കൊച്ചി : സ്വകാര്യ സെമിത്തേരിയോ കല്ലറയോ പണിയാൻ കലക്ടറുടെ അനുമതി നിർബന്ധമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. സ്ഥലം സ്വന്തം പേരിലാണെങ്കിലും വ്യക്തികളുടെ ഇഷ്ടപ്രകാരം ഇവ നിർമ്മിക്കാനാവില്ല. കേരള പഞ്ചായത്തീ രാജ് (ബറിയൽ ആൻഡ് ബേണിങ് ഗ്രൗണ്ട്‌സ്) ചട്ടത്തിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ബാധകമാണെന്നു കോടതി പറഞ്ഞു.

സ്വകാര്യ ഭൂമിയിൽ നടത്തിയ കല്ലറ നിർമ്മാണം ക്രമപ്പെടുത്തുകയോ പൊളിച്ചു നീക്കുകയോ ചെയ്യണമെന്നു കാണിച്ച് തൃശൂർ മുരിയാട് പഞ്ചായത്ത് നോട്ടിസ് നൽകിയതിനെതിരെ തൃശൂർ സ്വദേശി മാത്യു നൽകിയ ഹർജി കോടതി തള്ളി.

സേനയിൽനിന്നു വിരമിച്ച ശേഷം പ്രയർ ഹോം പണിയാൻ വേണ്ടിയാണു ഹർജിക്കാരൻ 27 സെന്റ് ഭൂമി വാങ്ങിയത്. പണികഴിപ്പിച്ച 3 ടാങ്കുകൾ ഭാവിയിൽ തന്നെയും കുടുംബാംഗങ്ങളെയും സംസ്‌കരിക്കാനുള്ള കല്ലറകളാക്കി മാറ്റുമെന്നും വ്യക്തിഗത ഉപയോഗം ആയതിനാൽ പൊതുതാൽപര്യം ഇല്ലെന്നും വാദിച്ചെങ്കിലും കോടതി തള്ളി.