- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോവിഡ് കേസുകൾ ഉയരുമ്പോൾ സർക്കാർ ആശുപത്രികളിലെ ഐസിയുകളും നിറയുന്നു; രാത്രികാല കർഫ്യൂകളും കൂടുതൽ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകുമ്പോൾ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഏകോപനച്ചുമതല; ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കണക്കുകൾ കുത്തനെ വർധിക്കുമ്പോൾ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് സംസ്ഥാന സർക്കാർ. സർക്കാർ ആശുപത്രികളിലെ ഐസിയു കിടക്കകളും നിറയുന്നു എന്ന റിപ്പോർട്ടും ആശങ്കയ്ക്ക് ഇട നൽകുന്നുണ്ട്. വെന്റിലേറ്റർ ക്ഷാമത്തിലേക്കു കടന്നിട്ടില്ലെങ്കിലും കേസുകൾ വർധിച്ചാൽ കടുത്ത വെല്ലുവിളിയാകും.
5 ജില്ലകളിലെ ആശുപത്രികളിൽ 70 ശതമാനത്തിലേറെ ഐസിയു കിടക്കകളിൽ കോവിഡ്, കോവിഡ് ഇതര രോഗികൾ കഴിയുന്നതായി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം വിലയിരുത്തി. തൃശൂരിൽ 89.01% കിടക്കകളിലും രോഗികളുണ്ട്. കൊല്ലം 85.3%, കണ്ണൂർ76.3%, ഇടുക്കി75.9%, മലപ്പുറം72.7% എന്നിങ്ങനെയാണ് ഐസിയുകളിലെ അവസ്ഥ. എല്ലാ ജില്ലകളിലുമായി 56.3% ഐസിയു കിടക്കകളിലും രോഗികളുണ്ട്. 26.1% വെന്റിലേറ്ററുകളിൽ രോഗികളുണ്ട്. സ്വകാര്യ ആശുപത്രികളിലെ 7468 ഐസിയുകളിൽ 743 കോവിഡ് ബാധിതരും 2432 വെന്റിലേറ്ററുകളിൽ 425 കോവിഡ് ബാധിതരും ചികിത്സയിലുണ്ട്
അതിനിടെ കോവിഡ് നിയന്ത്രണത്തിലാകാത്ത സാഹചര്യത്തിൽ നാളെ മുതൽ സംസ്ഥാനത്തു രാത്രികാല കർഫ്യൂ ഏർപ്പെടുത്തും. രാത്രി 10 മുതൽ രാവിലെ 6 വരെയാണു സമയം. ഇനി മുതൽ ലോക്ഡൗൺ ജനസംഖ്യാ അടിസ്ഥാനത്തിൽ പ്രതിവാര രോഗനിരക്ക് (ഐപിആർ) ഏഴിനു മുകളിലുള്ള പ്രദേശങ്ങളിലാക്കാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐപിആർ 8നു മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു ഇതുവരെ ലോക്ഡൗൺ.
ഞായറാഴ്ച്ചയായ ഇന്ന് സമ്പൂർണ ലോക്ക്ഡൗണാണ് ഏർപ്പെടുത്തുക. ഇന്നു അവശ്യ സേവനങ്ങൾക്കു മാത്രമാണ് അനുമതി. അവശ്യസാധന കടകൾ രാവിലെ 7 മുതൽ രാത്രി 7 വരെ. ദേവസ്വം റിക്രൂട്മെന്റ് ബോർഡ് പരീക്ഷയ്ക്കു മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്കാണു പ്രവേശനം. സ്ഥലപരിമിതിയുണ്ടെങ്കിൽ ആനുപാതികമായി എണ്ണം കുറയ്ക്കണം. മുൻനിര കോവിഡ് പ്രതിരോധ പ്രവർത്തകർക്കുള്ള അവശ്യ സർവീസുകൾ മാത്രമേ കെഎസ്ആർടിസി നടത്തൂ. സ്വകാര്യ ബസുകളില്ല. മദ്യവിൽപനശാലകൾ തുറക്കില്ല. ഇനിയുള്ള ഞായറാഴ്ചകളിലും സമ്പൂർണ ലോക്ഡൗൺ തുടരാനാണു തീരുമാനം.
അതേസമയം പുതിയ പ്രതിരോധതന്ത്രം ആവിഷ്കരിക്കാൻ ബുധനാഴ്ച വിദഗ്ധരെ പങ്കെടുപ്പിച്ചു യോഗം ചേരും. മെഡിക്കൽ കോളജുകളിലെ കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടർമാർ, സ്വകാര്യ ആശുപത്രി ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകൾ, ആരോഗ്യ വിദഗ്ദ്ധർ എന്നിവരെ പങ്കെടുപ്പിക്കും. തദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗം സെപ്റ്റംബർ മൂന്നിനു ചേരും. ആരോഗ്യ മന്ത്രിക്കു പുറമേ റവന്യു, തദ്ദേശ വകുപ്പു മന്ത്രിമാരും പങ്കെടുക്കും. ഐടിഐ പരീക്ഷ എഴുതേണ്ടവർക്കു മാത്രം പ്രാക്ടിക്കൽ ക്ലാസിന് അനുമതി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്കു പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. നാളെ ചുമതല ഏറ്റെടുക്കും. അഡീഷനൽ എസ്പിയായിരിക്കും ജില്ലാതല നോഡൽ ഓഫിസർ. ഇവർ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പോയി പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തും. സ്റ്റേഷൻ ഹൗസ് ഓഫിസർമാർ കടയുടമകളുടെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം വിളിക്കണം. കടകളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാനാണ് കടയുടമകളുടെ യോഗം. വാക്സീൻ എടുക്കാത്തവർ വളരെ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റസിഡന്റ്സ് അസോസിയേഷൻ യോഗങ്ങൾ. ഓരോ തദ്ദേശസ്ഥാപന പരിധിയിലും വാക്സീൻ നൽകിയതിന്റെ കണക്കെടുത്ത്, കുറവുകൾ പരിഹരിക്കാൻ നിർദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
അതിനിടെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്ന സമയത്ത് കർഫ്യൂ സമയത്ത് വ്യക്തികളുടെ സഞ്ചാരം കർശനമായി തടയും. ഇളവുകൾ ഇവയ്ക്കു മാത്രം അടിയന്തര ആശുപത്രി യാത്ര (കൂട്ടിരിപ്പിന് ഉൾപ്പെടെ), ചരക്കുവാഹനങ്ങൾ, അവശ്യസേവനമേഖലകളിലുള്ളവർ, അടുത്ത ബന്ധുവിന്റെ മരണത്തെത്തുടർന്നുള്ള യാത്ര, ദീർഘദൂര യാത്ര കഴിഞ്ഞു മടങ്ങുന്നവർ (യാത്രാരേഖ കാണിക്കണം). മറ്റുള്ളവർ അടുത്ത പൊലീസ് സ്റ്റേഷനിൽനിന്നു യാത്രാനുമതി വാങ്ങണം. വിശദ മാർഗനിർദേശങ്ങൾ ഇന്നു പുറത്തിറക്കും.
മറുനാടന് മലയാളി ബ്യൂറോ