തിരുവനന്തപുരം: ലോകത്തിന്റെ നെറുകയിലേക്കെത്താനുതകുന്ന നിരവധി കായികതാരങ്ങൾ കേരളത്തിന് സ്വന്തമായി ഉണ്ടെങ്കിലും കായിക മേഖലയോടയും താരങ്ങളോടും കാട്ടുന്ന വൈമനസ്യവും പിന്തിരിപ്പൻ നിലപാടുകൾക്കും ഇന്നത്തെ കാലത്തും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല.അവഗണനയുടെ കഥകൾ മാത്രം കേട്ട് ശീലിച്ച കേരളത്തിന്റെ കായികമേഖലയ്ക്ക് ഇതൊക്കെ ഒരു ശീലമായെങ്കിലും കേരളത്തിന്റെ കായികതാരങ്ങൾ സ്വന്തം പരിശ്രമത്തിൽ നേട്ടം കൊയ്യുമ്പോൾ ആ അഭിമാനത്തിൽ പങ്കാളിയാകുമ്പോഴെങ്കിലും അവർക്ക് അർഹതപ്പെട്ടത് നൽകാൻ നാം വിമുഖത കാട്ടരുതെന്ന് ഇനി എപ്പോഴാണ് നമ്മുടെ സർക്കാർ തിരിച്ചറിയുക.നേട്ടങ്ങളുടെ നിറശോഭയിൽ നിൽക്കുമ്പോൾ മറ്റു സർക്കാറുകൾ ആവരുടെ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കണ്ട് ശ്രീജേഷ് നമ്മളെ നോക്കി ചിരിക്കുകയാണ്.

ഇന്ത്യയുടെ തങ്കമകനായി മാറിയ നീരജ് ചോപ്രയ്ക്ക് സ്വർണ്ണനേട്ടത്തിന് ശേഷം നിമിഷങ്ങൾക്കകമാണ് ഹരിയാന സർക്കാർ ആറു കോടി പാരിതോഷികം പ്രഖ്യാപിച്ചത്.ഹോക്കിയിൽ മെഡൽ നേടിയ പുരുഷ ടീമംഗങ്ങൾക്ക് ഒരു കോടി വിതമാണ് പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചത്.ഭാരോദ്വഹനത്തിലെ വെള്ളിക്ക് മീരഭായ് ചാനുവിനും നൽകി ജോലിയും സാമ്പത്തീക സഹായങ്ങളും.ഇത്രയൊക്കെ മാതൃകകൾ മുൻപിലുള്ളപ്പോഴാണ് ഹോക്കിയിൽ വെങ്കലം നേടിയ ശ്രീജേഷിന്റെ കാര്യത്തിൽ സർക്കാർ ഇപ്പോഴും മൗനം പാലിക്കുന്നത്. മെഡൽ നേട്ടത്തിന് ദിവസങ്ങൾക്കിപ്പുറം ആ നേട്ടത്തിന്റെ ക്രെഡിറ്റിൽ അഭിമാന പുളകിതരാവുക കൂടി ചെയ്തിട്ടും ശ്രീജേഷിന്റെ കാര്യത്തിൽ സർക്കാറിന് ഇപ്പോഴും മൗനമാണ്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോട് ചോദിക്കുമ്പോഴും എന്തുപറയണമെന്നറിയാതെ കുഴങ്ങുകയാണ്.ഒടുവിൽ പറഞ്ഞ മറുപടിയാണ് അതിനേക്കാൾ വിരോധാഭാസം നാട്ടിലെ ഒരു റോഡിന് പേര് നൽകിയതാണ് ഏറ്റവും മഹത്തകമായ കാര്യമെന്ന്.

കായിക പ്രതിഭകളെ കയ്യുംമെയ്യും മറന്ന് പ്രോത്സാഹിപ്പിക്കുന്ന ഒരു നാട്ടിൽ നിന്നല്ല ശ്രീജേഷിന്റെ ഈ നേട്ടം.പരിശീലിക്കാൻ ഒരു ഗ്രൗണ്ട് പോലുമില്ലാത്ത നാട്ടിൽ നിന്ന് മറ്റുസംസ്ഥാനത്ത് പോയി പരിശീലിച്ച് സ്വന്തം അധ്വാനം കൊണ്ട് നേട്ടങ്ങൾ കൊയ്‌തെടുത്തപ്പോഴും തന്നെ അവഗണിച്ച നാടിനെ ശ്രീജേഷ് പക്ഷെ അവഗണിച്ചില്ല.ലോകത്തിന്റെ ഏത് കോണിൽ പോയാലും താൻ മലയാളിയാണെന്ന് പറയാൻ ഒരു മടിയും അദ്ദേഹത്തിനില്ലെന്നത് ഇതിനോടകം തെളിഞ്ഞതാണ്.2012 ലെ ലണ്ടൻ ഒളിമ്പിക്‌സിന്റെ കാലത്ത് ലണ്ടൻ നഗകമധ്യത്തിൽ ലുങ്കിയുമുടുത്ത് പ്രത്യക്ഷപ്പെട്ട ശ്രീജേഷിന്റെ ചിത്രം ലോകമാധ്യമങ്ങൾ തന്നെ ഏറ്റെടുത്തതാണ്. ഇതൊന്നും അദ്ദേഹം പേരിനൊ പ്രശസ്തിക്കോ വേണ്ടി ചെയ്തതല്ല. തന്നോടുള്ള അവഗണന തുടരുമ്പോഴും താൻ മലയാളി തന്നെയെന്ന് ശ്രീജേഷ് ഉറക്കെ പറഞ്ഞുകൊണ്ടേ ഇരുന്നു.

ശ്രീജേഷിന്റെ വെങ്കലത്തിന് കേരളത്തിൽ പൊന്നിന്റെ തിളക്കം തന്നെയാണ്.കാരണം കേരളത്തിൽ നിന്ന് ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ശ്രീജേഷ്്.താൻ നേരിടുന്ന അവഗണനയെക്കുറിച്ച് ശ്രീജേഷ് ഒരു സ്വകാര്യച്ചടങ്ങിനിടെ തമാശയെന്നോണം പറഞ്ഞ വാക്കുകൾ ഇന്നും പ്രസക്തമാണ്.എറണാകുളത്തെ പ്രമുഖ ഹോട്ടലിൽ ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത്. അന്ന് ശ്രീജേഷ് തമാശയായി പറഞ്ഞു: ''ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനോ താരമോ ആണ് ഇവിടെയെത്തിരുന്നതെങ്കിൽ എന്തായിരുന്നേനേ സ്ഥിതി. ഞാനൊരു ഹോക്കി താരമായി പോയില്ലേ''.പ്രതിഭയെ അംഗീകരിക്കാൻ ഇതിൽ കൂടുതൽ അയാൾ എങ്ങിനെയാണ് തന്റെ കഴിവുകൾ തെളിയിക്കേണ്ടത്.എന്ത് ആശയക്കുഴപ്പമാണ് ഈ കാര്യത്തിൽ സർക്കാറിനുണ്ടാവേണ്ടത്.

 

സംസ്ഥാന സർക്കറിന്റെ മൗനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. കേന്ദ്രസർക്കാറിനെ പുകഴത്തിയതുകൊണ്ടാണ് ശ്രീജിത്തിനെ കേരളസർക്കാർ തഴയുന്നതെന്ന തരത്തിൽ ട്വിറ്ററിൽ ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.മെഡൽ വിജയത്തിന് ശേഷം ശ്രീജേഷ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോ പങ്കുവച്ചാണ് ശ്രീജേഷിന് പലരും പിന്തുണ അർപ്പിച്ചത്.പിണറായിയുടെ സാമ്രാജ്യത്തിൽ നിൽക്കുമ്പോൾ നിങ്ങൾ മറ്റാരേയും വാഴ്‌ത്താൻ പാടില്ല.അങ്ങിനെയങ്കിൽ നിങ്ങളുടെ അവസ്ഥ ഇതായിരിക്കുമെന്നാണ് സർക്കാറിനെ വിമർശിച്ച് വീഡിയോ പങ്കുവെച്ച് ഒരാൾ പറഞ്ഞത്.

ട്രോളന്മാരും സർക്കാറിനെ വിടാതെ പിടികൂടിയിട്ടുണ്ട്. മറ്റ സംസ്ഥാനങ്ങൾ പ്രഖ്യാപിച്ച പാരിതോഷികവും ശ്രിജേഷിന് പ്രഖ്യാപിച്ച ഓണക്കോടിയെയും ഉൾപ്പെടുത്തിയാണ് ട്രോളന്മാർ സർക്കറിനെ വിമർശിക്കുന്നത്.പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ ഇനി വല്ല പാരിതോഷികവും പ്രഖ്യാപിച്ച് പതിവ് പോലെ സൈബർ സഖാക്കളുടെ ന്യായികരണ പോസ്റ്റും കൊണ്ട് വന്നാൽപ്പോലും ഇപ്പോൾ കാട്ടുന്ന അവഗണനയക്കൊന്നും ഒരു പരിഹാരമാവില്ല. കാരണം ചില കാര്യങ്ങൾക്കൊക്കെ ഒരു വിലയുണ്ടാകുന്നത് അത് വേണ്ട സമയത്ത് ചെയ്യുമ്പോൾ മാത്രമാണ്.ഒരു പക്ഷെ ശ്രിജേഷിനെ സംബന്ധിച്ച് ഇതൊന്നും ഒരു പ്രശ്‌നമാവില്ല.. കാരണം ശ്രീജേഷിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ ഈ അവഗണനയൊക്കെ എനിക്ക് എന്നേ ശീലമായിക്കഴിഞ്ഞു.