കൊച്ചി: സാംസ്‌ക്കാരി മന്ത്രി കെ സി ജോസഫിനെതിരെ കോടതി അലക്ഷ്യ നടപടി. ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ച കേസിൽ മന്ത്രി നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈമാസം 16ാം തീയ്യതി മന്ത്രി നേരിട്ട് ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

അഡ്വക്കറ്റ് ജനറലിന്റെ മറുപടി സ്വീകരിക്കാതെയാണ് മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് ജസ്റ്റിസുമാരായ തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, സുനിൽ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നടപടിയെടുത്തത്. വി. ശിവൻകുട്ടി എംഎ‍ൽഎ നൽകിയ ഹരജിയിൽ അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണിയുടെ തീരുമാനം നേരത്തേ കോടതി ആരാഞ്ഞിരുന്നു. അഡ്വക്കറ്റ് ജനറൽ തീരുമാനം ഉണ്ടാകാത്തതിൽ കോടതി അതൃപ്തി തുറന്ന് പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സിനുവേണ്ടി അഡ്വ. ജയശങ്കറും ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. ഇതിൽ എജി നടപടിയൊന്നും സ്വീകരിക്കാത്തതിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്.

ചായത്തൊട്ടിയിൽ വീണ കുറുക്കൻ എന്ന ഉപമ നീതിപീഠത്തെ അവഹേളിക്കുന്നതും പൊതുജനങ്ങൾക്കിടയിൽ കോടതിയെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കെസി ജോസഫിന്റെ പരാമർശം മാദ്ധ്യമങ്ങളിലൂടെ വാർത്തയായി പ്രചരിച്ചുവെന്നും ഇത് കോടതിയെ കുറിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പിന് ഇടയാക്കിയെന്നും പരാതിയിൽ പറയുന്നു. മന്ത്രിക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യകുറ്റം ചുമത്തി നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. 

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച സാഹചര്യത്തിലായിരുന്നു ജസ്റ്റിസിനെ രൂക്ഷമായി വിമർശിച്ച് കെ സി ജോസഫ് രംഗത്തുവന്നത്. 2015 ജൂലൈയിലാണ് കേസിനാസ്പദമായ വിവാദ ഫേസ്‌ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കേസിലേക്ക് വലിച്ചിഴക്കാൻ ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന് എന്താണ് അവകാശമെന്നായിരുന്നു കെ.സി ജോസഫ് ചോദിച്ചത്. ജഡ്ജിയുടെ പൂർവകാല ചരിത്രം പരിശോധിച്ചാൽ അദ്ദേഹം പറയുന്നതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും പബ്ലിസിറ്റി ക്രെയ്‌സ് എല്ലാവരെയും ബാധിച്ചാൽ എന്തും ചെയ്യുമെന്നും ജോസഫ് പറഞ്ഞിരുന്നു. ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കൻ ഓരിയിട്ടാൽ കുറ്റപ്പെടുത്താനാവുമോയെന്നും മുഖ്യമന്ത്രിയെ കേസിലേക്കു വലിച്ചിഴക്കാൻ ജഡ്ജിക്ക് എന്തവകാശമാണുള്ളതെന്നും ഫേസ്‌ബുക്ക് കുറിപ്പിലുണ്ടായിരുന്നു.

കോടതിയുടെ മാന്യതയും അനന്തസും കാത്തു സൂക്ഷിക്കാൻ ജഡ്ജിമാർക്കും ബാധ്യതയില്ലെയെന്നും പബ്ലിക് ക്രേസ് ബാധിച്ചാൽ എന്തുചെയ്യുമെന്നും കെ സി ജോസഫ് ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചു. കമന്റ് പറയുന്നവരുടെ പൂർവകാലം പരിശോധിച്ചാൽ ഇത്തരം കമന്റ് പറയുന്നതിൽ അദ്ഭുതമില്ലെന്നും പോസ്റ്റിൽ അദ്ദേഹം പറയുകയുണ്ടായി. കലികാല വൈഭവം അല്ലാതെന്തു പറയാൻ എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരുന്നത്. ഇതാണ് കേസിന് ഇടയാക്കിയത്.

സർക്കാർ കേസ് നടത്തിപ്പിലെ നിരന്തര വീഴ്ച ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിനെതിരെ രൂക്ഷമായ ഭാഷയിൽ ഹൈക്കോടതി അന്ന് വിമർശിച്ചിരുന്നു. നല്ലരീതിയിൽ കേസ് നടത്താൻ കഴിയില്ലെങ്കിൽ അഡ്വക്കറ്റ് ജനറൽ ഓഫിസ് അടച്ചുപൂട്ടുന്നതാണ് ഉചിതമെന്നും സോളാർ കേസിൽ കാട്ടുന്ന ആത്മാർഥത മറ്റു കേസുകളിൽ ഇല്ലെന്നും ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വാക്കാൽ നിരീക്ഷിച്ചിരുന്നു. എ.ജി ഓഫിസിന്റെ കാര്യക്ഷമത ഉറപ്പാക്കാൻ കഴിയാത്ത മുഖ്യമന്ത്രിക്ക് ബാർ കേസിന്റെയും മറ്റും പേരിൽ അറ്റോണി ജനറലിനെ കുറ്റം പറയാൻ എന്ത് ധാർമികാവകാശമാണുള്ളതെന്നും കോടതി ചോദിച്ചിരുന്നു.

ഇതിന് മറുപടിയായാണ് കെ സി ജോസഫ് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. ഇത് അദ്ദേഹത്തെ കോടതിയിൽ എത്തിക്കുകയു ചെയതു. കോടതിയിൽ ഹാജരായി മാപ്പു പറഞ്ഞാൽ കേസ് തീരുന്നതാണ്. എന്നാൽ സാംസ്കാരിക വകുപ്പ് മന്ത്രി കൂടിയായ കെ സി ജോസഫ് അതിന് തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്.

നിരപരാധിത്തം തെളിയിക്കുമെന്ന് കെ സി ജോസഫ്

കോടതിയലക്ഷ്യ കേസിൽ താൻ നിരപരാധിത്തം തെളിയിക്കുമെന്ന് സാംസ്കാരിക മന്ത്രി കെ സി ജോസഫ്. നിയമത്തോട് തനിക്ക് ബഹുമാനമാണ് ഉള്ളതെന്നും കോടതിയിൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ സി ജോസഫ് രാജിവെക്കണം: കോടിയേരി

കോടതിയലക്ഷ്യ കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന മന്ത്രി കെ സി ജോസഫ് അടിയന്തരമായി രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി ജസ്റ്റിസ് അലക്‌സാർ തോമസ് നടത്തിയ പരാമർശത്തിനെതിരെയാണ് മന്ത്രി ഫേബുക്കിൽ പോസ്റ്റ് ചെയ്തത്. ന്യായാധിപനെ വ്യക്തിപരമായി അവഹേളിക്കുന്ന തരത്തിലുള്ള പരാമർശമാണിതെന്നാണ് ഹൈക്കോടതിയുടെ ഡിവഷൻ ബെഞ്ച് വിലയിരുത്തിയിട്ടുള്ളത്.

മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്നത് ഭരണഘടന പ്രകാരം പ്രവർത്തിക്കുമെന്നും അത് സംരക്ഷിക്കാൻ നിലകൊള്ളും എന്ന് ഉറപ്പ് നൽകികൊണ്ടാണ്. ആ സത്യപ്രതിഞ്ജയെ തന്നെ ലംഘിക്കുന്ന പ്രവർത്തനമാണ് കോടതി ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലൂടെ കെ സി ജോസഫ് നടത്തിയിട്ടുള്ളത്. സത്യപ്രതിഞ്ജാ ലംഘനം നടത്തിയ ഒരു മന്ത്രി തൽസ്ഥാനത്ത് തുടരുന്നത് 'രണഘടനാ ലംഘനമാണ്. ഈ സാഹചര്യത്തിൽ ഭരണഘടനയെ ബഹുമാനിച്ചുകൊണ്ട് തൽസ്ഥാനം രാജിവെക്കാൻ കെ സി ജോസഫ് തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.