കൊച്ചി: സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമാണെന്നും യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതിന് കാരണം തൊഴിലില്ലായ്മയാണെന്നും ഹൈക്കോടതി. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയാണ് തിരുവനന്തപുരം പോത്തൻകോട്ടെ കൊലപാതകത്തിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തിയത്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് തിരുവനനന്തപുരം പോത്തൻകോട്ട് നടന്ന കൊലപാതകത്തെക്കുറിച്ച് പരാമർശിച്ചത്. ഇതരസംസ്ഥാനക്കാർക്ക് ഇവിടെ ജോലിയുണ്ടെന്നും എന്നാൽ കേരളത്തിലുള്ളവർക്ക് ജോലിയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വാക്കാൽ പറഞ്ഞു.

പോത്തൻകോട് സുധീഷ് വധക്കേസിൽ അഞ്ചുപേരെ കൂടി പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. സച്ചിൻ, സൂരജ്, അരുൺ, ജിഷ്ണു, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. നന്ദീഷ്, നിധീഷ്, രഞ്ജിത്ത് എന്നീ പ്രതികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

ആകെ 11 പേരാണ് കൊലക്കേസിൽ പ്രതികളായിട്ടുള്ളതെന്ന് ഡി.ഐ.ജി. സഞ്ജയ് കുമാർ ഗരുഡിൻ മാധ്യമങ്ങളോട് പറഞ്ഞു. ഇവരെല്ലാം നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണ്. ഇതിൽ എട്ടുപേരെ അറസ്റ്റ് ചെയ്തു. ബാക്കി മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പ്രതികളുടെ ലഹരിമാഫിയ ബന്ധങ്ങളടക്കം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, സുധീഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഒട്ടകം രാജേഷ്, സുധീഷ് ഉണ്ണി, ശ്യാംകുമാർ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാൻ പൊലീസ് ഊർജിതമായ തിരച്ചിലാണ് നടത്തുന്നത്.

പകരംവീട്ടാൻ കാത്തിരുന്നവർ ഒത്തുകൂടി നടത്തിയ ആക്രമണമാണ് ശനിയാഴ്ച പോത്തൻകോട് കല്ലൂരിൽ നടന്നതെന്ന് സൂചന. ഏതെങ്കിലും ഒരു സംഭവത്തിന്റെ തുടർച്ചയല്ല ആക്രമണത്തിനു പിന്നിലെന്നാണ് വ്യക്തമാകുന്നത്.

ആക്രമണം നടത്തിയവരിൽ പലർക്കും പല സംഭവങ്ങളിലായി സുധീഷുമായി ശത്രുതയുണ്ടായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 11 പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.

സുധീഷിനെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി സുധീഷ് ഉണ്ണിയാണെന്ന് പൊലീസ് പറയുന്നു. ഇയാളുടെ അമ്മയുടെ നേർക്ക് കൊല്ലപ്പെട്ട സുധീഷ് നാടൻബോംബെറിഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഡിസംബർ 6-നാണ് ഈ സംഭവം നടന്നത്. സുധീഷ് ഉണ്ണിക്ക് കൊല്ലപ്പെട്ട സുധീഷിനോടുള്ള പകയ്ക്ക് കാരണമിതാണ്. കേസിലെ മൂന്നാംപ്രതിയായ ശ്യാംകുമാറും സുധീഷും തമ്മിൽ കഞ്ചാവു കച്ചവടവുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും സുധീഷ് ശ്യാംകുമാറിനെ മർദിക്കുകയും ചെയ്തിരുന്നു. ഇത് ശ്യാംകുമാറിന്റെ പകയ്ക്കിടയാക്കി.

ഊരുപൊയ്ക മങ്കാട്ടുമൂലയിൽ അഖിൽ, വിഷ്ണു എന്നിവർക്ക് 6-ന് വൈകീട്ട് വെട്ടേറ്റിരുന്നു. ഈ കേസിലെ മൂന്നാംപ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്. ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ളവരാണ് അഖിലും വിഷ്ണുവും. ഇവർക്കുനേരേകൂടി ആക്രമണമുണ്ടായതോടെ സുധീഷിനെ തേടിപ്പിടിച്ച് ആക്രമിക്കാൻ മറ്റുള്ളവരെല്ലാം ചേർന്ന് തീരുമാനിക്കുകയായിരുന്നു.

ആക്രമണത്തിനായി വിവിധ സ്ഥലങ്ങളിൽനിന്നുള്ളവരെ സംഘടിപ്പിച്ചത് ഒട്ടകം രാജേഷാണ്. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ രാജേഷ് അടുത്തകാലത്തായി കേസുകളിലൊന്നിലും ഉൾപ്പെട്ടിരുന്നില്ല. അതേസമയം, മംഗലപുരം ചിറയിൻകീഴ് മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവ്യാപാരത്തിന്റെ പ്രധാന കണ്ണിയാണിയാളെന്നാണ് സൂചന. ലഹരിവസ്തുക്കളുടെ കടത്തിലും വ്യാപാരത്തിലും ഇയാൾക്ക് വലിയ പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണക്കേസിലെ മറ്റു പ്രതികളുമായി ഇയാളെ ബന്ധിപ്പിക്കുന്നതും ഈ ലഹരിക്കച്ചവടമാണെന്നാണ് സൂചന. ഒട്ടകം രാജേഷും സുധീഷ് ഉണ്ണിയും അടുത്ത സുഹൃത്തുക്കളാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.