- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രയ്നിൽ നിന്നെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരള ഹൗസിൽ താമസ സൗകര്യം ഒരുക്കും; ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ
തിരുവനന്തപുരം: യുക്രയ്നിൽ നിന്നെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരള ഹൗസിൽ താമസ സൗകര്യം ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്നലെ തന്നെ ഇതിനാവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു.
നോർക്കയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രൊപ്പോസൽ സബ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൊപ്പോസൽ സബ്മിറ്റ് ചെയ്യുന്ന മുറയ്ക്ക് ഉത്തരവ് അടിയന്തരമായി പുറത്തിറങ്ങും. നോർക്കയുടെ ഓൺലൈൻ രജിസ്ട്രേഷൻ കൗണ്ടറിൽ ഇതുവരെ 1428 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
യുക്രയ്നിൽ നിന്ന് പുറപ്പെട്ട ആദ്യ ഇന്ത്യൻ സംഘം റൊമേനിയയിലെ വിമാനത്താവളത്തിലെത്തി. മലയാളികൾ ഉൾപ്പെടെ 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. വൈകിട്ടോടെ വിമാനം മുംബൈയിലെത്തിച്ചേരും. ബുക്കോവിനിയൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് സംഘത്തിലുള്ളത്.
യുദ്ധം മൂന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തിൽ ഭീതിയിലാണ് ഖാർക്കീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾ. നിരവധി വിദ്യാർത്ഥികൾ മണിക്കൂറുകളായി ബങ്കറുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.
വിലക്കയറ്റവും കടകളിൽ സാധനങ്ങളുടെ ലഭ്യത കുറയുന്നതും മൂലം ആശങ്ക ഉയരുകയാണ്. വിദ്യാർത്ഥികൾ ഇന്ത്യൻ എംബസിയുടെ നിർദ്ദേശം ലഭിക്കാതെ അതിർത്തികളിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദേശമുണ്ട്. നിർദ്ദേശം ലഭിക്കാത്തവർ നിലവിൽ തുടരുന്ന സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നും എംബസി നിർദേശിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ