- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃഷ്ടി പ്രദേശങ്ങളിൽ മഴ കനത്തു; മലമ്പുഴ, മലങ്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദ്ദേശം; പമ്പയിൽ കുളിക്കുന്നതിന് വിലക്ക്; തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ; ദുരന്തമേഖലകൾ ഒറ്റപ്പെട്ടു; രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്ത്
പാലക്കാട്: വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ ഏതാനും അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഇതോടെ കൽപ്പാത്തി, ഭാരതപ്പുഴ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 50 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. കക്കി, ആനത്തോട് ഡാമുകളിലും പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നു.പത്തനംതിട്ട ജില്ലയിൽ 2018ൽ പെയ്തതിനു സമാനമായി കനത്ത മഴ തുടരുന്നു. 12 മണിക്കൂറിനിടെ 10 സെന്റിമീറ്റർ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്.
ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയാണ്.
മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഉയർത്തി. 1.30 മീറ്ററാണ് ഉയർത്തിയത്. പത്ത് മിനിറ്റിൽ 10 സെ.മീ. കണക്കിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഷട്ടറുകൾ തുറന്നതിനാൽ സെക്കന്റിൽ 265.865 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഈ സാഹചര്യത്തിൽ തൊടുപുഴ, മുവാറ്റുപുഴയാറുകളുടെ കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 400 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 370 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്
ശബരിമല ദർശനത്തിന് വരുന്നവർ പമ്പ നദിയിൽ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. . പമ്പയിൽ കുളിക്കുന്നതിനും വിലക്കേർപെടുത്തി. തുലാമാസ പൂജകൾക്കായി ശനിയാഴ്ച ശബരിമല നട തുറന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഞായറാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
പമ്പ നദിയിൽ വലിയ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. തീർത്ഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി യാത്രകൾ ഒഴിവാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അപകടമേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പല സ്ഥലങ്ങളിലും തോടുകൾ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി. .
കൊക്കയാറിൽ ഒഴുക്കിൽപെട്ട് സ്ത്രീ മരിച്ചു. കൊക്കയാർ സ്വദേശി ആൻസിയാണ് മരിച്ചത്. വീടിനടുത്തുള്ള പുഴയിൽ ഒഴുക്കിൽപെട്ടാണ് മരിച്ചത്. കൊക്കയാറിൽ വെള്ളം പൊങ്ങിയപ്പോൾ ഇവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. വീണ്ടും വീട്ടിൽനിന്നു സാധനങ്ങൾ എടുക്കാൻ പോയപ്പോഴാണ് ഒഴുക്കിൽപെട്ടത്.
കോട്ടയത്ത് പ്രളയസമാനമായ സ്ഥിതിയാണ് നിലനിൽക്കുന്നത്. അപ്രതീക്ഷിതമായി കനത്ത മഴ പെയ്തതോടെ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടത്തും ഉരുൾപൊട്ടി റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കൂട്ടിക്കലിലാണ് വലിയ അപകടം നടന്നത്. കാവാലിയിലും പ്ലാപ്പള്ളിയിലും ഉരുൾപൊട്ടി രണ്ട് കുടുംബങ്ങളിലെ 10 പേർ അപകടത്തിൽ പെട്ടു. ആറ് മൃതദേഹങ്ങൾ കണ്ടെത്തി.
കോട്ടയത്ത് കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങി. പലയിടത്തും ഗതാഗതതടസം ഉണ്ടായി. ഈരാറ്റുപേട്ടയും അപ്രതീക്ഷിതമായി വെള്ളപ്പൊക്കത്തിൽ അകപ്പെട്ടത് ആശങ്കയും അമ്പരപ്പിനും കാരണമായി. ആളുകൾ വാഹനവുമായി പുറത്തിറങ്ങരുതെന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിനായി കര, വ്യോമ സേനകൾ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.
റോഡ് മുഴുവൻ കനത്ത മഴയിൽ സഞ്ചാരയോഗ്യമല്ലാത്ത നിലയിലായതിനാൽ പ്രദേശങ്ങൾ ഒറ്റപ്പെട്ട് കിടക്കുകയാണ്. അതിനാൽ തന്നെ നാട്ടുകാർക്ക് മൃതദേഹങ്ങൾ എങ്ങോട്ട് മാറ്റുമെന്നതിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ ആശങ്കയറിയിച്ചിട്ടുണ്ട്. കോട്ടയം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ മഴ ശക്തമായി തുടരുകയാണ്. പാലാ, പൂഞ്ഞാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ട്. ഇവിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.
ജില്ലയിൽ ഫയർഫോഴ്‌സ് കൂടുതൽ ടീമിനെ എത്തിച്ചു. പാലായിൽ (രണ്ട്), ഈരാറ്റുപേട്ട (രണ്ട്) കാഞ്ഞിരപ്പള്ളി (ഏഴ് ) എന്നിങ്ങനെ 11 ടീമുകളാണ് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ രണ്ടു ടീമും പാമ്പാടി , ചങ്ങനാശ്ശേരി , കോട്ടയം , കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമുമാണ് കാഞ്ഞിരപ്പള്ളിയിലുള്ളത്. കോട്ടയം, മീനച്ചിൽ താലൂക്ക് പ്രദേശങ്ങളിൽ വെള്ളം ഉയരാനുള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം , തൃശൂർ എന്നിവടങ്ങളിൽ നിന്നായി 20 പേരടങ്ങുന്ന ടീം ജില്ലയിൽ ഉടൻ എത്തിച്ചേരും.
കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ ചപ്പാത്ത് പാലത്തിൽ വെള്ളം കയറിയ നിലയാണ്. കാഞ്ഞിരപ്പള്ളിയിൽ ഏന്തയ്യാർ ജെജെ മർഫി സ്‌കൂൾ, മുണ്ടക്കയം സിഎംഎസ്, വരിക്കാനി എസ്എൻ സ്‌കൂൾ, കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി ഗവൺമെന്റ് എൽപി സ്‌കൂൾ, കാപ്പാട് ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ തുറന്നത്.
അതേസമയം അടുത്ത മണിക്കൂറിൽ ശക്തമായ കാറ്റ് മധ്യ-തെക്കൻ കേരളത്തിൽ വീശുമെന്ന മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ