- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേരു നൽകുകയെന്നത് പൗരന്മാരുടെ അധികാരം; ഉചിതമായ നിയമനടപടികളില്ലാതെ അവകാശം നിയന്ത്രിക്കുന്നത് നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി; കോടതിയുടെ നിരീക്ഷണം കേരള ഡഫ് ക്രിക്കറ്റ് അസോസിയേഷന്റെ പരാതിയിൽ
കൊച്ചി : വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും പേരു നൽകുകയെന്നതു പൗരന്മാരുടെ സവിശേഷ അധികാരമാണെന്നും ഉചിതമായ നിയമനടപടികളില്ലാതെ ഈ അവകാശം നിയന്ത്രിക്കുന്നത് നീതികരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ബധിരരുടെ ക്രിക്കറ്റ് സംഘടന കേരള ഡഫ് ക്രിക്കറ്റ് അസോസിയേഷനെന്ന പേരിൽ രജിസ്റ്റർ ചെയ്തു നൽകണമെന്ന് അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട നിയമം കണക്കിലെടുക്കാതെ പരിഗണിക്കണമെന്നും ഹൈ ക്കോടതി നിർദ്ദേശം നൽകി. കേരള ഡഫ് ക്രിക്കറ്റ് അസോസിയേഷൻ എന്ന പേര് രജിസ്റ്റർ ചെയ്യുന്നതു നിഷേധിച്ചതിനെതിരെ ബധിരരുടെ ക്രിക്കറ്റ് സംഘടനയുടെ ഭാരവാഹികളായ റിയാസുദ്ദീൻ, കൃഷ്ണനുണ്ണി, ഷർഷീദ് എന്നിവർ നൽകിയ ഹർജിയാണു ജസ്റ്റിസ് എൻ.നഗരേഷ് പരിഗണിച്ചത്.
സൊസൈറ്റീസ് റജിസ്‌ട്രേഷൻ നിയമപ്രകാരം അസോസിയേഷൻ രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ ജില്ലാ രജിസ്റ്റ്രാർ സ്വീകരിച്ചില്ലെന്നു ഹർജിയിൽ വ്യക്തമാക്കി. കേരള, ഇന്ത്യ തുടങ്ങിയ പേരുകൾ അസോസിയേഷനുകൾ റജിസ്‌ട്രേഷന് ഉപയോഗിക്കാനാവില്ലെന്നായിരുന്നു ജില്ലാ രജിസ്റ്റ്രാറുടെ നിലപാട്.
'ഭാരതമെന്ന പേരു കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ' എന്ന വള്ളത്തോളിന്റെ വരികൾ വിധിന്യായത്തിൽ കുറിച്ചിട്ട സിംഗിൾ ബെഞ്ച് കേരളത്തിലെ ബധിരരായ വ്യക്തികൾ ഈ വരികൾ കേട്ടിട്ടുണ്ടാവില്ലെങ്കിലും വായിച്ചിട്ടുണ്ടാവുമെന്നും അഭിപ്രായപ്പെട്ടു. വ്യാപാരം, ബിസിനസ്, പ്രഫഷൻ തുടങ്ങിയവയ്ക്കായി ഇങ്ങനെ പേരു നൽകുന്നതിനാണ് വിലക്കുള്ളതെന്നും ഇതിൽപെടാത്തതിനാൽ പേരു നൽകുന്നതിന് തടസ്സമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ