- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതൊക്കെ വിഴുങ്ങി സംസ്ഥാനസർക്കാർ; വാക്സിൻ ചലഞ്ചിലേയ്ക്ക് സംഭാവന നൽകിയവരും വഞ്ചിക്കപ്പെട്ടു; കോവിഡ് വാക്സിനേഷനും കോവിഡാനന്തര ചികിത്സയും ഇനി സൗജന്യമല്ല; പണമുള്ളവൻ മാത്രം വാക്സിനെടുത്താൽ മതിയെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനം കോവിഡിന്റെ പിടിയിലമരുമ്പോൾ കോവിഡ് പ്രതിരോധത്തിനായുള്ള വാഗ്ദാനങ്ങളിൽ നിന്നും പിന്മാറി സംസ്ഥാന സർക്കാർ. കോവിഡ് വാക്സിനേഷനും കോവിഡാനന്തര ചികിത്സയും സൗജന്യമായിരിക്കുമെന്ന മുൻ പ്രഖ്യാപനങ്ങളിൽ നിന്നാണ് സർക്കാർ ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങൾ കോവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ സൗജന്യങ്ങൾ ഏർപ്പെടുത്തുമ്പോഴാണു സ്വന്തം നയം തിരുത്തി അധിക ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള കേരളത്തിന്റെ തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയിലേക്കു കേരളം എത്തിയിട്ടും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.
സംസ്ഥാനങ്ങൾ ഒരു ഡോസ് വാക്സീൻ 400 രൂപ നൽകി വാങ്ങണമെന്നു കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ ആദ്യം എതിർപ്പ് ഉന്നയിച്ച മുഖ്യമന്ത്രിമാരിൽ പിണറായി വിജയനും ഉണ്ടായിരുന്നു. കേരളത്തിൽ സൗജന്യ വാക്സിനേഷനു വേണ്ടി 1300 കോടി രൂപ കണ്ടെത്തുന്നതിന്റെ ഭാഗമായി വാക്സീൻ ചാലഞ്ചും ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സ്ഥാപനങ്ങളും വ്യക്തികളും കോടികളാണു സംഭാവന ചെയ്തത്.
ദുരിതാശ്വാസ നിധിയിൽ ഈ തുക പ്രത്യേക അക്കൗണ്ടിൽ ശേഖരിക്കുമെന്ന് അന്നു വാക്കു നൽകിയെങ്കിലും പാലിച്ചിട്ടില്ല. പിന്നീടു സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നു 75% വാക്സീൻ സൗജന്യമായി നൽകാമെന്നും 25% സ്വകാര്യ ആശുപത്രികൾ കമ്പനി നിശ്ചയിക്കുന്ന വിലയ്ക്കു വാങ്ങി വിതരണം ചെയ്യണമെന്നും കേന്ദ്രം തീരുമാനിച്ചു.
നിശ്ചിത ഡോസിൽ കുറവു വാക്സീൻ സ്വകാര്യ ആശുപത്രികൾക്കു നൽകില്ലെന്നു കമ്പനികൾ തീരുമാനിച്ചതോടെ സംസ്ഥാനം ഇടപെട്ടു. ഇവർക്ക് 20 ലക്ഷം ഡോസ് വാക്സീൻ നൽകാൻ 126 കോടി രൂപ വാക്സീൻ ചാലഞ്ചിൽ നിന്നു ചെലവഴിക്കാൻ തീരുമാനമായി. സർക്കാർ 630 രൂപയ്ക്കു വാക്സീൻ നൽകുമ്പോൾ അതേ തുക ആശുപത്രികൾ തിരികെ നൽകണം.
ആശുപത്രികൾ 150 രൂപ സർവീസ് ചാർജ് കൂടി ഈടാക്കിയാണു വാക്സീൻ നൽകുന്നത്. തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾ സ്വകാര്യ ആശുപത്രികൾ വഴിയും സൗജന്യമായി വാക്സീൻ നൽകുന്നുണ്ട്. കർണാടകയും ഈ രീതിയിലേക്കു മാറാൻ തീരുമാനിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ സർവീസ് ചാർജ് മാത്രം നൽകിയാൽ മതി.
കോവിഡനന്തര ചികിത്സയ്ക്ക് എപിഎല്ലുകാരിൽ നിന്നു പണം ഈടാക്കാനുള്ള ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്താൻ സർക്കാർ ഒരുക്കമല്ല. ജനറൽ വാർഡിൽ ഒരു ദിവസം കഴിയുന്നതിന് 750 രൂപ നൽകണം. വെന്റിലേറ്ററിനു ദിവസം 2000 രൂപയാണ്.
ബ്ലാക് ഫംഗസ് ചികിത്സ ഉൾപ്പെടെ കോവിഡനന്തര ശസ്ത്രക്രിയകൾക്ക് 27500 രൂപവരെയാണു നിരക്ക്. ഏതു വിഭാഗത്തിനും ഏതു ചികിത്സയ്ക്കും സർക്കാർ ആശുപത്രികളിൽ പേ വാർഡിനു മാത്രം തുക ഈടാക്കിയിരുന്ന കേരള മോഡൽ പതിറ്റാണ്ടുകളായി ശ്രദ്ധേയമായിരിക്കുമ്പോഴാണു സർക്കാർ നയം മാറ്റിയത്.