- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ ബേബി ഡാമിനു താഴെ 15 മരങ്ങൾ മുറിക്കാൻ കേരളത്തിന്റെ അനുമതി; ആവശ്യം അംഗീകരിച്ച പിണറായി വിജയന് നന്ദി പറഞ്ഞ് സ്റ്റാലിൻ; ബലപ്പെടുത്തൽ പൂർത്തിയാൽ ജലനിരപ്പ് ഉയർത്തിയേക്കും; 152 അടിയാക്കുമെന്ന തമിഴ്നാട് മന്ത്രിയുടെ പ്രഖ്യാപനത്തിൽ ആശങ്ക
ചെന്നൈ: മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങളും വെട്ടി നീക്കാൻ കേരളം തമിഴ്നാടിന് അനുമതി നൽകി. മരങ്ങൾ വെട്ടി നീക്കുന്നതോടെ തമിഴ്നാട് ബേബി ഡാം ബലപ്പെടുത്തൽ ആരംഭിക്കും. തമിഴ്നാടിന്റെ ആവശ്യം അംഗീകരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് സ്റ്റാലിൻ കത്തയച്ചു.
ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ തീരുമാനം സഹായിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച തമിഴ്നാട് ജലവിഭവ മന്ത്രി എസ്.ദുരൈമുരഗനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താനുള്ള തടസ്സം ഇതോടെ നീങ്ങിയെന്നും സ്റ്റാലിൻ പറഞ്ഞു. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രിമാർ പറഞ്ഞിരുന്നു. എന്നാൽ ജലനിരപ്പ് 152 അടിയാക്കുന്നതിനെ കുറിച്ച് സ്റ്റാലിന്റെ കത്തിൽ പരാമർശമില്ല. വണ്ടിപ്പെരിയാറിൽ നിന്ന് ഡാമിലേക്കുള്ള റോഡ് നന്നാക്കാനും അനുമതി വേണമെന്നും കത്തിൽ സ്റ്റാലിൻ അഭ്യർത്ഥിച്ചു.
ബേബി ഡാമിനെ ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്നാട് ഇന്നലെ വ്യക്തമാക്കിയിരുന്നു. കോടതി നിർദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ പൂർത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്നാണ് തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുഗൻ അറിയിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ബേബി ഡാം ബലപ്പെടുത്തിയ ശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാം. ബേബി ഡാം ബലപ്പെടുത്തുന്നതിന് താഴെയുള്ള മൂന്നു മരങ്ങൾ വെട്ടണം. അതിനുള്ള അനുമതി കേരള സർക്കാർ നൽകണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പിണറായി സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് കേരള സർക്കാർ അനുമതി നൽകിയത്.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നതിനെതിരെ തമിഴ്നാട്ടിൽ എഐഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് ഡിഎംകെ സർക്കാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചതെന്നായിരുന്നു എഐഡിഎംകെയുടെ ആരോപണം.
സുപ്രീംകോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കേ അതിനും മുൻപേ വെള്ളം ഒഴുക്കി വിടുന്നതിനെതിരെ അണ്ണാ ഡിഎംകെ നേതാവും മുൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഒ.പനീർ സെൽവം രംഗത്ത് എത്തി.
കേരളത്തിന്റെ മുന്നിൽ തമിഴ്നാടിന്റെ അധികാരങ്ങൾ അടിയറവ് വയ്ക്കുകയാണ് ഡിഎംകെ സർക്കാരെന്ന് പനീർസെൽവം പറഞ്ഞു. 142 അടി എത്തുന്നതിന് മുമ്പ് വെള്ളം ഒഴുക്കിവിട്ടത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. തമിഴ്നാട്ടിലെ കർഷകരെ സ്റ്റാലിൻ മറക്കുകയാണെന്നും കേരളവുമായി ഡിഎംകെ സർക്കാർ ഒത്തുകളിക്കുകയാണെന്നും പനീർസെൽവം ആരോപിച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ ഡിഎംകെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ടു കൊണ്ട് പരസ്യപ്രതിഷേധത്തിലേക്കും അണ്ണാ ഡിഎംകെ നീങ്ങുകയാണ്. മുല്ലപ്പെരിയാർ വിഷയം വലിയ സ്വാധീനം ചെലുത്തുന്ന തേനി,മധുര,ശിവഗംഗ,ദിണ്ടിഗൽ,രാമനാഥപുരം ജില്ലകളിൽ പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. ജലനിരപ്പ് 142 അടി നിലനിർത്തണമെന്ന് ആവശ്യപ്പെട്ടായിരിക്കും അണ്ണാഡിഎംകെ പ്രതിഷേധം. ഇത് തള്ളിയ മന്ത്രി ദുരൈമുരുഗൻ റൂൾ കർവ് പ്രകാരം ആണ് സ്പിൽ വേ തുറന്നതെന്നും വ്യക്തമാക്കി.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും 136 അടിയലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് തമിഴ്നാട് മന്ത്രി ജലനിരപ്പ് ഉയർത്തുന്നത് സംബന്ധിച്ച് പ്രസ്താവന നടത്തിയത്. തമിഴ്നാട്ടിലെ അഞ്ചംഗ മന്ത്രിതല സംഘമാണ് മുല്ലപ്പെരിയാർ സന്ദർശിച്ചത്. മന്ത്രി ദുരൈമുരുഗനൊപ്പം സഹകരണം, ധനകാര്യം, വാണിജ്യനികുതി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിമാരാണ് മുല്ലപ്പെരിയാറിലെത്തിയത്. ഇവർക്കൊപ്പം ഏഴോളം എംഎൽഎമാരും സ്ഥലം സന്ദർശിച്ചിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.50 അടിയായി കുറഞ്ഞതോടെ സ്പിൽവേയിലെ ഏഴു ഷട്ടറുകളും തമിഴ്നാട് അടച്ചിരുന്നു. ഇനി അടയ്ക്കാനുള്ളത് ഒരു ഷട്ടർ മാത്രമാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ 20 സെന്റിമിറ്ററായി തുറന്നിട്ടുള്ള ഷട്ടറിന്റെ ഉയരം കുറച്ചിട്ടുണ്ട്. സെക്കന്റിൽ 980 ഘനയടി വെള്ളമാണ് ഇപ്പോൾ സ്പിൽവേ വഴി ഇടുക്കിയിലേക്ക് ഒഴുകുന്നത്. ഇതിനിടെ ഇടുക്കിയിലെ ജലനിരപ്പ് ഉയർന്ന് 2398.72 അടിയിലെത്തി. 2398.79 അടിയാണ് റെഡ് അലർട്ട് ലെവൽ.
മറുനാടന് മലയാളി ബ്യൂറോ