ഡബ്ലിൻ: ഐറീഷ് മലയാളികളുടെ സ്വന്തം ആഘോഷമായ കാർണിവലിന് ഒരു സംഗീതോപഹാരമായി കലാകാരന്മാർ. വരികളിലൂടെയും വരകളിലൂടെയും ആലാപനത്തിലൂടെയും മുഴുവൻ മലയാളികളുടേയും മനം കവർന്ന പ്രിയ കലാകാരൻ ബിനു കെ പിയും പ്രമുഖ ഗിറ്റാറിസ്റ്റും മ്യൂസിക് ഡയറക്ടറും ഗായകനുമായ സിംസണും ചേർന്നാണ് കാർണിവൽ പ്രചാരണം ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. 

വരികളിലെ ലാളിത്യവും സംഗീതത്തിന്റെ മികവും ആലാപനത്തിന്റെ സൗന്ദര്യവും കോർത്തിണക്കിയ ഈ ഗാനത്തിനായി വീഡിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് പ്രമുഖ ഡിസൈനറും ചിത്രകാരനുമായ അജിത് കേശവൻ ആണ്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കേരളാ ഹൗസ് ലിഫി എഫ് എമ്മിലെ വീഡിയോ ഗ്രാഫറും എഡിറ്ററും അറിയപ്പെടുന്ന ഗായകനുമായ ശ്യാം ഈസാദാണ്.

ജൂൺ 18ന് ലൂക്കൻ ലൂത്ത് സെന്റർ മൈതാനത്ത് വച്ചു നടത്തുന്ന കാർണിവലിന് ഭാവുകങ്ങൾ നേർന്നുകൊണ്ടാണ് ഈ സംഗീതോപഹാരം പ്രിയകലാകാരന്മാർ ഐറീഷ് മലയാളികൾക്ക് സമർപ്പിക്കുന്നത്.