- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ ശരീരം ഭർത്താവിന് അവകാശപ്പെട്ടതല്ല; സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗം; സെക്സിനോടുള്ള ഒടുങ്ങാത്ത ആർത്തി ക്രൂരത തന്നെ; യുവതിക്ക് വിവാഹ മോചനം അനുവദിച്ചു കൊണ്ട് ഹൈക്കോടതി പരാമർശങ്ങൾ ഇങ്ങനെ
കൊച്ചി: ഭാര്യയുടെ ശരീരം ഭർത്താവിന് ഉടമസ്ഥതയുള്ളതാണെന്ന വിധത്തിൽ പെരുമാറുന്നത് ലൈംഗിക അതിക്രമം തന്നെയാണെന്ന് ഹൈക്കോടതി. ഇതു വൈവാഹിക ബലാത്സംഗമാണെന്നു വിലയിരുത്തിയ കോടതി വിവാഹ മോചനം അനുവദിക്കാൻ മതിയായ കാരണമാണെന്നും വ്യക്തമാക്കി. ഭർത്താവ് തന്നോടു ക്രൂരമായി പെരുമാറുന്നുവെന്നു ചൂണ്ടിക്കാട്ടി യുവതി നൽകിയ വിവാഹമോചന ഹർജി അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീൽ ആണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖും കൗസർ എടപ്പഗത്തും പരിഗണിച്ചത്.
സെക്സിനോടും ധനത്തിനോടുമുള്ള ഭർത്താവിന്റെ ഒടുങ്ങാത്ത ആർത്തി മൂലമാണ് യുവതി വിവാഹമോചനത്തിനു തീരുമാനം കൈക്കൊണ്ടതെന്നാണ് ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടുന്നത്. വിഷയാസക്തിയും വഷളത്തവും നിറഞ്ഞ ഭർത്താവിന്റെ പെരുമാറ്റം സാധാരണ ദാമ്പത്യ ജീവിതമായി കണക്കാക്കാനാവില്ല. സെക്സിനോടുള്ള ഒടുങ്ങാത്ത ആർത്തി ക്രൂരത തന്നെയാണെന്ന്, അപ്പീൽ തള്ളിക്കൊണ്ടു കോടതി പറഞ്ഞു.
വ്യക്തികൾക്കു സ്വന്തം ശരീരത്തിനുമേലുള്ള സ്വകാര്യതാ അവകാശം അമൂല്യമാണ്. അതിനു മേലുള്ള ഏതു കടന്നുകയറ്റവും ആ സ്വകാര്യതയെ ലംഘിക്കലാണ്. അതു ക്രൂരത തന്നെയാണ്. വൈവാഹിക ബലാത്സംഗം ശിക്ഷിക്കാവുന്ന കുറ്റമായി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽപ്പോലും അതിന്റെ പേരിൽ വിവാഹ മോചനം അനുവദിക്കാമെന്ന് കോടതി വിലയിരുത്തി.
വൈവാഹിക ബന്ധം ആത്യന്തികമായി സംതൃപ്തിയുമായി ബന്ധപ്പെട്ടതാണെന്ന് കോടതി പറഞ്ഞു. സൗഹാർദമായ അന്തരീക്ഷമുണ്ടാവുമ്പോൾ ആ സംതൃപ്തിയുണ്ടാവും. അത് പരസ്പര ബഹുമാനത്തിലൂടെയും വിശ്വാസത്തിലൂടെയും വരുന്നതാണെന്ന് കോടതി പറഞ്ഞു. ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള അടുപ്പത്തിന്റെ പ്രതിഫലനമാണ് സെക്സ്. ഇവിടെ പരാതിക്കാരി എല്ലാ തരത്തിലുമുള്ള ലൈംഗിക വൈകൃതത്തിനും ഇരയായി. ഇത്തരം സഹനം വേണ്ടെന്നു വയ്ക്കാനുള്ള അവകാശം ഭരണഘടന ഓരോരുത്തർക്കും നൽകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹ മോചനം നിഷേധിച്ചുകൊണ്ട് ഇത്തരം സഹനത്തിലേക്ക് ഒരാളെ തള്ളിവിടാൻ കോടതിക്കാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ