തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആവശ്യാനുസരണം സ്‌കാനിങ് യന്ത്രങ്ങളില്ലാത്തതിനാൽ നിർദ്ധന രോഗികൾക്ക് സ്‌കാനിങ്ങിന് വേണ്ടി മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നുവെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.

നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഒരു എം.ആർ. ഐ മെഷീനും മൂന്ന് സി.റ്റി മെഷീനുകളും മാത്രമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. ദിവസം 200 പേർ സ്‌കാനിങ്ങിന് വേണ്ടി എത്തുന്നുണ്ടെങ്കിലും 50 പേർക്ക് പോലും സ്‌കാനിങ്ങ് നടത്താൻ കഴിയാറില്ല. ബാക്കിയുള്ളവർ മാസങ്ങളോളം കാത്തിരിക്കണം. യന്ത്രങ്ങൾ കാലഹരണപ്പെട്ടതാണ്.

അടിയന്തിര സ്‌കാനിങ് ആവശ്യമുള്ളവർ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതായി മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറും പൊതു പ്രവർത്തകനായ ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിൽ പറയുന്നു.