കൊച്ചി: ബാർകോഴ കേസിൽ വിജിലൻസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി രംഗത്ത്. വിജിലൻസിന് വിജിലൻസ് ഇല്ലെന്നും മറ്റ് സംവിധാനം ആലോചിക്കേണ്ടി വരുമെന്നും ഹൈക്കോടതി പറഞ്ഞു. കെ എം മാണിക്കെതിരെ സീസർ പരാമർശം നടത്തിയ ജസ്റ്റിസ് കമാൽ പാഷ തന്നെയാണ് ഈ വിമർശനം ഉന്നയിച്ചത്. ബാർ അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശിനെതിരെ കെ ബാബു നൽകിയ അപകീർത്തി കേസ് പരിഗണിക്കുന്ന വേളയിലാണ് കോടതിയുടെ പരാമർശം. എറണാകുളം സി.ജെ.എം കോടതിയിൽ നൽകിയ മാനനഷ്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജുവിന്റെ ഹർജി.

മന്ത്രി കോഴ വാങ്ങിയെന്ന് ആരോപണമുണ്ടായാൽ അന്വേഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജനങ്ങൾക്ക് സത്യമറിയാൻ അവകാശമുണ്ട്. വിജിലൻസില്ലാത്തത് പോലെയാണ് വിജിലൻസിന്റെ പ്രവർത്തനം. ഇങ്ങനെ പോയാൽ വിജിലൻസിന് പകരം അന്വേഷണത്തിന് മറ്റ് സംവിധാനം ഏർപ്പെടുത്തേണ്ടി വരും. വിജിലൻസിന്റേത് തീർത്തും ദൗർഭാഗ്യകരമായ അവസ്ഥയാണ്. ജസ്റ്റിസ് ബി. കമാൽപാഷയാണ് വാക്കാൽ ഇക്കാര്യങ്ങൾ നിരീക്ഷിച്ചത്.

കേസ് പരിഗണിച്ചപ്പോൾ മന്ത്രി ബാബുവിന്റെ അഭിഭാഷകൻ നടത്തിയ പരാമർശമാണ് കോടതിയുടെ അതൃപ്തിക്ക് കാരണമായത്. ബിജു തന്റെ ആരോപണം ശരിയാണെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ കേസിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാത്തത് എന്തുകൊണ്ടാണെന്നായിരുന്നു അഭിഭാഷകന്റെ ചോദ്യം. ഇതോടെയാണ് ജസ്റ്റിസ് കമാൽ പാഷ വിജിലൻസിനെതിരെ പരാമർശം നടത്തിയത്.

അതേസമയം, ബാർകോഴ കേസിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലോകായുക്തയിൽ സമർപ്പിച്ചതിനാലാണ് വിജിലൻസ് കോടതിയിൽ ഹാജരാക്കാത്തതെന്ന് വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഢി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ബാബുവിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മന്ത്രി കെ ബാബുവിനെതിരായ അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയില്ലെന്നായിരുന്നു കഴിഞ്ഞദിവാസം കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി ഉന്നയിച്ച ചോദ്യം. അന്വേഷണറിപ്പോട്ടും അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ടും മറ്റ് രേഖകളും ലോകായുക്തയിൽ സമർപ്പിച്ചതിനാലാണ് വിജലൻസ് കോടതിൽ ഹാജരാക്കാത്തതെന്നതെന്ന് വിജിലൻസിന്റെ വിശദീകരണം. മന്ത്രി കെ എം മാണിക്കെതിരായ തുടരന്വേഷണം അവസനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചതായും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിജിലൻസ് വ്യക്തമാക്കി.

അന്വേഷണത്തിൽ പരാതിയുള്ളവർക്ക് ലോകായുക്തയെയോ വിജിലൻസ് കോടതിയെയോ സമീപിക്കാം. ബാർകോഴയുമായി ബന്ധപ്പെട്ട് തൃശൂർ തിരുവനന്തപുരം വിജിലൻസ് കോടതികളിൽ കേസ് നിലവിലുള്ളതിനാൽ ഹർജിക്കാർക്ക് നിയമപരമായ മറ്റ് മാർഗങ്ങൾ തേടാമെന്നും സത്യവാങ്മൂലത്തിലുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിജിലൻസ് സിബിഐ അന്വേഷണ ആവശ്യം തള്ളുകയും ചെയ്തു.