കൊച്ചി: കേരളത്തിലെ കോടതികളിൽ നിലനിൽക്കുന്ന മാദ്ധ്യമ-അഭിഭാഷക തർക്കം ഉടൻ പരിഹരിക്കപ്പെടും. മാദ്ധ്യമ മുതലാളിമാരുടേയും പത്രപ്രവർത്തക യൂണിയന്റേയും കരുതലോടെയുള്ള നീക്കമാണ് ഇതിന് കാരണം. കോടതിയിൽ അഭിഭാഷകർ മാദ്ധ്യമ പ്രവർത്തകരെ തടയുന്നുവെന്ന മാദ്ധ്യമ മുതലാളിമാരുടെ പരാതി ഗൗരവത്തോടെയാണ് രാഷ്ട്രപതി കാണുന്നത്. ഇക്കാര്യത്തിൽ ഹൈക്കോടതിയോട് രാഷ്ട്രപതി വിശദീകരണം തേടുമെന്നാണ് സൂചന. ഒരു കോടതിക്കും മാന്യമായി റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമ പ്രവർത്തകരെ തടയാനാകില്ല. ആ അവകാശം നേടിയെടുക്കാനാണ് മാദ്ധ്യമ മതുലാളിമാർ രാഷ്ട്രപതിയെ കണ്ടത്. ഇതിനൊപ്പം സുപ്രീംകോടതിയിൽ വിഷയത്തെ മൗലികാവകാശത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് റിട്ട് നൽകിയ പത്രപ്രവർത്തക യൂണിയന്റെ നടപടിയും ശ്രദ്ധേയമാണ്. വാർത്ത എഴുതി അഭിഭാഷകരെ തോൽപ്പിക്കാമെന്ന പ്രതീക്ഷ പൊളിഞ്ഞതോടെയാ് കരുതലോടെയുള്ള നിയമ വഴിയിലേക്ക് മാദ്ധ്യമ കൂട്ടായ്മ മാറിയത്.

പത്രപ്രവർത്തക യൂണിയനും മാദ്ധ്യമ മുതലാളിമാരും തമ്മിൽ അത്ര നല്ല ബന്ധത്തിലല്ലായിരുന്നു. ഇതും പരിഹരിക്കപ്പെടുകയാണ്. കേരള പത്രപ്രവർത്തക യൂണിയന്റെ വാർത്തകളൊന്നും മാതൃഭൂമി നൽകുക പതിവില്ലായിരുന്നു. എന്നാൽ പത്രപ്രവർത്തക യൂണിയന്റെ കൊച്ചി സമ്മേളന വാർത്ത മാതൃഭൂമി നൽകിയിരുന്നു. മാതൃഭൂമിയിൽ നിന്ന് സസ്‌പെന്റ് ചെയ്ത പി നാരായണൻ പത്രപ്രവർത്തക യൂണിയന്റെ ജനറൽ സെക്രട്ടറിയായതോടെയായിരുന്നു ഇത്. എന്നാൽ കഴിഞ്ഞ ദിവസത്തെ സമ്മേളന വാർത്തയിൽ നാരായണന്റെ പേരു പോലും നൽകി. പത്രപ്രവർത്തക യൂണിയനും മാദ്ധ്യമ മുതലാളിമാരുടെ സംഘടനയും ഒരുമിച്ചതിന്റെ സൂചനയായിരുന്നു ഇത്. ഏഷ്യാനെറ്റ് എഡിറ്ററായ എംജി രാധാകൃഷ്ണനും പത്രപ്രവർത്തക യൂണിയനിലെ പ്രധാന നേതാവായിരുന്നു. ഈ ബന്ധവും പ്രശ്‌ന പരിഹാരത്തിലേക്ക് കാര്യങ്ങളെത്തിച്ചു. ഇതോടെ ഇരുവരും ഒരുമിച്ച് നീങ്ങാൻ തീരുമാനിച്ചു. ഇതാണ് വിവേകത്തോടെയുള്ള നീക്കത്തിന് കാരണം.

കേരള ഹൈക്കോടതിയിൽ മാദ്ധ്യമപ്രവർത്തകരെ വിലക്കിയ സംഭവം ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പ്രതികരിച്ചു കഴിഞ്ഞു. കേരളത്തിൽ കോടതികളിൽ മാദ്ധ്യമപ്രവർത്തകർക്ക് പ്രവേശിക്കാനോ, വാർത്ത ശേഖരിക്കാനോ സാധ്യമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപെടുത്തി. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടികളാണ് ഒരു വിഭാഗം അഭിഭാഷകരുടെ ഭാഗത്തുനിന്ന് ആവർത്തിച്ച് ഉണ്ടാകുന്നത്. ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലെ തീരുമാനത്തിന് ശേഷവും വനിതാ മാദ്ധ്യമപ്രവർത്തകരടക്കമുള്ളവരെ അഭിഭാഷകർ തടഞ്ഞു. നിയമവാഴ്ച ഹൈക്കോടതിയിൽതന്നെ പരാജയപ്പെടുന്ന സാഹചര്യം ഏറെ വേദനിപ്പിക്കുന്നു. മാദ്ധ്യമസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനയുടെ കാവലാളാണെന്ന നിലക്ക് പ്രശ്‌നത്തിൽ ഇടപെടണമെന്ന് രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഹെക്കോടതിയിലും കീഴ്‌ക്കോടതിയിലും വാർത്തകൾ ശേഖരിക്കാൻ വേണ്ട അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കേരളാ പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലേയും കീഴ്‌ക്കോടതികളിലേയും അടച്ചിട്ട മീഡിയാറൂമുകൾ തുറക്കാൻ ഹൈക്കോടതി രജിസ്ട്രാറോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിമുറിയിലും പരിസരത്തും മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ഭരണഘടനാവ്യവസ്ഥകളുടെ ലംഘനമാണെന്നും അഡ്വ. വിൽസ് മാത്യു മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു. ജൂലൈയിൽ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ഗവ. പ്ലീഡറെ അറസ്റ്റ് ചെയ്തതിന് ശേഷം മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ നിരന്തരം സംഘർഷങ്ങൾ നടക്കുന്നുണ്ട്.

ഇതേതുടർന്നാണ് മീഡിയാ റൂമുകൾ അടച്ചിടാൻ ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിട്ടത്. എന്നാൽ, സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും തർക്കങ്ങൾ പരിഹരിക്കാൻ ആവശ്യമായ നടപടികളുണ്ടായില്ല. പത്രപ്രവർത്തകർക്ക് വാർത്തകൾ ശേഖരിക്കാനും ഒന്നിച്ചിരിക്കാനുമാണ് കോടതി പരിസരങ്ങളിൽ മീഡിയാ റൂമുകൾ സ്ഥാപിച്ചിട്ടുള്ളത്. മാസങ്ങൾക്ക് മുമ്പ് നടന്ന സംഘർഷത്തിന്റെ പേരിൽ അടച്ചിട്ട മീഡിയാ റൂമുകൾ ഇപ്പോഴും തുറക്കാത്തത് ശരിയല്ല. കോടതിവിധികളും നടപടിക്രമങ്ങളും പൊതുജനങ്ങളിലെത്തിക്കുന്നതിൽ മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. നീതിന്യായ വ്യവസ്ഥിതിയുടെ തന്നെ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് മാദ്ധ്യമങ്ങളുടെ ഇടപെടൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കുന്നു.

ഈ വസ്തുതകൾ വിസ്മരിച്ച്, ഒരുകൂട്ടം അഭിഭാഷകരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാദ്ധ്യമങ്ങളെ അകറ്റിനിർത്തുന്നത് അനീതിയാണ്. ഹൈക്കോടതി അഭിഭാഷകരും ജഡ്ജിമാരും ജീവനക്കാരും ഉൾപ്പെട്ട സംഭവമായതിനാൽ, ഈ വിഷയത്തിൽ സുപ്രീംകോടതി അടിയന്തരമായി ഇടപെടണമെന്നും റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനസർക്കാരിനേയും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയേയും കേസിൽ കക്ഷിചേർത്തിട്ടുണ്ട്. ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കാൻ ശ്രമിച്ചെങ്കിലും, അവിടുത്തെ അഭിഭാഷകർ കേസ് ഏറ്റെടുക്കാൻ വിമുഖത കാണിച്ചതിനെ തുടർന്നാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യേണ്ട സാഹചര്യമുണ്ടായതെന്ന് അഭിഭാഷകൻ വിൽസ്മാത്യു പ്രതികരിച്ചു. കേരളാഹൈക്കോടതിയിലെ പുതിയ ചീഫ്ജസ്റ്റിസ് മോഹൻ എം ശന്തനഗൗഡറും രജിസ്ട്രാറും മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് പ്രസ്താവിച്ചിരുന്നു. എന്നാൽ സപ്തംബർ 30ന് ഹൈക്കോടതിയിലെത്തിയ മാദ്ധ്യമപ്രവർത്തകരെ ചില അഭിഭാഷകർ തടഞ്ഞതിനെ തുടർന്നാണ് വീണ്ടും പ്രശ്‌നങ്ങൾ തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നാണ് വാദം. ഈ റിട്ട് ഹർജി ഏറെ പ്രധാനപ്പെട്ടതാണ്. മാൻഡമസ് വിഭാഗത്തിൽപ്പെടുത്തിയാണ് ഇത് നൽകിയത്.

നിയമപരമായ അവകാശം നിഷേധിക്കപ്പെടുമ്പോഴാണ് മാൻഡമസ് ഹർജി നൽകേണ്ടത്. പൊതു പ്രവർത്തകർക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കുമെതിരെയാണ് ഈ ഹർജിയിൽ സുപ്രീംകോടതി തീർപ്പ് കൽപ്പിക്കുക. നിയമപരമായ ജോലിക്ക് തടസ്സം വരുമ്പോഴാണ് വ്യക്തികളോ സ്ഥാപനങ്ങളോ ഇത്തരം ഹർജിയുമായി എത്തുക. ഗൗരവത്തോടെ മാത്രമേ ഇത്തരം കേസുകളിൽ സുപ്രീംകോടതി പരിശോധന നടത്തുകയുള്ളൂ. ഹൈക്കോടതിയിൽ മീഡിയാ റൂം എന്നത് പത്രപ്രവർത്തകരുടെ അവകാശമല്ല. എന്നാൽ തൊഴിൽ പരമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഹൈക്കോടതി തന്നെയാണ് അനുവദിച്ചത്. അതുകൊണ്ട് തന്നെ പിന്നീട് മറ്റേതെങ്കിലും പ്രശ്‌നത്തിന്റേ പേരിൽ ഇത് നിഷേധിക്കാൻ കഴിയുകയില്ലെന്നാണ് പത്രപ്രവർത്തക യൂണിയൻ സുപ്രീം കോടതിയിൽ നിലപാട് എടുത്തത്. മീഡിയാ റൂം തുറക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമായ സാഹചര്യത്തിലായിരുന്നു നീക്കം. ഇത് ഫലം കണാനിടയുണ്ടെന്ന് പ്രമുഖ അഭിഭാഷകരും വിലയിരുത്തുന്നു.

ഇതിനൊപ്പമാണ് മാദ്ധ്യമ മുതലാളിമാർ രാഷ്ട്രപതിയെ കണ്ടത്. വിഷയത്തിൽ ഇടപെടൽ നടത്തുമെന്ന് രാഷ്ട്രപതി വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവികമായും ഹൈക്കോടതിയിൽ നിന്ന് രാഷ്ട്രപതി വിശദീകരണം ചോദിക്കും. അതിന് ശേഷം നൽകുന്ന നിർദ്ദേശത്തെ അവഗണിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് കഴിയുകയുമില്ല. അഭിഭാഷകരെ കോടതിയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് തന്നെ രാഷ്ട്രപതി ഹൈക്കോടതിയെ അറിയിക്കും. മാദ്ധ്യമ പ്രവർത്തകർക്ക് റിപ്പോർട്ടിങ് സ്വാതന്ത്ര്യം അനുവദിക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. എന്നാൽ പ്രശ്‌നങ്ങളുണ്ടാക്കിയ എട്ട് പേരെ കേറ്റില്ലെന്ന് അഭിഭാഷകർ പറയുന്നു. എന്നാൽ കുറ്റം ചെയ്ത അഭിഭാഷകർ കോടതിയിൽ വാദത്തിന് എത്തുന്നുമുണ്ട്. മാദ്ധ്യമ പ്രവർത്തകരും അഭിഭാഷരും ജോലി നോക്കാനാണ് എത്തുന്നത്. അതുകൊണ്ട് തന്നെ അഭിഭാഷകരുടെ വിലക്ക് ഭീഷണി നിലനിൽക്കില്ല. സുപ്രീംകോടതിയും രാഷ്ട്രപതിയും നൽകുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ അത് വലിയ നിയമപ്രശ്‌നമാവുകയും ചെയ്യുമെന്ന് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരും പറയുന്നു.

അത്തരം ഒരു ഇടപെടൽ ഉണ്ടാകുന്നതിന് മുമ്പ് പ്രശ്‌ന പരിഹാരത്തിന് അഭിഭാഷകരും ശ്രമിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കേറ്റ് ജനറൽ സുധാകർ പ്രസാദിനെ പ്രശ്‌ന പരിഹാരത്തിന് നിയോഗിച്ചിട്ടുണ്ട. സുധാകർ പ്രസാദ് പ്രശ്‌നങ്ങളിൽ എടുക്കുന്ന നിലപാടിനെ അഭിഭാഷകർ അംഗീകരിക്കും. പിടിവാശി തുടരുകയും സുപ്രീംകോടതി ഉത്തരവ് എതിരാവുകയും ചെയ്താൽ അത് അഭിഭാഷക സമൂഹത്തിന് ആകെ തിരിച്ചടിയാകും. ഇത് അവരേയും അങ്കലാപ്പിലാക്കുന്നു. അതുകൊണ്ട് തന്നെ ഉടൻ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.