തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയുടെ രണ്ട് പ്രധാന അടിത്തൂണുകളാണ് ജ്യുഡീഷറിയും എക്‌സിക്യൂട്ടീവും. സർക്കാരുമായി കൂടി പരിഗണിച്ചേ ജഡ്ജിമാരെ നിയമിക്കാവൂ എന്നാണ് എക്‌സിക്യൂട്ടീവ് പറയുന്നത്. എന്നാൽ ഇത് ജുഡീഷറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് പറഞ്ഞു കോടതി സമ്മതിക്കുന്നില്ല. പാർലമെന്റ് പാസാക്കിയ ജുഡീഷ്യൽ കമ്മിഷൻ നിയമം സുപ്രീം കോടതി റദ്ദ് ചെയ്തത് ഈ പശ്ചാത്തലത്തിലാണ്. ഇതിനിടയിൽ സുപ്രീം കോടതി ജഡ്ജിമാർ തമ്മിലുള്ള തർക്കവും വാർത്തയാവുന്നു.

അതിനിടയിലാണ് ഹൈക്കോടതി ജഡ്ജിമാരെ നിയമിച്ചുകൊണ്ടുള്ള കൊളീജിയം ശുപാർശയും വിവാദത്തിലാവുന്നത്. ജഡ്ജിമാർക്ക് വേണ്ടപ്പെട്ടവരെ മാത്രം ജഡ്ജിമാരാക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. അലഹബാദ് ഹൈക്കോടതിയിലേയ്ക്ക് കൊളീജിയം ശുപാർശ ചെയ്ത അഭിഭാഷകരുടെ പേരുവിവരം കണ്ട് ഞെട്ടിയിരിക്കുകയാണ് ദേശീയ മാധ്യമങ്ങൾ. അതിനിടയിൽ മറുനാടൻ എക്‌സ്‌ക്ലൂസീവ് ആയി പുറത്തു വിടുന്നത് കേരള ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്യപ്പെട്ട വക്കീലന്മാരുടെ ലിസ്റ്റിലെ ബന്ധു നിയമന കഥയാണ്. ഇതുവരെ പുറത്ത് ലിസ്റ്റ് മറുനാടന് ലഭിച്ചപ്പോൾ വ്യക്തമാകുന്നത് ജഡ്ജിമാരാകാൻ ശുപാർശ ചെയ്യപ്പെട്ടിരിക്കുന്ന അഞ്ച് പേർക്കും നിലവിലുള്ളതോ മുൻ ജഡ്ജിമാരുടെയോ അടുത്ത ബന്ധുക്കളോ ജൂനിയർമാരോ ആണെന്നതാണ്.

സുപ്രീം കോടതി ജസ്റ്റിസും ജഡ്ജിമാരുടെ നിയമനത്തിന് അധികാരമുള്ള കുര്യൻ ജോസഫിന്റെ ജൂനിയറും ജസ്റ്റിസ് തോമസ് പി ജോസഫിന്റെ മരുമകനുമായ വിജു അബ്രഹാമാണ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ പരിഗണിക്കുന്ന ശുപാർശയിൽ ഇടംപടിച്ചിരിക്കുന്ന പ്രമുഖ വ്യക്തി. ഹൈക്കോടതിയിലെ മിടുക്കനായ അഭിഭാഷകരുടെ കൂട്ടത്തിൽ തന്നെയാണ് ഇദ്ദേഹം. എങ്കിലും നിയമന കാര്യത്തിൽ മുൻ ജഡ്ജിയുടെയും ഇടപെടൽ ഉണ്ടെന്ന ആക്ഷേപത്തിന് ഈ പേര് പരിഗണിച്ചപ്പോൾ ഇട വന്നിട്ടുണ്ട്.

ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ ജൂനിയറായ ജോർജ്ജ് വർഗീസ് പെരുംപാലിക്കുറ്റയാണ് മറ്റൊരു പ്രമുഖൻ. നിലവിൽ ജാർഖണ്ഡ് ചീഫ് ജസ്റ്റിസാണ് തോട്ടത്തിൽ രാധാകൃഷ്ണൻ. മുമ്പ് കേരള ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ച തോട്ടത്തിൽ രാധാകൃഷ്ണന്റെ ജൂനിയറിനെ പരിഗണിച്ചതും വിവാദമായി ഉയാരാൻ സാധ്യതയുണ്ട്. ജസ്റ്റിസ് ശിവരാമൻ നായരുടെ മരുമകനും ജസ്റ്റിസ് അനു ശിവരാമൻ നായരുടെ ബന്ധുവുമായ അരുണും ജഡ്ജി നിയമന ശുപാർശയിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻ ഹൈക്കോടതി ജഡ്ജി ടി ആർ രാമചന്ദ്രൻ നായരുടെ അടുത്ത അസോസിയേറ്റായും വി ജി അരുൺ പ്രവർത്തിച്ചിട്ടുണ്ട്.

അതേസമയം ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്റെ ബന്ധുവായ ഗോപാലും ജഡ്ജിയാകാൻ ശുപാർശ ചെയ്യപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. പ്രമുഖ ജഡ്ജിമാരുടെ ബന്ധുക്കൾക്ക് പുറമേ പ്രമുഖ അഭിഭാഷകരുടെ ബന്ധുക്കളും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത്തരത്തിൽ പട്ടികയിൽ ഇടംപിടിച്ചത് എ ജി സുധാകര പ്രസാദിന്റെ മരുമകൻ അഡ്വ. രമേശാണ്. അതേസമയം ബന്ധുക്കളും പ്രമുഖരുടെ ജൂനിയേഴ്‌സുമാണ് ഹൈക്കോടതി ജഡ്ജി നിയമന പട്ടികയെ കുറിച്ച് ചർച്ചയാക്കാൻ സ്ഥാനം ആഗ്രഹിക്കുന്ന ഒരു വിഭാഗം അഭിഭാഷകർ ശ്രമിക്കുന്നുണ്ട്.

മതിയായ യോഗ്യതകൾ ഉള്ളവർ തന്നെയാണ് പരിഗണനാ പട്ടികയിൽ ഉള്ളത്. ഹൈക്കോടതിയിലെ പ്രമുഖനായ അഭിഭാഷകരുടെ കീഴിൽ പ്രാക്ടീസ് ചെയ്യാനാണ് അഭിഭാഷകർ പൊതുവേ ആഗ്രഹിക്കുക. അങ്ങനെ വരുമ്പോൾ മുതിർന്ന അഭിഭാഷകർ പിന്നീട് ജഡ്ജിമാരായി നിയമിക്കപ്പെടുകയും ചെയ്യും. മുമ്പ് ജൂനിയറായി പ്രാക്ടീസ് ചെയ്തിരുന്നു എന്നതിന്റെ പേരിൽ തങ്ങളുടെ അവസരങ്ങൾ ഉപയോഗപ്പടുത്താതിരിക്കേണ്ട ആവശ്യമെന്തെന്നാണ് ലിസ്റ്റിലുള്ളവരുടെ ചോദ്യവും.