കൊച്ചി: ശബരിമല വിഷയത്തിൽ സർക്കാറിന് ആശ്വാസമായി കോടതിയുടെ ഇടപെടൽ. ശബരിമലയിൽ പ്രശ്നങ്ങളൊന്നും നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്താമാക്കി. സമാധാനപരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ആർക്കുംപോയി ദർശനം നടത്താവുന്ന സാഹചര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ദർശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് ചാലക്കുടി സ്വദേശികൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണം.

ബിപിൻ, ദിപിൻ, അഖിൽ എന്നിവരാണ് ദർശനത്തിന് പോകുന്നതിനിടെ പൊലീസ് തടഞ്ഞെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. നവംബർ 29ന് പമ്പയിൽ വെച്ച് പൊലീസ് തടഞ്ഞെന്നാണ് ഹർജിയിൽ ആരോപിച്ചത്. മൂന്നുപേർക്കും എപ്പോൾ വേണമെങ്കിലും ശബരിമലയിൽ പോകാം എന്ന് സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം മൂന്ന് ബിജെപി നേതാക്കളെ കരുതൽ തടങ്കലിൽ എടുത്തത് നിയമാനുസൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ബിജെപി സർക്കുലറിന്റെ അടിസ്ഥാനത്തിൽ പമ്പയിൽ എത്തിയവരേയാണ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് തടഞ്ഞ ഈ മൂന്നുപേർക്കും വീണ്ടും ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്നതിന് തടസമില്ലെന്നും കോടതിയിൽ അറിയിച്ചു.

അതേസമയം നേരത്തെ ശബരിമല നിരീക്ഷണ സമിതിയും സന്നിധാനത്തെ സജ്ജീകരണങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മൂന്നംഗ നിരീക്ഷണസമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സംസ്ഥാനസർക്കാർ സുപ്രീംകോടതിയയെയും സമീപിക്കുന്ന സാഹചര്യം ഉണ്ടായി.