- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സീൻ സൗജന്യമായി നൽകാത്തത് എന്തുകൊണ്ട്? എല്ലാവർക്കും സൗജന്യ വാക്സീൻ നൽകാൻ വേണ്ടത് 34,000 കോടിയാണ്: 54,000 കോടി രൂപ റിസർവ് ബാങ്ക് സർക്കാരിനു നൽകിയിട്ടുണ്ട്; ഇത് വാക്സിനേഷനായി ഉപയോഗിച്ചു കൂടേ; കേന്ദ്രത്തോട് ഹൈക്കോടത
കൊച്ചി: കേന്ദ്രസർക്കാറിന്റെ വാക്സിൻ പോളിസിയെ ചോദ്യം ചെയ്ത് കേരളാ ഹൈക്കോടതി. രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്സീൻ നൽകുന്നില്ലെന്നായിരുന്നു പ്രധാന ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്. സംസ്ഥാനങ്ങൾ സൗജന്യമായി വാക്സീൻ കൊടുക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നു ചോദിച്ച കോടതി ഫെഡറലിസം നോക്കേണ്ട സമയം ഇതെല്ലെന്നും വ്യക്തമാക്കി.
എല്ലാവർക്കും സൗജന്യ വാക്സീൻ നൽകാൻ വേണ്ടി വരുന്നത് ഏകദേശം 34,000 കോടി രൂപയാണ്. എന്നാൽ 54,000 കോടി രൂപ അധിക ലാഭവിഹിതമായി റിസർവ് ബാങ്ക് സർക്കാരിനു നൽകിയിട്ടുണ്ട്. ഈ തുക സൗജന്യമായി വാക്സീൻ നൽകാൻ ഉപയോഗിച്ചുകൂടെ എന്നായിരുന്നു കോടതി ഉയർത്തിയ മറ്റൊരു ചോദ്യം.
അതേസമയം ഇതു നയപരമായ കാര്യമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ മറുപടി നൽകി. വാക്സീൻ നയം മാറിയതോടെ വാക്സീൻ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ഹർജിക്കാർ പരാതിപ്പെട്ടു. ജുഡീഷ്യൽ ഓഫിസർമാരെയും കോടതി ജീവനക്കാരെയും എന്തുകൊണ്ടാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്നു സംസ്ഥാന സർക്കാരിനോടു കോടതി ചോദിച്ചു.
കോവിഡ് വ്യാപനത്തിന് ഇടയിലും ലോക്ഡൗണിലും കോടതികൾ പ്രവർത്തിക്കുന്നുണ്ട് എന്നു വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ സർക്കാർ ബുധനാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. കോവിഡ് വാക്സിനേഷൻ ഇന്ത്യയിൽ ആരംഭിക്കുമ്പോൾ 'ജൻ ആന്തോളൻ കോവിഡ്-19 വാക്സിനേഷൻ' പരിപാടിയുടെ ഭാഗമായി ഇന്ത്യൻ ജനതയ്ക്ക് ശാസ്ത്രീയമായി വിജയിച്ച സുരക്ഷിതമായ വാക്സിൻ ലഭ്യമാക്കുമെന്നാണ് നമ്മുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി തുല്യനീതി ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു വിതരണ സമ്പ്രദായമാണ് കോവിഡ് വാക്സിന്റെ കാര്യത്തിൽ കൈക്കൊള്ളുക എന്നും പറയുകയുണ്ടായി. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, മറ്റ് കോവിഡ് മുൻനിരപ്രവർത്തകർ, 60 വയസ്സിന് മുകളിലുള്ളവർ, 45 വയസ്സിനു മുകളിലുള്ള ഗുരുതര രോഗമുള്ളവർ എന്നിവർക്കായി വാക്സിൻ നിജപ്പെടുത്തുകയുംചെയ്തു. പിന്നീട് 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനായി കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
തുടക്കംമുതൽ ഇന്നുവരെ ഇവിടെ ഉത്പാദിപ്പിക്കുന്ന മുഴുവൻ വാക്സിനും കേന്ദ്രസർക്കാർ നേരിട്ട് എടുക്കുകയും സംസ്ഥാനങ്ങൾക്ക് സൗജന്യമായും സ്വകാര്യ ആശുപത്രികൾക്ക് ഉപഭോക്താക്കളിൽനിന്ന് ഒരു ഡോസിന് 250 രൂപ നിരക്കിൽ ഈടാക്കാൻ അനുമതി നൽകിക്കൊണ്ട് വിതരണം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. ഇതിനിടെ ഇന്ത്യ 84 രാജ്യങ്ങളിലേക്കായി 65 ദശലക്ഷം ഡോസ് വാക്സിൻ കയറ്റുമതി ചെയ്തതായി പറയപ്പെടുന്നു. വാക്സിൻ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുമ്പോൾ വാക്സിൻ കയറ്റുമതി ചെയ്യുക എന്നത് അനിവാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ, രണ്ടാം തരംഗം വന്നതോടെ സ്ഥിതിഗതികൾ പിടിവിട്ടു പോകുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ