കൊച്ചി: മദ്യവിൽപ്പനശാലകളിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റോ, കോവിഡ് ആർടിപിസിആർ പരിശോധനാഫലമോ വേണം. എന്നാൽ എന്തുകൊണ്ട് പുതുക്കിയ കോവിഡ് മാർഗനിർദേശങ്ങൾ മദ്യശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് കോടതി ചോദിച്ചു.

മദ്യശാലകളിൽ കോവിഡ് പരിശോധനാഫലം വേണ്ടേ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. മദ്യശാലകളിലും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റോ, ആർടിപിസിആർ ഫലമോ നിർബന്ധമാക്കണം. അങ്ങനെയെങ്കിൽ മദ്യം വാങ്ങേണ്ടതിനാൽ പരമാവധി ആളുകൾ വാക്സിൻ എടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

മദ്യവിൽപ്പന കടകൾക്ക് മുന്നിൽ ഇപ്പോഴും തിരക്കാണ്. ബാരിക്കേഡ് വെച്ച് അടിച്ച് ഒതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. പലയിടത്തും കന്നുകാലികളോടെന്ന പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരോട് പെരുമാറുന്നത്. ഔട്ട്ലെറ്റുകളിലെ സ്ഥിതി നേരിട്ട് ബോധ്യപ്പെട്ടതാണെന്നും കോടതി പറഞ്ഞു.

മദ്യശാലകളിൽ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിന്റെ നിലപാട് കോടതി ചോദിച്ചു. നാളെത്തന്നെ നിലപാട് അറിയിക്കണമെന്നും സർക്കാരിന് നിർദ്ദേശം നൽകി. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.