- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കുഴൽപ്പണ കേസ്: പൊലീസ് അന്വേഷണത്തിൽ തുറന്നത് അദ്ഭുതങ്ങളുടെ പെട്ടി; കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ഹൈവേ റോബറിയാണ് ഓർമ്മ വരുന്നത്: ഹൈക്കോടതി
കൊച്ചി: കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണത്തിൽ അദ്ഭുതങ്ങളുടെ പെട്ടിയാണ് തുറന്നതെന്ന് ഹൈക്കോടതി. കൊടകര കുഴൽപ്പണ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ പുറത്തുവന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കവർച്ച നടക്കുന്നത് ഏപ്രിൽ മൂന്നാം തീയതി പുലർച്ചെയാണ്. പക്ഷേ അന്ന് സംഭവവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉണ്ടായില്ല. സംഭവത്തിന് ശേഷം പരാതിക്കാരൻ കോഴിക്കോട്ടേക്ക് തിരിച്ച് പോകുകയും മടങ്ങിയെത്തി ഏപ്രിൽ ഏഴാം തീയതി ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടമായതായി പരാതിപ്പെടുകയുമായിരുന്നു. എന്നാൽ പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു അദ്ഭുതപ്പെട്ടിയാണ് തുറന്നതെന്നാണ് കോടതി പറഞ്ഞത്.
മൂന്നരക്കോടി രൂപയുടെ കവർച്ച നടന്നതായി പൊലീസിന് വ്യക്തമാകുകയായിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങളാണ് പുറത്ത് വന്നത്. കേരളത്തിൽ ഹൈവേ റോബറിയാണ് നടന്നത്. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കവർച്ചയാണ് നടന്നതെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
അതേസമയം കേസിന്റെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും വിചാരണ ഉടൻ തുടങ്ങാനുള്ള സാധ്യതകൾ കുറവാണ്. തൃശൂരിലെ കോടതിയിൽ ഇത് സംബന്ധിച്ച് നിരവധി കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക കോടതി ഇതുവരെ രൂപവത്കരിച്ചിട്ടില്ല. അതിനാൽ വിചാരണ അനന്തമായി നീളാനുള്ള സാഹചര്യം കണക്കിലെടുത്ത് പ്രതികളെ റിമാൻഡിൽ കഴിയുന്നത് ഒഴിവാക്കുന്നതിനായാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടിലും തൃശൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥയിലുമാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും ഏർപ്പെട്ടാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ