- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ പ്രതിക്ക് മൊഴിപ്പകർപ്പ് നൽകേണ്ടതില്ല; കസ്റ്റംസിന് നൽകിയ മൊഴിയുടെ കോപ്പി ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി തള്ളി ഹൈക്കോടതി; അംഗീകരിച്ചത് കസ്റ്റംസിന്റെ നിലപാട്
തിരുവനന്തപുരം: മൊഴിപകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നൽകിയ മൊഴിയുടെ കോപ്പി വേണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. എന്നാൽ, ഹർജിക്കാരിക്ക് പകർപ്പുകൊണ്ട് നിലവിൽ കാര്യമില്ലെന്നും കേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ മൊഴിപ്പകർപ്പ് നൽകേണ്ടതില്ലെന്നും കസ്റ്റംസ് നിലപാടെടുത്തു. ഇത് അംഗീകരിച്ചാണ് കോടതി തീരുമാനം. നേരെത്തെ സെഷൻസ് കോടതിയും സ്വപ്നയുടെ ആവശ്യം തള്ളിയിരുന്നു.
അതേ സമയം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഫോഴ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. നാളെ തിരുവനന്തപുരത്തെ ജയിലെത്തിയാകും ചോദ്യം ചെയ്യൽ. അറസ്റ്റിലായ ഐടി സെക്രട്ടറി ശിവശങ്കറിന്റെ മൊഴികളിലെ വസ്തുത പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ.
അതിനിടെ, സ്വർണ്ണക്കടത്തിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘം ആശങ്കയിലാണ്. സ്വർണ്ണക്കടത്തിനു തീവ്രവാദ ബന്ധത്തിലേക്കുള്ള വഴി തെളിഞ്ഞിരിക്കെ അതിന്റെ കണ്ണിയായ രതീഷ് എന്ന രാജുവിനെ ജീവനോടെ കണ്ടെത്താൻ കഴിയുമോ എന്ന ആശങ്കയാണ് എൻഐഎയെ അലട്ടുന്നത്.
സൗദിയിലാണ് രതീഷ് ഉള്ളത് എന്ന കണക്കുകൂട്ടലാണ് എൻഐഎയ്ക്ക് ഉള്ളത്. ഇയാളെ അന്വേഷണ ഏജൻസികൾ തിരിച്ചറിഞ്ഞതോടു കൂടി ഇനി പ്രതി ജീവനോടെ പുറത്ത് വരുമോ എന്ന സംശയമാണ് എൻഐഎയെ അലട്ടുന്നത്. അതുകൊണ്ട് തന്നെ രതീഷിനെ സൗദിയിൽ നിന്നും പുറത്ത് എത്തിക്കാൻ കഴിയുമോ എന്നാണ് അന്വേഷണ ഏജൻസി ശ്രമിക്കുന്നത്.
ഇന്റർപോളിന്റെ സഹായത്തോടെ രതീഷിനെ കണ്ടെത്താനാണ് എൻഐഎ ശ്രമം. വിവിധ കുറ്റങ്ങളിൽ പ്രതിയാകുന്നവരെ കൈമാറാനുള്ള കരാർ ഇന്ത്യയും സൗദിയും തമ്മിൽ ഒപ്പുവച്ചിട്ടുമുണ്ട്. ഈ ഉടമ്പടിയുടെ ഭാഗമായി രാജുവിനെ തിരികെ എത്തിക്കാൻ കഴിയുമോ എന്നാണ് എൻഐഎ ശ്രമിക്കുന്നത്.
യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്തിൽ ആദ്യ 10 തവണ വന്ന സ്വർണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയതു രതീഷാണെന്നാണ് എൻഐഎ കണ്ടെത്തൽ. ഹൈദരാബാദിലേക്ക് സ്വർണം കൊണ്ട് പോയെങ്കിലും ജൂവലറികളുമായി ഇയാൾക്ക് ബന്ധമില്ല. പക്ഷെ മാവോയിസ്റ്റ് ബന്ധവുമുണ്ട്. അതുകൊണ്ട് തന്നെയാണ് രാജുവിലേക്കുള്ള അന്വേഷണം സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധത്തിലേക്ക് തിരിയുന്നത്. ഇപ്പോൾ കസ്റ്റഡിയിലുള്ള റബിൻസിന്റെ മൊഴിയിൽ നിന്നാണ് രാജുവിലേക്ക് എൻഐഎ എത്തിയത്.
സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധം തെളിയിക്കാൻ ഉള്ള പ്രധാന കണ്ണിയായാണ് ഹൈദരാബാദ് സ്വദേശിയായ രാജുവിനെ എൻഐഎ കാണുന്നത്. ഇയാൾ ഏത് മതവിഭാഗം എന്ന് കൂടി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഹിന്ദുവോ മുസ്ലിമോ എന്ന് പോലും തീർച്ചയില്ല. മുസ്ലിം തീവ്രവാദത്തിനു ശക്തമായ വേരോട്ടമുള്ള രാജ്യമാണ് സൗദി. ഭരണകൂടത്തിന്റെ വിലക്ക് മറികടന്നു വിവിധ തീവ്രവാദ ഗ്രൂപ്പുകൾ സൗദി കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. തീവ്രവാദ ശൃംഖലകൾ ശക്തമായ സൗദിയിലേക്കാണ് രാജു കടന്നത് എന്നാണ് അന്വേഷണ ഏജൻസികൾ ശ്രദ്ധിക്കുന്നത്.
അതുകൊണ്ട് തന്നെ രാജുവിനെ ജീവനോടെ തിരികെ എത്തിക്കാൻ സാധിക്കുമോ എന്നാണ് അന്വേഷണ ഏജൻസികളുടെ ആശങ്ക. സ്വർണ്ണക്കടത്തിലെ പ്രധാന പ്രതികളായ റബിൻസ്, റമീസ് എന്നിവർ എൻഐഎ കസ്റ്റഡിയിലുണ്ട്. ഫൈസൽ ഫരീദ് യുഎഇ സർക്കാരിന്റെ സുരക്ഷിത കസ്റ്റഡിയിലുമുണ്ട്. ഇവർക്ക് എല്ലാമുള്ള ഒരു പ്രധാന ലിങ്കാണ് ഹൈദരാബാദ് സ്വദേശിയായ രാജുവിന്റെത്. യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്ത് പിടിച്ചതോടെയാണ് രാജു സൗദിയിലേക്ക് മുങ്ങിയത്.
ദുബായിൽ എത്തി അവിടെ നിന്നും സൗദിയിലേക്ക് കടന്നു എന്നാണ് എൻഐഎ അനുമാനം. സൗദിയിലേക്ക് ഇയാൾ പോയതാണ് ജീവനോടെ തിരികെ എത്തിക്കാൻ കഴിയുമോ എന്ന സംശയം ബാക്കിയാകുന്നത്. ഈ പ്രതിയെ കിട്ടിയില്ലെങ്കിൽ സ്വർണ്ണക്കടത്തിന്റെ തീവ്രവാദ ബന്ധം തെളിയിക്കുക വിഷമമാകും. അതുകൊണ്ട് തന്നെയാണ് രാജുവിനെ അപായപ്പെടുത്താൻ തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിച്ചേക്കും എന്ന ആശങ്ക എൻഐഎയെ വേട്ടയാടുന്നത്.
രാജുവെന്ന പേരിലാണു റമീസും ജലാലും അടക്കമുള്ള പ്രതികൾ ഇയാളെ അറിയുന്നത്. റബിൻസിന്റെ മൊഴിയിൽ നിന്നാണ് രതീഷ് എന്ന പേര് അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്നത്. റമീസും ജലാലും പറയുന്ന രാജുവും റബിൻസ് പറഞ്ഞ രതീഷും ഒരാൾ തന്നെയാണ് എന്നാണ് ഏജൻസികൾ മനസിലാക്കിയത്. ഇതോടെയാണ് ഇയാളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയത്. ഇതോടെയാണ് സ്വർണ്ണക്കടത്ത് പിടിച്ച ഉടൻ യുഎഇ വഴി ഇയാളെ സൗദിയിലേക്ക് കടത്തി എന്ന് അന്വേഷണ ഏജൻസിക്ക് വ്യക്തമാകുന്നത്.
സ്വർണം കൈപ്പറ്റാൻ പ്രത്യേക കോഡ് ആണ് രതീഷ് നൽകിയത്. ഇന്ത്യൻ കറൻസിയുടെ ഒരു നോട്ടു റമീസിനു ടെലിഗ്രാം മെസഞ്ചറിൽ അയച്ചു നൽകും. വരുന്നയാൾ അതേ കറൻസി നോട്ട് കാണിച്ചാൽ മാത്രം സ്വർണം കൈമാറാനായിരുന്നു നിർദ്ദേശം. നയതന്ത്ര വഴിയിലുള്ള സ്വർണ്ണക്കടത്തിന്റെ എല്ലാ ബന്ധവും വിരൽ ചൂണ്ടുന്ന ദുബായിൽ നിന്ന് തന്നെയാണ് പണം റാക്കറ്റിനു ലഭിച്ചിരുന്നതും.
അതേസമയം റമീസിന്റെ മൊഴിയിൽ പറയുന്ന വ്യവസായിക്ക് എതിരെയും എൻഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുഎഇ പൗരനായ വ്യവസായി 'ദാവൂദ് അൽ അറബി'യാണ് നയതന്ത്ര വഴിയിലുള്ള സ്വർണക്കടത്തിന്റെ സൂത്രധാരനെന്നാണ് റമീസിന്റെ മൊഴിയിലുള്ളത്. ഇത് ഒരു സാങ്കൽപ്പിക നാമമാണ് എന്ന നിഗമനത്തിലാണ് എൻഐഎ. ഇയാൾ മലയാളിയായ വ്യവസായി ആണെന്ന സംശയം എൻഐഎ പുലർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മൊഴി സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഈ അറബി നയതന്ത്ര വഴിയിൽ പല തവണ സ്വർണം കടത്തിയതായാണ് റമീസ് മൊഴി നൽകിയത്.
മറുനാടന് ഡെസ്ക്