ന്യൂഡൽഹി: കേരളാ ഹൗസിൽ ഓണം ആറിന് ആഘോഷിക്കും. ഉത്രാടദിനമായ സെപ്റ്റംബർ ആറിനാണ് അത്തപ്പൂക്കളവും ശിങ്കാരി മേളവുമൊരുക്കിയുള്ള ഓണാഘോഷം. ആഘോഷത്തോടനുബന്ധിച്ച് കേരളാ ഹൗസും പരിസരവും ദീപാലംകൃതമാക്കും. കൂടാതെ ജീവനക്കാരുടേയും കുട്ടികളുടേയും കലാപരിപാടികളും ആഘോഷത്തോടനുബന്ധിച്ച് അരങ്ങേറും.

കേരളാ ഹൗസ് അങ്കണത്തിൽ പ്രത്യേകം തയാറാക്കുന്ന പന്തലിൽ ഓണസദ്യയുമുണ്ടാകും. സദ്യയ്ക്കുള്ള കൂപ്പണുകൾ 200 രൂപ നിരക്കിൽ സെപ്റ്റംബർ രണ്ടുമുതൽ കേരളാ ഹൗസ് റിസപ്ഷൻ, ട്രാവൻകൂർ പാലസ് എന്നിവിടങ്ങളിൽ ലഭ്യമാണ്.

റസിഡന്റ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ എആർസി രച്‌നാ ഷാ കോഓർഡിനേറ്ററും കൺട്രോളർ വിശ്വനാഥൻ പിള്ള ജനറൽ കൺവീനറും അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ റീത്ത എസ് പ്രഭ ട്രഷററുമായി 14 അംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.