കൊച്ചി: വീടുവിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്തിയ ശേഷം അവരെ പീഡിപ്പിച്ചെന്ന പേരിൽ ആൺമക്കളെ പൊലീസ് കള്ളകേസിൽ കുടുക്കിയെന്ന പരാതിയിൽ ഇടപെട്ട് ഹൈക്കോടതി. കൊച്ചിയിൽ ചെരിപ്പു കച്ചവടം നടത്തുന്ന ഡൽഹി സ്വദേശികളായ ദമ്പതികളുടെ മക്കളുമായി ബന്ധപ്പെട്ട വിഷയം ഒരു അഭിഭാഷകൻ ശ്രദ്ധയിൽപെടുത്തിയതോടെയാണ് കോടതി സ്വമേധയാ കേസെടുത്തത്.

സ്വമേധയാ കേസെടുത്ത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറോട് നിർദ്ദേശിച്ചു. അഭിഭാഷകനായ എ.വി. ജോജയാണ് വാർത്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആരോപണത്തിലെ നിജസ്ഥിതി അറിയില്ല. പക്ഷെ സംഭവം ശരിയാണെങ്കിൽ അങ്ങേയറ്റം അപകടകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മുദ്ര വച്ച കവറിലാണ് റിപ്പോർട്ട് കോടതിക്ക് മുൻപാകെ സമർപ്പിക്കേണ്ടത്.

ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ കേസ് രജിസ്റ്റർ ചെയ്യാൻ രജിസ്റ്ററിക്ക് നിർദ്ദേശം നൽകി. ആഭ്യന്തരവകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എന്നിവരെ എതിർകക്ഷികളാക്കിയാണ് കേസ്. കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാകരുത്. ആവശ്യമെങ്കിൽ അഡ്വ. എ.വി. ജോജയെ അമിക്കസ് ക്യൂറിയായി നിയമിക്കും. കേസിൽ അന്വേഷണം തുടരുന്നതിന് തടസ്സമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിഷയം 25-ന് പരിഗണിക്കും. പെൺകുട്ടികളെ കാണാനില്ലെന്ന സഹോദരങ്ങളുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ഡൽഹി സ്വദേശികളായ ദമ്പതികളുടെ അഞ്ചു മക്കളിൽ 19-ഉം 14-ഉം വയസ്സുള്ള രണ്ട് പെൺമക്കളാണ് ഓഗസ്റ്റ് 25ന് നാടുവിട്ടത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് ഡൽഹിക്ക് പോയതാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ഡൽഹിയിൽ അന്വേഷിക്കാൻ പൊലീസ് നിർദ്ദേശം നൽകുകയും ഡർഹി പൊലീസിന്റെ സഹായത്തോടെ കുട്ടികളെ കണ്ടുപിടിക്കുകയുമായിരുന്നു.

പിന്നീട് 19 വയസ്സുള്ള മൂത്ത കുട്ടിയെ സുബൈർ എന്ന ഒരാൾ പീഡിപ്പിച്ചതായി കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തു. തുടർന്ന് കേരളാ പൊലീസെത്തി ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു. 19കാരിയായ മകൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങിനൽകിയ മൊബൈൽ ഫോണിലൂടെയാണ് കുട്ടികൾ പ്രതിയെ പരിചയപ്പെടുന്നത്. അങ്ങിനെ ഇയാൾ കുട്ടികളെ കടത്തിക്കൊണ്ടു പോവുകയായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു.

നാട്ടിലെത്തിച്ച പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിലാണ് പാർപ്പിച്ചിരുന്നത്. അവിടെ വച്ച് തന്നെ രണ്ട് സഹോദരന്മാർ പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ അവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ഇളയ സഹോദരനായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെയും കേസിന്റെ അന്വേഷണത്തിന്റെ പേരിൽ പൊലീസ് ചോദ്യം ചെയ്തതായും പറയുന്നു.

ആൺകുട്ടികളെ കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ് അഞ്ച് ലക്ഷം രൂപ ചോദിച്ചെന്ന് മാതാപിതാക്കൾ ആരോപിക്കുന്നത്. ഈ സംഭവത്തിൽ കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിൽ അന്വേഷണം കൊണ്ടുപോവരുതെന്നും നിലവിലെ അന്വേഷണം തുടരാമെന്നുമാണ് കോടതി വ്യക്തമാക്കിയത്.

മാധ്യമങ്ങളിലൂടെയാണ് സംഭവം പുറത്ത് വന്നത്. വിഷയത്തിന്റെ സത്യാവസ്ഥ വ്യക്തമല്ലെങ്കിലും കോടതിയുടെ പരിഗണന ഇതിൽ ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹർജി ഈ മാസം 25നാണ് വീണ്ടും പരിഗണിക്കുക.