ചാച്ചാനെഹ്‌റുവിനോടുള്ള ആദര സൂചകമായി ഇന്ത്യ നവംബർ14ന് ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നു. പതിവുതെറ്റിക്കാതെ കേരളാ ഹൗസ് ഇത്തവണയും അയർലന്റിലെ കുട്ടികളെ മൂവർണ്ണ പതാകയുടമായി സമാധാനത്തിന്റെ വെള്ളക്കുപ്പായത്തിൽ ശിശുദിനാഘോഷങ്ങൾക്ക് അണിനിരത്തുന്നു. ഒരു രാജ്യത്തിന്റെ ഭാവി കുട്ടികളുടെ ഉന്നമനത്തിൽ നിന്നാണ് തുടങ്ങുന്നത് എന്ന് തിരിച്ചറിഞ്ഞ് പദ്ധതികൾ തയ്യാറാക്കിയ നെഹ്‌റുവിന് രാജ്യം നൽകുന്ന ആദരവ് തന്നെയാണ് ശിശുദിനം. കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഓരോ ശിശുദിനത്തിനും 100ഓളം കുട്ടികളെ ഇന്ത്യയെന്ന തത്വശാസ്ത്രത്തിന്റെ അഭിമാന ചിഹ്നമായ മൂവർണ്ണ കൊടിയുമായി അണിനിരത്തുന്നു എന്നതിനു പുറമേ 20ഓളം കുട്ടികൾ ഓരോ പ്രദേശത്തെയും പ്രതിനിധീകരിച്ച് ശിശുദിനാശംസകൾ അർപ്പിക്കാനുമെത്താറുണ്ട്. ഇത്തവണത്തെ ശിശുദിനാഘോഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടു വരെ ഡബ്ലിൻ കിൽമിനാ കമ്യൂണിറ്റി സെന്ററിൽ അരങ്ങേറും.

കേരളാ ഹൗസ് ശിശുദിനം അയർലന്റിലെ കുട്ടികളുടെ കലാപ്രവർത്തനങ്ങൾക്കുള്ള ഒരു അരങ്ങ് കൂടിയാണ്. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം കൊടുക്കുന്നിതിന് പുറമെ, കുട്ടികളുടെ ചിത്ര പ്രദർശനത്തിനും ഫോട്ടോ പ്രദർശനത്തിനും ഇക്കുറി കിൽമനാ ഹാൾ വേദിയാകും. മുതിർന്നവർ പങ്കിടുന്ന വേദിക്കു സമീപം കാണികളായി മാത്രം ഒതുങ്ങുന്ന കുട്ടികൾ ശിശുദിനത്തിന് കിൽമനയിലെ പടവുകൾ ചവിട്ടി വേദി പങ്കിടുമ്പോൾ ഇവിടെ കാണികളാകുന്നത് മുതിർന്നവരാണ്. അഭിമാനത്തോടെ അവർ ഉച്ചരിക്കുന്ന ഓരോ വാക്കും, ഓരോ കലാപ്രവർത്തനവും അവർ സമൂഹമായി വളരുന്നതിന്റെ ഒരു ബാലപാഠം കൂടിയാണ്.

വലം കൈയിലേന്താൻ ത്യാഗത്തിന്റെയും നിഷ്പക്ഷതയുടെയും പ്രവൃത്തിയെ സത്യത്തിന്റെ പാതിയിലൂടെ നയിക്കുന്ന വെളിച്ചത്തിന്റെയും ജീവൻ നിലനിർത്തുന്ന പ്രകൃതിയും, ഭൂമിയും സസ്യലതാദികളുമായുള്ള ബന്ധത്തിന്റെയും ധർമ്മത്തിന്റെയും പ്രതീകമായ മൂവർണ്ണക്കൊടി തയ്യാറായിക്കഴിഞ്ഞു.  തലയിൽ വെക്കാൻ ലാളിത്യത്തിന്റെ ഗാന്ധിതൊപ്പിയും തയ്യാർ. ഗാന്ധിയും നെഹ്‌റുവും തയ്യാറെടുക്കുന്നു. അയർലന്റിലെ കരുന്നുകളുടെ പാദസ്പർശമേൽക്കാൻ കിൽമനാ ഹാളും ഒരുങ്ങി.