- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവസ്വം ബഡ്ജറ്റിൽ മതപാഠശാലകൾക്കായി ഉൾപ്പെടുത്തിയത് ലക്ഷക്കണക്കിന് രൂപ; ഒരു രൂപ പോലും ചിലവഴിച്ചുമില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർക്കും സെക്രട്ടറിക്കുമെതിരെ സ്വമേധയാ കേസെടുത്തു ഹൈക്കോടതി
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഫണ്ട് വിനിയോഗത്തിൽ ദേവസ്വം ബോർഡ് കമ്മീഷണർക്കും സെക്രട്ടറിക്കുമെതിരെ സ്വമേധയാ കേസെടുത്തു ഹൈക്കോടതി. പതിറ്റാണ്ടുകളായി ദേവസ്വം ബഡ്ജറ്റിൽ മതപാഠശാലകൾക്ക് ലക്ഷക്കണക്കിന് രൂപ ഉൾപ്പെടുത്തിയിട്ടും ഒരു രൂപാ പോലും ചെലവഴിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി കേസെടുത്തത്.
യജ്ഞാചാര്യനും, വേദാന്ത സംസ്‌കൃത മതപാഠശാലാ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മാത്ര സുന്ദരേശൻ ഈ വിഷയമുന്നയിച്ച് ദേവസ്വം ഓംബുഡ്‌സ്മാന് നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തി ഓംബുഡ്‌സ്മാൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഇത് പരിഗണിച്ചാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ദേവസ്വം കമ്മീഷണർ, സെക്രട്ടറി എന്നിവരാണ് എതിർകക്ഷികൾ ഈമാസം 21ാം തീയ്യതി ഹാജരാകണമെന്ന് കാണിച്ച് പരാതിക്കാരന് ഹൈക്കോടതി നോട്ടീസയച്ചു.
1980 മുതൽ മതപാഠശാല പ്രവർത്തനങ്ങൾക്കായി പ്രത്യേക നിയമാവലി ഉണ്ടായിട്ടും അതു പ്രകാരം കാര്യങ്ങൾ ചെയ്യാൻ ദേവസ്വം ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.2002-ൽ നിയമാവലി പരിഷ്‌കരിച്ചെങ്കിലും പ്രവർത്തനത്തിൽ പുരോഗതിയുണ്ടായില്ല. തുടർന്ന് പരാതിക്കാരൻ വിവരാവകാശ നിയമപ്രകാരം രേഖകൾ എടുത്ത് മതപാഠശാലകൾക്ക് അർഹമായ ആനുകൂല്യങ്ങൾ ദേവസ്വം ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്ന തുകയിൽ നിന്നും നൽകണമെന്ന് ആവശ്യപ്പെട്ട് ബോർഡിനേയും ഉദ്യോഗസ്ഥരേയും സമീപിച്ചുവെങ്കിലും നിഷേധാത്മക നിലപാടായിരുന്നു ഉണ്ടായത്.
ദേവസ്വം ബോർഡിലെ സാംസ്‌കാരിക പുരാവസ്തു വിഭാഗത്തിനാണ് മതപാഠശാല നടത്തിപ്പിന്റെ ചുമതലയെങ്കിലും ചില ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും ഇടപെടൽ മൂലം മതപാഠശാല പ്രവർത്തനങ്ങൾ തടസപ്പെടുകയാണ്. അത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ദേവസ്വം ബോർഡിന്റെ ഭാഗത്തു നിന്നും പലപ്പോഴും ഉണ്ടാകുന്നതെന്നും വിമർശനമുണ്ടായി.
ഇതേ തുടർന്ന് എല്ലാ ഗ്രൂപ്പിലേയും മതപാഠശാല പ്രവർത്തരെ ഉൾപ്പെടുത്തി കൾച്ചറൽ ഡയറക്ടറുടെ നിർദ്ദേശപ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് മതപാഠശാല കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുകയും ജനറൽ കൺവീനറായ മാത്ര സുന്ദരേശൻ ദേവസ്വം ഓംബുഡ്‌സ്മാന് പരാതി നൽകിയതും.
മറുനാടന് മലയാളി ബ്യൂറോ