- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഗാ തിരുവാതിരക്കും പാർട്ടി സമ്മേളനത്തിനുമിടെ കേരളത്തിൽ കോവിഡിന്റെ കൈകൊട്ടി കളി; കേരളത്തിൽ ചികിത്സയിലുള്ളവർ വീണ്ടും ലക്ഷം കടന്നു; 36.8 ശതമാനം ടിപിആർ ഉള്ള തിരുവനന്തപുരത്ത് എല്ലാം കൈവിട്ടു; കേരളത്തിൽ കോവിഡ് മല കയറുമ്പോൾ ദേശീയ തലത്തിൽ രോഗ വ്യാപനശേഷി കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎമ്മിന്റെ വിപ്ലവ തിരുവാതിരയും സമ്മേളനങ്ങളും യഥേഷ്ടം നടന്നപ്പോൾ കോവിഡ് വൈറസും കൈകൊട്ടി കളിക്കുന്നു. അതീതീവ്ര വ്യാപനത്തിലേക്കാണ് കേരളത്തിലെ കോവിഡിന്റെ പോക്ക്. സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ മുകളിലേക്കാണ് ഉയരുന്നത്. ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് ബാധിതർ. ദേശീയ തലത്തിൽ കോവിഡ് വ്യാപനം കുറയുമ്പോഴാണ് സംസ്ഥാന കോവിഡ് മലയ കയറ്റം തുടരുന്നത്.
ഈ മാസം ഒന്നിനു 19,000 ൽ താഴെ പേർ മാത്രമായിരുന്നു കോവിഡ് ബാധിതർ. ഇതാണ് രണ്ടാഴ്ച കൊണ്ട് ലക്ഷം കടന്നത്. ഇന്നലത്തെ കണക്കുപ്രകാരം 1,03,864 പേരാണു നിലവിൽ കോവിഡ് പോസിറ്റീവായത്. ഇതിൽ 4% പേർ മാത്രമാണ് ആശുപത്രികളിലുള്ളത് എന്നത് ആശ്വാസകരമാണ്.
കോവിഡ് പോസിറ്റീവാകുന്നവരുടെ പ്രതിവാര ശരാശരി വർധന അര ലക്ഷത്തിനു മുകളിലെത്തിയിട്ടുമുണ്ട്. ഈ മാസം 9 മുതൽ 15 വരെയുള്ള കാലയളവും അതിനു മുൻപുള്ള ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 51,712 പേരാണു പുതുതായി കോവിഡ് പോസിറ്റീവായത്. തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 36.8 ശതമാനമായി. ശനിയാഴ്ച ഇത് 36.1% ആയിരുന്നു. എറണാകുളം ജില്ലയിലെ 3 ദിവസത്തെ ശരാശരി ടിപിആർ 33.59% ആയി.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ തലത്തിലേക്ക് കടക്കുമ്പോഴും തടസ്സമില്ലാതെ ജനക്കൂട്ടങ്ങൾ പങ്കെടുക്കുന്ന പൊതുപരിപാടികൾ ഇപ്പോഴും നടക്കുന്നു. ഞായറാഴ്ച സംസ്ഥാനത്ത് ആദ്യമായി ടിപിആർ 30 ശതമാനത്തിന് മുകളിലാണ്. ഇതിനിടയിലും ഞായറാഴ്ച നടന്നത് അഞ്ഞൂറിന് മേൽ ആളുകൾ പങ്കെടുത്ത വിവിധ പരിപാടികളാണ്.
കേരളത്തിൽ ഞായറാഴ്ച കോവിഡ് രോഗികളുടെ എണ്ണം 18,123 ആണ്. 30.55 ശതമാനമാണ് ടി.പിആർ. ആദ്യ രണ്ട് തരംഗങ്ങളിലും സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് ഇത്രയും ഉയർന്നിട്ടില്ല. രോഗികളുടെ എണ്ണം മുൻപ് 40,000 കടന്നിട്ടുണ്ടെങ്കിലും അന്ന് ടെസ്റ്റുകളുടെ എണ്ണം കൂടുതലായിരുന്നു. സംസ്ഥാനത്ത് ഏറ്റവും തീവ്രമായി രോഗം വ്യാപിക്കുമ്പോഴും ആൾക്കൂട്ടത്തിന് യാതൊരു നിയന്ത്രണവുമില്ലെന്നതാണ് ആശങ്കയുണർത്തുന്നത്.
പാർട്ടി സമ്മേളനങ്ങൾ അടക്കം രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ നിയന്ത്രണം ലംഘിച്ചുള്ള ജനക്കൂട്ടമുള്ളതായി ആരോപണം ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർക്ക് കോവിഡ് പോസിറ്റീവ് ആയി. ഐ.ബി സതീഷ് എംഎൽഎ. വട്ടപ്പാറ ബിജു എന്നിവരാണ് പോസിറ്റീവായത്. കോവിഡ് വ്യാപനത്തിൽ മുന്നിലുള്ള തലസ്ഥാന ജില്ലയിൽ പാർട്ടി സമ്മേളനം മാറ്റി വയ്ക്കാത്തത് ജനാധിപത്യ രീതിക്ക് മാറ്റം വരും എന്നതിനാലാണെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി നടത്തിയത് എന്നുമാണ് ഇക്കാര്യത്തിൽ പാർട്ടി സംക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.
തലസ്ഥാന ജില്ലയിൽ തന്നെ മുന്നൂറോളം സ്ത്രീകൾ പങ്കെടുത്ത കുടുംബശ്രീയുടെ എ.ഡി.എസ് തിരഞ്ഞെടുപ്പ് ഞായറാഴ്ച നടന്നു. സാമൂഹിക അകലം പാലിക്കലും മറ്റ് പ്രതിരോധ നടപടികളും ശരിയായ രീതിയിൽ സ്വീകരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. 50 പേരിൽ താഴെ ആളുകൾക്ക് പങ്കെടുക്കാവുന്ന പരിപാടികൾക്ക് പോലും ജില്ലയിൽ നിയന്ത്രണമുണ്ടെന്നിരിക്കെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള ആൾക്കൂട്ടം എന്നത് മൂന്നാം തരംഗത്തിൽ കേരളത്തിൽ രോഗികളുടെ എണ്ണം ഇനിയും വർധിക്കുമെന്ന ആശങ്കയുണർത്തുന്നു.
എറണാകുളത്ത് പെരുമ്പാവൂരിലും കോഴിക്കോട് മുതലക്കുളം മൈതാനത്തും ബിജെപി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ പങ്കെടുത്തത് ആയിരത്തോളം ആളുകളാണ്. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ നിലപാടുകൾക്കെതിരെ സംഘടിപ്പിച്ച കൂട്ടായ്മയിൽ പെരുമ്പാവൂരിൽ അഞ്ഞൂറോളം ആളുകളും കോഴിക്കോട് ആയിരം പേരും പങ്കെടുത്തു. സാമൂഹികാകലം പേരിന് പോലും ഇവിടങ്ങളിൽ ഇല്ലായിരുന്നു. മാസ്‌ക് ധരിക്കാത്തവരുടെ എണ്ണവും കുറവല്ല. കോഴിക്കോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
എറണാകുളം ജില്ലയിൽ ഞായറാഴ്ച പോസിറ്റീവ് ആയത് 3204 പേരാണ്. ഇവിടെ ടിപിആർ 36.87 ആണ്. മൂന്നാം ദിവസമാണ് എറണാകുളത്ത് ടിപിആർ 30ന് മുകളിൽ കടക്കുന്നത്. കോഴിക്കോട് ജില്ലയിൽ 1,643 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ടിപിആർ 30.65 ശതമാനമാണ്. സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച തീവ്രവ്യാപനത്തിനുള്ള സാധ്യതയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവയ്ക്കാതെയാണ് രാഷ്ട്രീയ പാർട്ടികൾ പരിപാടികൾ സംഘടിപ്പിക്കുന്നത്.
രാജ്യത്ത് വൈറസിന്റെ വ്യാപനശേഷി കുറഞ്ഞു
ഇന്ത്യയിയിൽ അതിതീവ്ര കോവിഡ് വ്യാപനത്തിൽ നേരിയ കുറവെന്നു സൂചനകളാണ് പുറത്തുവരുന്നത്. ജനുവരി 7 മുതൽ 13 വരെയുള്ള ആഴ്ചയിലെ കണക്കുപ്രകാരം, വൈറസിന്റെ വ്യാപനശേഷിയായ ആർ വാല്യു 2.2 ആയി കുറഞ്ഞു. തൊട്ടു മുൻപത്തെ ആഴ്ച ഇത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ 4 ലേക്ക് എത്തിയിരുന്നു.
മറ്റു പ്രതിരോധ മാർഗങ്ങളില്ലെങ്കിൽ ശരാശരി എത്ര പേർക്കു വരെ സമ്പർക്കം വഴി രോഗം വരാമെന്ന അനുമാനമാണ് ആർ വാല്യു. ഇതനുസരിച്ച്, കോവിഡ് പിടിപെട്ട ഓരോരുത്തരിൽ നിന്നും മറ്റു 4 പേർക്കു കൂടി കോവിഡ് പിടിപെടാം. എന്നാൽ, പുതിയ കണക്കു പ്രകാരം ഒരാളിൽ നിന്ന് 2.2 പേർക്ക് എന്ന നിരക്കിലാണ് വൈറസിന്റെ വ്യാപനം.
കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം കോവിഡ് തരംഗത്തിൽ പോലും 1.69 ആയിരുന്നു ആർ വാല്യു. ഈ നിരക്ക് ഒന്നിൽ നിന്നു താഴേക്ക് എത്തുമ്പോഴാണ് കോവിഡ് വ്യാപനം കുറയുക. ഐഐടി മദ്രാസ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയിലെ വൈറസ് വ്യാപനത്തിന്റെ ഗതി സൂചിപ്പിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ