കായിക പ്രതിഭകൾക്ക് മുന്നിൽ മുപ്പത്തിഅഞ്ചാമത് ദേശീയ ഗെയിംസിന്റെ വാതായനങ്ങൾ തുറക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ചില കാഴ്ചകളിലേക്ക്....

വേദി ഒന്ന് : 'ചെണ്ട കൊട്ടൽ'
സ്ഥലം : റെയിൽവെ സ്റ്റേഷനുകൾ

ഏഴ് ജില്ലകളിലായി നടക്കുന്ന കായിക മാമാങ്കത്തിനായി എത്തുന്ന താരങ്ങളെ സ്വീകരിക്കാൻ വേദികളുടെ സമീപമുള്ള റെയിൽവെസ്റ്റേഷനുകളിൽ സംഘടകസമിതി ' സ്വീകരണ കമ്മറ്റി'കളെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ജോലി ട്രെയിനിൽ എത്തുന്ന താരങ്ങളെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തേക്ക് ആനയിക്കുക. ഇനി യാഥാർഥ്യം.

12623-ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിൻ കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും സ്വീകരണ കമ്മറ്റി അംഗങ്ങളും മേളക്കാരും റെഡി. സ്വീകരണ കമ്മറ്റി അംഗങ്ങളുടെ പ്രായം ഇരുപതിനു താഴെ. എല്ലാവരുടേയും കൈയിൽ ഓരോ റോസാ പൂവുമുണ്ട്. ട്രെയിന് കഴക്കൂട്ടത്ത് സിഗ്നൽ ആയിട്ടും താരങ്ങൾ ഇറങ്ങാതായതോടെ സ്വീകരണ കമ്മറ്റിക്കാർ ആകെ അങ്കലാപ്പിലായി.

പിന്നെ ഓരോ കോച്ചിലും താരങ്ങളെ തപ്പി പ്ലാറ്റ്‌ഫോമിലൂടെ ഓട്ടം, തൊട്ടു പുറകെ ചെണ്ടയിൽ കോലുമായി മേളക്കാരും. ട്രെയിൻ നീങ്ങി കഴിഞ്ഞപ്പോഴാണ് സ്വീകരണ കമ്മറ്റിക്കാർ അറിയുന്നത് ഈ ട്രെയിനിൽ താരങ്ങളില്ലെന്ന്...സ്വീകരണ കമ്മറ്റിക്കാരുമായി സംസാരിച്ചപ്പോഴാണ് യാഥാർഥ്യം വെളിവായത് .' ഗെയിംസിനെത്തുന്നവരുടെ കാര്യങ്ങളൊന്നും അറിയില്ല, ട്രാക്ക് സ്യൂട്ടിട്ട് ട്രെയിൻ നിന്ന് ഇറങ്ങുന്നവരെ പൂ കൊടുത്ത് ചെണ്ട മേളത്തോടെ സ്‌റ്റേഷന് വെളിയിൽ എത്തിക്കണം ' ഇതാണ് സംഘാടക പുംഗവന്മാരുടെ നിർദ്ദേശം.

വേദി രണ്ട് : 'നെട്ടോട്ടം'
സ്ഥലം : തമ്പാനൂർ

തിരുവനന്തപുരം റെയിൽ സ്റ്റേഷനിലെ സ്വീകരണ കമ്മറ്റിയിലെത്തിയാൽ, താരങ്ങളെക്കാൾ വെപ്രാളം അവിടിരിക്കുന്ന സ്വീകരണകമ്മറ്റി അംഗങ്ങൾക്കാണ്. ഹിന്ദിയും തമിഴും തെലുങ്കും ഇംഗ്ലീഷും മലയാളവും എല്ലാം കൂടി സ്വീകരണ കമ്മറ്റി അംഗങ്ങളുടെ തലയ്ക്ക് വട്ട് പിടിച്ച അവസ്ഥയാണ്. താരങ്ങളെ സ്റ്റേഷനിൽ ചെണ്ട കൊട്ടി സ്വീകരിച്ച നേതാക്കളും ഉദ്യോഗസ്ഥപ്രമാണിമാരും ഫോട്ടോയ്ക്ക് പോസ് ചെയ്ത് സ്ഥലം വിട്ടാൽ താരങ്ങളുടെ ഗതി അധോഗതി.

അന്യസംസ്ഥാനങ്ങളിൽ എത്തുന്ന താരങ്ങളുടെ ചോദ്യങ്ങൾക്കു മുമ്പിൽ സ്വീകരണ കമ്മറ്റി അംഗങ്ങൾ പലപ്പോഴും ബധിരരായി മാറും. കായികതാരങ്ങളെ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കാൻ സ്റ്റേഷനു വെളിയിൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ട്. പക്ഷെ താരങ്ങൾക്ക് പലപ്പോഴും ഉപകാരപ്പെടില്ലെന്നു മാത്രം. റെയിൽവെസ്റ്റേഷനിൽ ഗെയിംസിന് എത്തുന്നവരെ സ്വീകരിക്കുന്നവർക്ക് വ്യക്തമായ നിർദ്ദേശം നൽകാത്തതാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കായികതാരങ്ങളെ വലയ്ക്കുന്നത്. താമസസൗകര്യം ഏർപ്പെടുത്തുന്നതിലുള്ള അപാകതകളും ദിവസങ്ങൾ യാത്ര ചെയ്തു വരുന്നവരെ ബുദ്ധിമുട്ടിക്കുന്നതായി താരങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഇനി 'മുഖ്യവേദി'യായ മേനംകുളത്തേക്ക്.......

'മിനിയേച്ചർ ഇന്ത്യ' എന്ന് ദേശീയ ഗെയിംസ് സംഘാടകർ വിശേഷിപ്പിച്ചിരിക്കുന്ന ഗെയിംസ് വില്ലേജ് മേനംകുളത്താണ് . 2014ൽ ഡിസംബർ 14ന് പൂർത്തിയാക്കുമെന്നാ.ിരുന്നു അവകാശവാദം. ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കെ മേനംകുളത്തിന്റെ തൽസ്ഥിതി അറിയാൻ ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി. ' എല്ലാം പൂർത്തിയായല്ലോ, ഇനി ചില്ലറ വർക്കുകൾ മാത്രം....എസി, വാട്ടർ, ബാത്ത്‌റൂം പ്രശ്‌നങ്ങൾ മാത്രം...അതൊക്കെ മിനുക്കുപണിയല്ലേ, പെട്ടെന്ന് അങ്ങ് തീർക്കാമല്ലോ.

'ഇപ്പൊ ശരിയാക്കാ'മെന്ന പറയുന്ന പപ്പുവിന്റെ റോളാണ് സംഘാടക സമിതിയിലെ പല ഉദ്യോഗസ്ഥർക്കും. ഗെയിംസിന്റെ വെബ്‌സൈറ്റിൽ ഗെയിംസ് വില്ലേജിനെ കുറിച്ചുള്ള വർണനകൾ വായിച്ചാൽ, മറ്റേതോ രാജ്യത്തെ ഗെയിംസ് വില്ലേജിൽ പോയ ഉദ്യോഗസ്ഥന്റെ ഓർമയിൽ നിന്ന് എഴുതിയാകാനാണ് സാധ്യത. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ദേശീയ ഗെയിംസിന്റെ മിനുക്കൽ ഇതുവരെയും പൂർത്തിയാകാത്ത സാഹചര്യത്തിൽ എന്താകുമെന്ന് കണ്ടു തന്നെ അറിയാം.

വാൽക്കഷണം : കോമൺവെൽത്ത് ഗെയിംസിനും ജാർഖണ്ഡ് ഗെയിംസിനും തുടക്കം 'ജയ് ഹോ' വിളിച്ച മാദ്ധ്യമ ശിങ്കിടികൾ സർക്കാരിനെയും സംഘാടകരെയും തിരിഞ്ഞു കൊത്തിയത് ഓർക്കുന്നത് നല്ലത്.