- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റോഡുണ്ടാക്കാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവെച്ച് പോകണം; കഴിവുള്ള ഒട്ടേറെ ആളുകൾ പുറത്ത് നിൽക്കുന്നു'; റോഡുകളുടെ ശോചനീയാവസ്ഥയിൽ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി; അറ്റകുറ്റപ്പണി നടത്തിയ റോഡുകൾ വീണ്ടും നന്നാക്കേണ്ട അവസ്ഥയിയിലെന്നും കോടതി
കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവച്ച് പോകണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കഴിവുള്ള ഒട്ടേറെ ആളുകൾ പുറത്ത് നിൽക്കുന്നുണ്ട്. അവർക്ക് അവസരം കൊടുക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലാണ് പരാമർശം.
റോഡുകൾ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ വർഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകൾ മാസങ്ങൾക്കകം പഴയ പടിയായി. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ അറിയിക്കാനും കോടതി നിർദ്ദേശം നൽകി.
റോഡുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്കാണ് കോടതി നിർദ്ദേശം നൽകിയത്. റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്ന് കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളിലെ അനധികൃത കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
റോഡുകൾ തകർന്നാൽ അടിയന്തരമായി നന്നാക്കാൻ സംവിധാനമില്ലെന്ന് കൊച്ചി നഗരസഭ കോടതിയെ അറിയിച്ചു. ഇത്തരം ന്യായീകരണങ്ങൾ മാറ്റിനിർത്തി, പുതിയ ആശയങ്ങൾ നടപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.
റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവ് കർശനമായി നടപ്പാക്കുമെന്നും കോടതി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ