കൊച്ചി: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ അയിഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസിൽ തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. അയിഷ സുൽത്താന ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ നടത്തിയ പരാമർശം ആണ് പരാതിക്ക് അടിസ്ഥാനം. പ്രഫുൽ കെ പട്ടേലിനെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി ആയിഷ സുൽത്താനയ്ക്ക് എതിരെ പരാതി നൽകിയത്. രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തനിക്കെതിരെ കേന്ദ്രസർക്കാരും ലക്ഷദ്വീപ് ഭരണകൂടവും ചാർത്തിയ കേസുകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ആയിഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേന്ദ്ര സർക്കാർ ലക്ഷദ്വീപുകാർക്കു നേരെ ജൈവായുധം പ്രയോഗിച്ചതായി 2021 ജൂൺ 7 ലെ ചാനൽ ചർച്ചയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിൽ 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കവരത്തി പൊലീസ് കേസെടുത്തത്. ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ അയിഷ സുൽത്താന വ്യക്തമാക്കിയിരുന്നു.

ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തത്, അല്ലാതെ വിദ്വേഷ പ്രചരണമല്ല തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത് എന്നായിരുന്നു ആയിഷയുടെ വാദം. ജനങ്ങളെ രാജ്യത്തിനെതിരേ അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ആയിഷ സുൽത്താന ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. 124 എ വകുപ്പ് നിലനിൽക്കില്ല. ജനങ്ങളെ രാജ്യത്തിനെതിരേ തിരിച്ചിട്ടില്ലെന്നും അവർ കോടതിയിൽ പറഞ്ഞു. ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തത്. അതിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ രാജ്യദ്രോഹ കേസിൽ സുപ്രീംകോടതിയുടെ സമീപകാല നിലപാടുകൾ പരിശോധിക്കണമെന്നും ആയിഷ സുൽത്താന കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആയിഷ സുൽത്താനയുടെ ജാമ്യാപേക്ഷയെ ലക്ഷദ്വീപ് ഭരണകൂടം ശക്തമായി എതിർത്തു. ആയിഷ നടത്തിയത് വിമർശനമല്ല, വിദ്വേഷപ്രചരണമാണെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ വ്യക്തമാക്കിയത്. കേന്ദ്രം ദ്വീപിൽ ജൈവായുധം ഉപയോഗിച്ചു എന്ന് ആയിഷ ചാനൽ ചർച്ചക്കിടെ ആവർത്തിച്ച് പറഞ്ഞു. കലാപം ഉണ്ടായാലും ഇല്ലെങ്കിലും ആയിഷക്കെതിരായ 124 എ നിലനിൽക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടം വാദിച്ചിരുന്നു.