മുംബൈ: പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ കിരീടം കേരള ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമായെങ്കിലും ടീമിന്റെ കനേഡിയൻ താരവും മലയാളികളുടെ ഇഷ്ടതാരവുമായി ഇയാൻ ഹ്യൂമിനെ  ഏറ്റവും മികച്ചതാരമായി തെരഞ്ഞെടുത്തു. സ്വർണപ്പന്തും നാലു ലക്ഷം രൂപയുമാണ് പുരസ്‌ക്കാരം. കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ ഈ കാനഡക്കാരൻ നിർണായക പങ്കുവഹിച്ചിരുന്നു. യുവതാരമായി ബ്ലാസ്‌റ്റേഴ്‌സിന്റെ തന്നെ പ്രതിരോധക്കാരൻ സന്ദേശ് ജിങ്കാനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 

അതേസമയം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള സുവർണപാദുകം ചെന്നൈ എഫ്‌സിയുടെ എലാനോ ബ്ലൂമർ സ്വന്തമാക്കി. ടൂർണമെന്റിൽ എട്ടു ഗോളാണ് എലാനോ അടിച്ചുകൂട്ടിയത്. മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ ഗോവാ എഫ്‌സിയുടെ യാൻ സേഡയ്ക്കാണ്. മോസ്റ്റ് എക്‌സൈറ്റിങ് പ്ലേയറായി അത്‌ലിറ്റിക്കോ ഡി കൊൽക്കത്തയുടെ ലൂയിസ് ഗാർഷ്യയും മോസ്റ്റ് ഫിറ്റസ്റ്റ് പ്ലേയറായി മുംബൈ എഫ്‌സിയുടെ മധ്യനിര താരം യാൻ സ്‌റ്റോഹാൻസലും നേടി.

കൊൽക്കത്തയ്‌ക്കെതിരെ പൂണെ സിറ്റിക്കുവേണ്ടി ഗ്രീക്ക് താരം കൊൺസ്റ്റാന്റിനോസ് കാറ്റ്‌സൗറാനിസ് നേടിയ ഗോളാണ് ലീഗിലെ ഏറ്റവും മികച്ച ഗോൾ. മികച്ച ആരാധകർക്കുള്ള ഹാപ്പി ഫാൻസ് അവാർഡ് കേരളത്തിന്റെ ആരാധകർ സ്വന്തമാക്കി. ഒന്നേകാൽ കോടി രൂപയാണ് പുരസ്‌കാരം. മികച്ച രണ്ടാമത്തെ ആരാധകർക്കുള്ള പുരസ്‌കാരം നോർത്ത് ഈസ്റ്റിനാണ്.തനിക്ക് കിട്ടിയ സമ്മാനത്തുക ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയ്ക്കും ചെന്നൈയിൻ എഫ്‌സിക്കും വേണ്ടി ഉപയോഗിക്കുമെന്ന് സുവർണ പാദുകം നേടിയ എലാനോ വ്യക്തമാക്കി. ലീഗിൽ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് എട്ട് കോടി രൂപ സമ്മാനത്തുക ലഭിക്കും. റണ്ണേഴ്‌സ് അപ്പായ ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടിയും.