- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി നാളെ മുതൽ കേസുകൾ നേരിട്ട് പരിഗണിക്കും; പ്രവേശനം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം; ഓഫ്ളൈൻ സിറ്റിങ്ങുകൾ ആരംഭിക്കുന്നത് ഓൺലൈൻ നടപടി ക്രമം നിലനിർത്തിക്കൊണ്ട് തന്നെ
കൊച്ചി : ഹൈക്കോടതിയിൽ നാളെ മുതൽ കേസുകൾ നേരിട്ടു പരിഗണിക്കും. വിഡിയോ കോൺഫറൻസിങ് മുഖേന കേസുകൾ നടത്തുന്നതിനുള്ള സൗകര്യം നിലനിർത്തിയാണു നേരിട്ടുള്ള സിറ്റിങ്ങും ആരംഭിക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്നു ലോക്ഡൗൺ നിലവിൽ വന്നതോടെയാണ് ഹൈക്കോടതി ഓൺലൈനായി കേസുകൾ പരിഗണിക്കാൻ തുടങ്ങിയത്. കോടതി മുറിയിൽ ഒരു സമയം 15 പേരിലേറെ അനുവദിക്കില്ല എന്നതുൾപ്പെടെ നിയന്ത്രണങ്ങളോടെയാണു നേരിട്ടുള്ള സിറ്റിങ് ആരംഭിക്കുന്നത്.
2 ഡോസ് വാക്‌സീൻ സ്വീകരിച്ചവർക്കാണു കോടതി മുറിയിൽ പ്രവേശനം. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കേരള ഹൈക്കോർട്ട് അഡ്വക്കറ്റ് അസോസിയേഷൻ നൽകിയ സർട്ടിഫിക്കറ്റ് സ്വീകരിക്കും. അഭിഭാഷകരെ കൂടാതെ കക്ഷികൾ, ക്ലാർക്കുമാർ എന്നിവർ ഒഴികെയുള്ളവർക്കു ബന്ധപ്പെട്ട കോടതിയുടെ അനുമതിയില്ലാതെ പ്രവേശനമില്ല. ഫയലുകൾ വയ്ക്കാനും തിരിച്ചെടുക്കാനും കോടതി മുറിയിലെത്താൻ അഭിഭാഷകരുടെ ക്ലാർക്കുമാർക്ക് അനുമതിയുണ്ട്.
അതേസമയം വിഡിയോ കോൺഫറൻസിങ് സൗകര്യം അഭിഭാഷകർ, കക്ഷികൾ എന്നിവർക്ക് ഇച്ഛാനുസരണം തിരഞ്ഞെടുക്കാം. വിഡിയോ കോൺഫറൻസിങ് ആണ് തിരഞ്ഞെടുത്തതെങ്കിൽ അതു പട്ടികയിൽ (കോസ് ലിസ്റ്റ്) ഉണ്ടാകും. സിറ്റിങ് ആരംഭിക്കുന്ന ഘട്ടത്തിലും വിഡിയോ കോൺഫറൻസിങ് സൗകര്യം ആവശ്യപ്പെടാം.
ഒരു കക്ഷി, വിഡിയോ കോൺഫറൻസിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നതായി കോസ് ലിസ്റ്റിൽ സൂചിപ്പിക്കുകയോ സിറ്റിങ് ആരംഭിക്കുന്ന ഘട്ടത്തിൽ പരാമർശിക്കുകയോ ചെയ്യുകയും എതിർകക്ഷി നേരിട്ടു ഹാജരാവുകയും ചെയ്താൽ ഹൈബ്രിഡ് രീതിക്കുള്ള സൗകര്യവുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ