- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിപ്പുകാരനായ മോൻസന് ഏതു സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നൽകിയത്? ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നത്; ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരെല്ലാം സർവീസിലുണ്ട്; വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മോൻസൻ വിഷയത്തിൽപൊലീസിനെ വിമർശിച്ച് ഹൈക്കോടതി. തട്ടിപ്പുകാരനായ മോൻസൺ മാവുങ്കലിന് ഏത് സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി. ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നതെന്നും ഇതെല്ലാം പരിശോധിക്കാൻ എന്തുകൊണ്ട് പൊലീസ് തയ്യാറായില്ലെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യങ്ങളിൽ ഒക്ടോബർ 26-നകം റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവറായിരുന്ന അജിത്, തനിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് പൊലീസിനെതിരേ ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. ജനങ്ങൾ ചിരിക്കുകയാണെന്ന് പറഞ്ഞ കോടതി പൊലീസ് നടപടികളെ വിമർശിച്ചു. ഏത് സാഹചര്യത്തിലാണ് മോൻസണിന്റെ വീടിന് പുറത്ത് പൊലീസ് സംരക്ഷണം ഒരുക്കിയത്. വിലപിടിപ്പുള്ള വസ്തുക്കൾ അകത്തുണ്ടെന്നാണ് മോൻസൺ പറഞ്ഞിരുന്നത്. ഇപ്പോൾ അതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നത്.
ആനക്കൊമ്പടക്കം വീട്ടിലുണ്ടെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതിലെ യാഥാർഥ്യം കണ്ടെത്താനോ ഇതുസംബന്ധിച്ച് പരിശോധന നടത്താനോ എന്തുകൊണ്ട് പൊലീസ് തയ്യാറായില്ലെന്നും പൊലീസും ഇന്റലിജൻസും എവിടെയായിരുന്നു എന്നും കോടതി ചോദിച്ചു. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കേട്ട് ജനം പൊട്ടിച്ചിരിക്കുകയാണ്. മോൻസന്റെ വീടിന് മുന്നിൽ പൊലീസിനെ കാണുമ്പോൾ സാധാരണ ജനങ്ങൾ എന്താണ് കരുതേണ്ടത്. പൊതുസമൂഹം എന്താണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്. അയാളുടെ വിശ്വാസ്യത കൂട്ടാനുള്ള ശ്രമമല്ലേ ഇതിലൂടെ നടന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
ചേർത്തല സിഐ. ആയിരുന്ന പി.ശ്രീകുമാർ മാത്രമല്ല, എല്ലാ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ ആരോപണവിധേയരാണെന്നും അവരെല്ലാം സർവീസിൽ തുടരുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോയെന്നും കോടതി ചോദിച്ചു.
അജിത് സമർപ്പിച്ച ഹർജിയിൽ കോടതി നേരത്തെ പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഈ ഹർജിയിൽ പിന്നീട് സംസ്ഥാന പൊലീസ് മേധാവിയെ കൂടി കക്ഷി ചേർക്കുകയായിരുന്നു. ചൊവ്വാഴ്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി പൊലീസിനെതിരേ ചോദ്യങ്ങൾ ഉന്നയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ