നിവയ്ക്ക് ഉപദേശവും സഹായവും.

* മലയാളി സാംസ്‌കാരിക സമിതികളുമായി ചേർന്ന് നിയമബോധവത്കരണ പരിപാടികൾ.

* ദ്വിഭാഷാ പണ്ഡിതന്മാരുടെ സഹായം.

* വിദേശ രാജ്യങ്ങളിൽനിന്നുള്ള നിയമസഹായം